Monday, 27 January 2014

നമുക്ക് നാണക്കേട്‌, അവര്‍ക്കത് അഭിമാനം

ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആസ്ഥാനം, 1817

പ്രാന്തിപ്പശുവിന്‍റെ സ്വഭാവമല്ലേ നമുക്ക്, ഈസ്റ്റ്‌ ഇന്ത്യ കമ്പനി എന്ന് കേള്‍ക്കുമ്പോള്‍? എന്നാല്‍ സായിപ്പന്മാര്‍ക്ക് ഇത് ഇന്നും അവരുടെ ഇഷ്ട പൈതൃകങ്ങളില്‍ ഒന്ന്. ഈ നിഗമനത്തില്‍ എന്നെ എത്തിച്ചത് Jonathan Mantle എഴുതിയ 'Companies that Changed the World' എന്ന ഗ്രന്ഥം. കഴിഞ്ഞ വര്‍ഷം വിപണിയില്‍ ഇറങ്ങിയ ഇതില്‍ ലോകത്തെ മാറ്റിമറിച്ച അന്‍പത് കമ്പനികളുടെ കഥകളുണ്ട്. അതില്‍ ആദ്യ അദ്ധ്യായത്തിന്‍റെ തലക്കെട്ട്‌ ഇങ്ങിനെ ആയിരുന്നു - 'The Honourable East India Company'.

പണ്ട് കടല്‍ അടക്കി വാണിരുന്ന സ്പാനിഷ്‌ പടക്കപ്പലുകളെ (Spanish Armada) തോല്‍പ്പിച്ച ശേഷം 1600ല്‍ എലിസബത്ത് രാജ്ഞി ഒരു അനുവാദം നല്‍കി. ലണ്ടനിലെ കച്ചവടക്കാരുടെ കമ്പനിക്ക് ഇരുപത്തൊന്നു വര്‍ഷത്തേക്ക് ഈസ്റ്റ്‌ ഇന്‍ഡീസില്‍ കച്ചവടം നടത്താനുള്ള അനുവാദം. അങ്ങിനെ East India Company പിറന്നു. ആദ്യ കാല joint-stock കമ്പനികളില്‍ ഒന്ന് - 125 ഓഹരി ഉടമകള്‍, £72,000 മൂലധനം.

കടല്‍ മാര്‍ഗമുള്ള കച്ചവടത്തില്‍ ഡച്ച്‌കാരുമായി ഇവര്‍ മത്സരിച്ചു. ആദ്യ രണ്ട് യാത്രകള്‍ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ തന്നെങ്കില്‍ 1608ലെ മൂന്നാം യാത്രയില്‍ ഇന്ത്യ എത്തിയതോടെ ഭാഗ്യം തെളിഞ്ഞു - ലാഭം തേടി എത്തിയ കമ്പനിയാളുകളുടെ കൈകളില്‍ പോകെപ്പോകെ ഒരു ഭൂഖണ്ഡത്തിന്‍റെ ജാതകം മാറ്റി എഴുതാനുള്ള അധികാരം വീണു കിട്ടി, അല്ലെങ്കില്‍ അവര്‍ അത് കുത്തിത്തിരുപ്പുകളിലൂടെ സ്വന്തമാക്കി.

ആ നൂറ്റാണ്ട്‌ അവസാനിച്ചപ്പോഴേക്കും കമ്പനി സ്വന്തമായി സൈന്യത്തെ സംഘടിപ്പിച്ചിരുന്നു. പടക്കപ്പലുകള്‍, ഭരണകര്‍ത്താക്കള്‍, ചുങ്കപ്പിരിവുകാര്‍, കോടതികള്‍, സ്വന്തം നാണയങ്ങള്‍.... കമ്പനി വളര്‍ന്നു, ഇന്ത്യ തളര്‍ന്നു.

