Monday 27 January 2014

ബിയറില്‍ ഭേദം Carlsberg തന്നെ, പ്രകൃതി സംരക്ഷണത്തില്‍ ടാറ്റയും

'നാടന്‍ ടൂറിസ്റ്റുകള്‍' എന്ന് നാവ് പറയുമ്പോഴേക്കും മനസ്സില്‍ വരുന്ന ചിത്രം എന്തായിരിക്കും? പൊരി വെയിലത്ത്‌ ഒറ്റയടിക്ക് രണ്ടു ബിയറടിച്ച്, ലഹരി പതുക്കെ തലയില്‍ ഇഴഞ്ഞു കയറുമ്പോള്‍, മുണ്ടൂരി തലയില്‍ കെട്ടി ഡാന്‍സ്‌ ചെയ്യുന്ന പഹയന്മാരുടെ കോലമല്ലേ? തലയിലും വയറ്റിലും ഓളം വെട്ടി നില്‍ക്കുന്ന ഇവന്മാര്‍ക്ക് ഓരോ ബിയറിന്‍റെയും ഗുണഗണങ്ങളെപ്പറ്റി എന്തറിയാം? ഓരോന്നിലും ആല്‍കഹോള്‍ എത്രയുണ്ടെന്ന് മാത്രം അറിയാമായിരിക്കും. അത്ര തന്നെ.

ഇവന്മാരുടെ ശല്യം ഏറ്റവും അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്ന് എന്‍റെ സ്വന്തം നാട് - ഇടുക്കി. നേര്യമംഗലം പാലം കഴിഞ്ഞു കാട്ടില്‍ കയറുമ്പോള്‍ തുടങ്ങും ഇവന്മാരുടെ ശല്യം. തണ്ണി അടിച്ചാല്‍ കുപ്പി നേരെ റോഡു സൈഡിലേക്ക് ഒറ്റ ഏറാണ്. അടിമാലി എത്തും മുന്‍പേ ചീയപ്പാറ, വാളറ എന്നീ സുന്ദരന്‍ വെള്ളച്ചാട്ടങ്ങള്‍ ഈ പഹയന്മാര്‍ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് പകരം അവിടുത്തെ ഓലക്കെട്ടിടങ്ങളിലെ കച്ചവട സാധനങ്ങളും പരിസരത്തെ ചപ്പും ചവറും ആയിരുന്നു ശ്രദ്ധയില്‍പ്പെട്ടത്. ഈ അലമ്പെല്ലാം കണ്ടു വെള്ളച്ചാട്ടം എന്നേ താഴെച്ചാടി ആത്മഹത്യ ചെയ്തിരുന്നു!

മൂന്നാറിലെ എക്കോ പോയിന്‍റ് ഇതേപോലെ തിരികെ വരാത്തവിധം നശിച്ചുപോയ മറ്റൊരിടം. അവിടെ പണ്ട് വല്ല കാരറ്റ്‌ കച്ചവടക്കാരും ചാക്കില്‍ നിരത്തിവച്ച് വില്പന നടത്തുകയും അത് വൈകുന്നേരം മടക്കി എടുത്തു വീട്ടില്‍ കൊണ്ട് പോവുകയും ആയിരുന്നു പതിവ്. അവിടം മുഴുവന്‍ ഇപ്പോള്‍ ഒന്നര ആള്‍ പൊക്കത്തില്‍, ദൃശ്യ ഭംഗി മുഴുവനും നശിപ്പിക്കുന്ന വിധത്തില്‍ ഷെഡ്‌ കെട്ടി കച്ചവടക്കാര്‍ കയ്യടക്കി കഴിഞ്ഞു. ഇപ്പോള്‍ അവിടെ കിട്ടാനില്ലാത്തത് പ്രകൃതി സൌന്ദര്യം മാത്രം.

