തൊണ്ണൂറുകളില്‍ എന്നോ നടന്ന കഥ. എന്‍റെ ഒരു സുഹൃത്ത് ഋഷിവാലി സ്കൂളില്‍ പഠിക്കുന്ന ഇളയ മകനെ കാണാനായി കേരളത്തില്‍ നിന്ന് ആന്ധ്ര വരെ ജീപ്പ് ഓടിച്ച് ചെല്ലുന്നു. പയ്യന്‍സ് വരുന്നതും കാത്ത് മരത്തണലില്‍ നേരം കൊല്ലുമ്പോള്‍ തൊട്ടടുത്തിരുന്ന സമപ്രായക്കാരന്‍ അദ്ദേഹത്തോട് ചങ്ങാത്തം കൂടി.
കാഴ്ചയില്‍ ഒരു സാദാ ഉദ്യോഗസ്ഥന്‍റെ ഭാവം ഉണ്ടായിരുന്ന അയാള്‍ എന്‍റെ സുഹൃത്തിന്‍റെ ജീവിതകഥ കുറഞ്ഞ നേരം കൊണ്ട് ചോദിച്ചറിഞ്ഞു. വിദേശത്തെ ജോലി ഉപേക്ഷിച്ച്, മക്കളെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത അനുഭവം സുഹൃത്ത് പറഞ്ഞു. അങ്ങിനെ സന്താനങ്ങളില്‍ ഒന്നിനെ ഋഷി വാലിയില്‍ ചേര്‍ക്കുകയായിരുന്നു.
കഥ പറഞ്ഞു പറഞ്ഞു നമ്മുടെ കക്ഷി അദ്ദേഹത്തിന്‍റെ ഹോബികളില്‍ എത്തി. അസ്ട്രോളജിയാണ് പഹയന്‍റെ ഇഷ്ട വിഷയം. പുതുതായി കിട്ടിയ സുഹൃത്തിനെ ആ വിഷയത്തില്‍ ഒരു കിടിലന്‍ ടോക്കും നല്‍കി ബോധവല്‍ക്കരിച്ചശേഷം അയാളുടെ ജ്വാലി എന്തെന്ന് അന്വേഷിക്കുന്നു.
ഞാന്‍ ഒരു ടെസ്റ്റ് പൈലറ്റ് ആണ് - മറുപടിയില്‍ ജാടയുടെ ഒരിറ്റു നിറം പോലുമുണ്ടായിരുന്നില്ല.
എന്‍റെ സുഹൃത്ത് ഞെട്ടി. അദ്ദേഹത്തിന് അറിയാവുന്ന ഒരേയൊരു ഇന്ത്യന്‍ ടെസ്റ്റ് പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ സംശയം നിവൃത്തിച്ചു. പേര്? വാട്ടീസ് നെയിം ഭായി?
രാകേഷ് ശര്‍മ
നമ്മുടെ ഒരേയൊരു ബഹിരാകാശ സഞ്ചാരി! എന്‍റെ സുഹൃത്ത് വാചകം അടിച്ചതു മുഴുവന്‍ അഭൌമ ഗ്രഹങ്ങളെപ്പറ്റിയും അവ തന്നെപ്പോലുള്ള വെറും ഞാഞ്ഞൂലുകളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെയും കുറിച്ച്. ആ ഗ്രഹങ്ങളെ അല്പം കൂടി അടുത്ത് ചെന്ന് കാണാന്‍ ഭാഗ്യം ഉണ്ടായ രാകേഷ് ശര്‍മ അത്രയും നേരം ആ പുളു മുഴുവനും കേട്ടിരിക്കുകയായിരുന്നു.
ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ഒരു സാദാ പൈലറ്റ് ആയി ജീവിച്ച്, ഒരു പഴഞ്ചന്‍ മിഗ് വിമാനം പറത്തി മരണത്തിലേക്ക് തലകുത്തനെ വീഴുമായിരുന്ന തനിക്ക് ആസ്ട്രനട്ട് ആവാനും ബഹിരാകാശത്ത് എത്താനും കഴിഞ്ഞത് ഏതൊക്കെ ഗ്രഹങ്ങളുടെ സഹായത്താലാവണം എന്നു വിചാരിച്ച് രാകേഷ്ചിന്തയില്‍ മുഴുകി മൌനം പാലിച്ചതായിരുന്നോ? അതോ കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് നിന്ന് വരുന്ന ഈ ലത്തീന്‍ കത്തോലിക്കന്‍ ജാതകഗുണദോഷങ്ങളെപ്പറ്റി പഞ്ചാബി ബ്രാഹ്മണനായ തന്നെ പഠിപ്പിക്കുന്നതിലെ രസം ഓര്‍ത്ത് മനസ്സില്‍ ചിരിച്ചു തലകുത്തിമറിയുകയായിരുന്നോ? രണ്ടില്‍ ഏതായാലും ശരി സംഭവത്തെ ഒറ്റ വാചകത്തില്‍ ഇങ്ങിനെ ചുരുക്കാം - 'കൊല്ലക്കുടിയില്‍ സൂചി വില്‍ക്കുക'
ഈ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ഒരു സംശയം ബാക്കിയുണ്ടായിരുന്നു? ഒറ്റ നോട്ടത്തില്‍ രാകേഷിനെ തിരിച്ചറിയാന്‍ കഴിയാതെ പോയതെങ്ങിനെ? ഫാല്‍ക്കന്‍ മോഡല്‍ സ്പേസ് സ്യൂട്ടില്‍, ഹെല്‍മെറ്റ് ഇല്ലാതെ, മുടിയാല്‍ പാതി മറഞ്ഞ വിശാല നെറ്റിയുമായി ഇരിക്കുന്ന ചിത്രം ഇന്ത്യ മുഴുവന്‍ പ്രസിദ്ധമായിരുന്നല്ലോ. രാകേഷിന്‍റെ സമീപ കാല ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആണ് സംശയം മാറിയത്. നമ്മുടെ കക്ഷി ഒരു കിളവനായിരിക്കുന്നു!
രാകേഷ് ശര്‍മ (വലത്ത്)
No comments:
Post a Comment