അക്കാലത്താണ് 'divide and rule' കലാപരിപാടി ശീമക്കാര്‍ നമ്മുടെ നാട്ടില്‍ ആദ്യം പയറ്റിയത്. അത് വിജയിച്ചു. അക്കാലത്ത് ഇന്ത്യ കൈവശപ്പെടുത്താന്‍ മോഹവുമായി മറ്റു രാജ്യങ്ങള്‍ എത്തി - ഡെന്മാര്‍ക്ക്, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഫ്രാന്‍സ്‌, നെതര്‍ലാന്‍റ് എന്നിവ. എല്ലാനേയും കമ്പനി ഒതുക്കി, കൂട്ടത്തില്‍ മറ്റൊരു ഇംഗ്ലീഷ് കമ്പനിയെയും.

ലണ്ടനിലെ കമ്പനി ആസ്ഥാനം ഒരു കാഴ്ച ആയി മാറി, അതിനുള്ളില്‍ വമ്പന്‍ ലൈബ്രറിയും അമൂല്യ വസ്തുക്കളും. ടിപ്പുവിന്‍റെ വ്യാഘ്രം അതില്‍ ഒന്നായിരുന്നു. വീണു കിടക്കുന്ന വെള്ളക്കാരന്‍ പടയാളിയെ കടിച്ചു കീറുന്ന കടുവ. ഇതിന്‍റെ കൈപ്പിടി ചുറ്റിച്ചാല്‍ പടയാളി ഒരു കൈ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടെ കരയും, മൃഗം മുരളും. 1808 മുതല്‍ കമ്പനി സൂക്ഷിച്ചിരുന്ന ഈ രസികന്‍ contraption (കുന്ത്രാണ്ടം) ഇപ്പോള്‍ Victoria and Albert Museumത്തില്‍.

ടിപ്പുവിന്‍റെ കടുവ

കമ്പനി കണ്ടെത്തിയ സൌഭാഗ്യങ്ങള്‍ അതിന്‍റെ ജീവനക്കാരുടെ ജീവിത ശൈലിയിലും പ്രതിഫലിച്ചു. പത്തു വര്‍ഷം ജോലി നോക്കിയാല്‍ സ്വന്തം നാട്ടിന്‍ പുറത്ത് എസ്റ്റേറ്റും കൂറ്റന്‍ വീടും പണിയാം, വീടിനുള്ളില്‍ ഇന്ത്യയില്‍ നിന്നടിച്ചു മാറ്റിയ കൌതുക വസ്തുക്കളും. ഇങ്ങിനെ ഒരു കക്ഷി ആയിരുന്നു നവാബ് Sir Charles Cockerell. അദ്ദേഹം ബ്രിട്ടനിലെ ഗ്ലസ്റ്റര്‍ഷയറില്‍ Sezincote estate വാങ്ങിയ ശേഷം അതിലൊരു വീട് പണിയിച്ചു - മുഗള്‍ ശൈലിയില്‍, കൃത്യമായി പറഞ്ഞാല്‍ Indo-Saracenic. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയില്‍ സര്‍വേയര്‍ ആയിരുന്ന സഹോദരനായിരുന്നു ശില്‍പി. ഒരു സ്വകാര്യ സന്ദര്‍ശനത്തില്‍ ഈ ഭവനം ഇഷ്ടപ്പെട്ട ജോര്‍ജ്‌ നാലാമന്‍ രാജാവ് തന്‍റെ കടല്‍ത്തീര വസതി (Brighton Pavillion) ഈ ശൈലിയില്‍ പണികഴിപ്പിച്ചു. ( Indo-Saracenic ശൈലി - മൈസൂര്‍ പാലസ്, ഗേറ്റ് വേ ഓഫ് ഇന്ത്യ, ചത്രപതി ശിവാജി ടെര്‍മിനസ്, മദ്രാസ്‌ മ്യൂസിയം എന്നിവയ്ക്കെല്ലാം ഇതേ ശൈലി)


Sezincote, house of Sir Charles Cockerell

Brighton Pavillion, ജോര്‍ജ്‌ നാലാമന്‍റെ കടല്‍ത്തീര വസതി

കമ്പനി ചൈനയില്‍ കറുപ്പ് വില്‍ക്കുന്നത് നിരോധിച്ചപ്പോള്‍ അവര്‍ അത് കല്‍ക്കട്ടയില്‍ വില്‍ക്കാന്‍ തുടങ്ങി. വിറ്റതെല്ലാം ഭംഗിയായി ചൈനയില്‍ കള്ളക്കടത്തായി എത്തുന്നുണ്ടെന്നും ഉറപ്പാക്കി. ഇത് ചൈന എതിര്‍ത്തപ്പോള്‍ കമ്പനി Hong Kong പിടിച്ചടക്കി.