വികസനത്തില്‍ രാഷ്ട്രീയം ഇല്ലാ എന്നത് മൂന്നാറിന്‍റെ കാര്യത്തില്‍ ശരിയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്ന് ചേര്‍ന്ന് അവിടം കയ്യേറി. എക്കോ പോയിന്‍റിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥലത്തില്‍ പെട്ടതാണ് അതും എന്ന വാദത്തില്‍ അവിടെ നടന്ന ആദ്യകാല കയ്യേറ്റങ്ങള്‍ പഴയൊരു ഡി എഫ്‌ ഓ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ കുറേക്കാലം മുന്‍പ് രണ്ടു സര്‍വ്വേകള്‍ നടത്തിയപ്പോള്‍ ഇതൊരു പുറംപോക്കാണെന്ന് സമീപവാസികള്‍ക്ക് മനസ്സിലായി. അതോടെ എക്കോ പോയിന്‍റ് നശിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെ ജനം ഇടിച്ചു കയറി കടകള്‍ സ്ഥാപിച്ചു ടൂറിസ്ടുകള്‍ക്ക് കളറ് കലക്കിയ സ്ട്രോബെറി ജ്യൂസും കരവിരുതില്ലാത്തവര്‍ ഉണ്ടാക്കിയ 'കരകൌശല' വസ്തുക്കളും വിറ്റു തുടങ്ങി.

മൂന്നാറിനെ സ്നേഹിക്കുന്നവര്‍ക്ക് അച്ചുതാനന്ദന്‍റെ നടപടികളും പിണറായി ഉള്‍പ്പെടുന്ന മരുപക്ഷത്തിന്‍റെ ഒളിച്ചു കളികളും ഇഷ്ടപ്പെടില്ല. അച്ചുതാനന്ദന്‍ ടാറ്റയെ ഒതുക്കാന്‍ പോയപ്പോള്‍ ഒരുകാര്യം ഓര്‍മിക്കണമായിരുന്നു - അവരുടെ കയ്യില്‍ അല്ലായിരുന്നെങ്കില്‍ മൂന്നാര്‍ ഇപ്പോള്‍ എന്താകുമായിരുന്നു? കുറഞ്ഞത് കുളപ്പാറച്ചാലിന്‍റെ ഗതി ആകുമായിരുന്നു. കുളപ്പാറച്ചാല്‍ മൂന്നാറിന് അങ്ങേ മലയിലുള്ള, ഒരു പ്രദേശം. കുടിയേറ്റ ഗ്രാമം. എങ്ങും വാടി നില്‍ക്കുന്ന കുരുമുളക് കൊടികളും പകുതി പള്ള കയറി നില്‍ക്കുന്ന കൃഷി ഇടങ്ങളും. പണ്ട് ജനം കുടി ഏറുന്നതിനു മുന്‍പ് രസികന്‍ കാടുകളായിരുന്നു ഇവിടം. ടാറ്റയുടെ സ്ഥലം ജനത്തിന് കൊടുത്താല്‍.............?

പിണറായി ഉള്‍പ്പെടുന്ന CPM, CPI നേതാക്കള്‍ക്ക് പറ്റിയതും അബദ്ധം തന്നെ. അവര്‍ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. കുടിയേറ്റം അധികൃതമായാലും അല്ലെങ്കിലും പ്രകൃതിയുടെ നാശത്തില്‍ അവസാനിക്കും. ടാറ്റ അവരുടെ തോട്ടങ്ങളില്‍ മഴക്കാലത്ത് ശക്തിയുള്ള കുമിള്‍ നാശിനി അടിക്കുന്ന വിവരം എനിക്കറിയാം, വഴിയരുകിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് മനോഹാരിത മാത്രമേ ഉള്ളുവെന്നും എനിക്കറിയാം. എങ്കിലും ഇപ്പോള്‍ നിലവില്‍ നമ്മുടെ മുന്നിലുള്ള വിവിധ പോം വഴികളില്‍ ഏറ്റവും മെച്ചം മൂന്നാര്‍ മുഴുവനായി ടാറ്റക്ക് വിട്ടുകൊടുക്കുകയാണ്. മറ്റൊരു കാര്യം കൂടി ചെയ്യണം - അവിടെയുള്ള അവരുടെ മാനേജര്‍മാരുടെ കെട്ടിടങ്ങള്‍ ടൂറിസ്റ്റ്‌ ഉപയോഗത്തിന് വിട്ടു കൊടുക്കാന്‍ ചട്ടം ഭേദഗതി ചെയ്യണം. കൂടാതെ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ അനുവദിക്കുകയും അവയെല്ലാം പഴയ, സായിപ്പന്മാര്‍ പണിത മാതൃകയില്‍ വേണമെന്നും നിഷ്കര്‍ഷിക്കുക. ഈ കെട്ടിടങ്ങള്‍ സ്ഥല സൌന്ദര്യത്തിനു കോട്ടം ഇല്ലാത്ത രീതിയില്‍ ഒതുങ്ങി വേണം നിര്‍മിക്കാന്‍. ഇതോടെ മൂന്നാറിന്‍റെ നാശത്തിനു അല്‍പം ശമനം ഉണ്ടാകും.

ടാറ്റ ലാഭം പ്രതീക്ഷിക്കുന്ന ഒരു സംഘടന. അവരോടു നിബന്ധന പാലിക്കാന്‍ പറയാന്‍ എളുപ്പമാണ്, ഒരാളോട് പറഞ്ഞാല്‍ മതിയല്ലോ. അച്ചു മാമ പറഞ്ഞപോലെ ഇത് ജനത്തിന് വിട്ടുകൊടുത്താല്‍ അവിടെ വെക്കുന്നത് മുഴുവനും യാതൊരു സൌന്ദര്യ ബോധവും ഇല്ലാത്ത മേസ്തിരിമാര്‍ പണിത അലവലാതി കെട്ടിടങ്ങള്‍ ആകും. ഇനി ലോക്കല്‍, മറുനാടന്‍ മൊതലാളി മാരെ കയറൂരി വിട്ടാല്‍ അഞ്ഞൂറ് കാശുകാര് കൂടി അമ്പതിനായിരം ഷേപ്പിലുള്ള കെട്ടിടങ്ങള്‍ പണിതു കൂട്ടും. ഒള്ളതില്‍ ഭേദം ആരാ?

ഓഫ്‌ ടോപ്പിക്ക്: ഇന്ത്യാക്കാരനായ കരന്‍ ബിലിമോറിയ വരുന്നത് വരെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹോട്ടലുകളില്‍ വിറ്റിരുന്നത് Carlsberg എന്ന ബിയര്‍ ആയിരുന്നു. അദ്ദേഹം കോബ്ര എന്ന സാധനം ഇറക്കി ഈ ഡാനിഷ് ബിയറിനെ അടിച്ചൊതുക്കി. എങ്കിലും Carlsberg എങ്ങിനെ ഈ വിധത്തില്‍ ദേശി കടകളില്‍ പ്രിയമായി എന്നത് അറിഞ്ഞിരിക്കുക. 1927 ലണ്ടനിലെ സ്വാലോ സ്ട്രീറ്റില്‍ Veeraswamy എന്നൊരു കട തുടങ്ങി. ഇന്ത്യന്‍ ഭക്ഷണം. ഇത് കോപ്പന്‍ഹേഗനിലെ രാജാവിന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം സ്വദേശത്തു തിരിച്ചു ചെന്നപ്പോള്‍ ഒരു കേസ് Carlsberg ഈ കട ഉടമക്ക് അയച്ചു കൊടുത്തു. എല്ലാ വര്‍ഷവും പതിവ് തുടര്‍ന്ന്. ആഗോളീകരണം നടന്നപ്പോള്‍ ഈ ബിയര്‍ ബ്രിട്ടനില്‍ ലഭ്യമായി. അതോടെ കടക്കാര്‍ അത് വിപുലമായി സ്റ്റോക്ക്‌ ചെയ്തു തുടങ്ങി.

കാലം കടന്നു പോയപ്പോള്‍ കടയിലെ പാചകക്കാര്‍ വിട്ടുപോയി പുതിയ കടകള്‍ ആരംഭിച്ചു. തങ്ങളുടെ കടയിലും വഴിതെറ്റി ഏതെങ്കിലും രാജാവ് വരുമെന്നും അദ്ദേഹത്തിന് ഭക്ഷണം ഇഷപ്പെടുമെന്നും ഉള്ള വിദൂര പ്രതീക്ഷയില്‍ അവര്‍ Veeraswamyയിലെ അതേ മെനു അടിച്ചു മാറ്റി, ഒപ്പം Carlsbergഉം. 'We have to have Carlsberg' എന്നാണ് പുതുതായി ജനിച്ച കട ഉടമസ്ഥര്‍ ഇതേപ്പറ്റി പറഞ്ഞിരുന്നത്. ഇത് കേട്ടപ്പോള്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടകളാണ് എനിക്ക് ഓര്‍മ വന്നത് - കോഴിക്കോട്, വയനാട് റൂട്ടില്‍, ഒരു കുഗ്രാമത്തില്‍ ദേശീയ പാതയ്ക്ക് ഇരുവശവും ആകെ 240 കടകള്‍. അതില്‍ 130 എണ്ണം സ്വര്‍ണക്കടകള്‍! കോപ്പി അടിയുടെ അങ്ങേയറ്റം!!

No comments:

Post a Comment