1839 ആയപ്പോഴേക്കും ബ്രിട്ടീഷ്‌ രാജ്ഞിയുടെ സൈന്യത്തെക്കാളും വലുതായിരുന്നു കമ്പനിയുടെ സ്വന്തം കൂലിപ്പട. കൂലിപ്പടയില്‍ ഏറെയും സിക്കുകാരും പഞ്ചാബികളും ഗൂര്‍ഖകളും.

1858ല്‍ ഭാഗ്യം തിരിഞ്ഞു കളിച്ചു. ഇന്ത്യയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ബ്രിട്ടനില്‍ ഇവര്‍ക്കെതിരെ The India Bill കൊണ്ടുവരാന്‍ കാരണമായി - കമ്പനിയുടെ അധികാരങ്ങള്‍ നിര്‍ത്തലാക്കിയ ശേഷം എല്ലാ അധികാരങ്ങളും വിക്ടോറിയ രാജ്ഞിക്ക് കൈമാറാനുള്ള നിയമം. ഇത് പാസാക്കുന്നതിന് എതിരെ പാര്‍ലമെണ്ടില്‍ പരാതിയുമായി എത്തിയത് പ്രസിദ്ധ രാഷ്ട്രീയ ചിന്തകന്‍ John Stuart Mill. പരാതി വിലപ്പോയില്ലെങ്കിലും മില്ലിന് അത് വ്യക്തിപരമായി ഗുണമുണ്ടായി. കമ്പനിയുടെ ജീവനക്കാരനായ അയാള്‍ വിരമിച്ചപ്പോള്‍ അന്നത്തെ കണക്കില്‍ വമ്പന്‍ തുകയായ £1500 വാര്‍ഷിക പെന്‍ഷന്‍ ലഭിക്കാന്‍ തുടങ്ങി.


John Stuart Mill

കമ്പനിയുടെ മറ്റൊരു ജീവനക്കാരന്‍റെ പേര് ഇന്നേറെ പ്രശസ്തം - Yale. മദ്രാസിലെ കമ്പനി ഗവര്‍ണ്ണര്‍ ആയിരുന്നു Elihu Yale. അമേരിക്കയിലെ Yale സര്‍വകലാശാലയുടെ സ്ഥാപകരില്‍ ഒരാളും ഇദ്ദേഹം തന്നെ. മദ്രാസില്‍ ജോലിയില്‍ ഇരിക്കവേ അഴിമതി കാട്ടി പണമുണ്ടാക്കിയ ഇയാളെ പുറത്താക്കുകയായിരുന്നു. ഇന്ന് സ്വന്തം CVയില്‍ Yale എന്ന് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന എത്രയോ വിദ്യാര്‍ഥികള്‍!!


1874 January 1. കമ്പനി പൂര്‍ണമായും നിലച്ചു. അന്ന് ടൈംസ്‌ പത്രം എഴുതിയത് ഇങ്ങിനെ: 'It accomplished a work such as in the whole history of the human race no other company ever attempted and as such is likely to attempt in the years to come.' പേരറിയാത്ത ആ ലേഖകന്‍റെ വാക്കുകളിലെ ആദരവ്‌ തന്നെയല്ലേ 'The Honourable East India Company' എന്ന പ്രയോഗം നടത്തിയ ഗ്രന്ഥ കര്‍ത്താവിന്‍റെ മനസ്സിനുള്ളിലും? നമുക്കത് മറക്കാന്‍ ആഗ്രഹമുള്ള നാണക്കേടുകളുടെ ചരിത്രമാണ്, അവര്‍ക്കത് മേധാശക്തി, ഇച്ഛാശക്തി എന്നീ കഴിവുകളുടെ തെളിവും.

No comments:

Post a Comment