Monday 27 January 2014

അമേരിക്ക തകര്‍ന്നാല്‍ ആന്‍റണി ചേട്ടനെന്ത്?


ഇടുക്കിയില്‍ എന്‍റെ തൊട്ട് അയല്‍പക്കം ആന്‍റണി ചേട്ടനാണ്. ഒരിച്ചിരി കുരുമുളക് കൃഷി. അതിന്‍റെ ഇടയില്‍ അല്പം ഇഞ്ചി. പറമ്പിന്‍റെ താഴ്ഭാഗത്ത് കുറച്ച് ഏലവും കാപ്പിയും. ഒരു ഹെക്ടറില്‍ നിന്ന് വര്‍ഷം 1000 കിലോ കുരുമുളക് കിട്ടും. ഈ കക്ഷിക്ക് അമേരിക്ക സൂപ്പര്‍ പോലിസ് കളിക്കുന്നതിനോട് തീരെ താല്‍പര്യമില്ല, വായിക്കുന്നത് മനോരമയായിട്ടുകൂടി. അമേരിക്കയില്‍ മാന്ദ്യം എന്ന് കേള്‍ക്കുമ്പോഴേ "നന്നായി, അവന്‍മാര്‍ക്കിത് വേണം" എന്ന് പറയുന്ന ഒരു നാടന്‍ മനുഷ്യന്‍.

എന്നാല്‍ അച്ചായന്‍റെ ഈ ധാരണ ശരിയാണോ? അമേരിക്ക സാമ്പത്തികമായി തകരുന്ന ഒരു സ്ഥിതി ഉണ്ടാകുകയാണെങ്കില്‍ അത് ഈ മനുഷ്യനെ ബാധിക്കില്ലേ?



ബാധിക്കും എന്ന് തന്നെയല്ല, ഒരു പക്ഷെ മക്കളുടെ പഠിത്തവും കല്യാണക്കാര്യവും ഒരു പക്ഷെ കഞ്ഞികുടി തന്നെ നേരേ ചൊവ്വേ നടക്കാതെ വരും. കാരണം ആന്‍റണി ചേട്ടന്‍റെ കുരുമുളകിന്‍റെ നല്ലൊരു പങ്ക് വാങ്ങി വീട്ടില്‍ കൊണ്ടുപോയി പ്രോണ്‍ ബുകാട്ടിനിക്ക് മുകളില്‍ തൂവി അടിക്കുന്ന പഹയന്‍ അമേരിക്കന്‍ സായിപ്പാണല്ലോ. അയാള്‍ കഷ്ടത്തില്‍ ആയാല്‍ സ്വാഭാവികമായും ആന്‍റണി ചേട്ടന്‍റെ കാര്യവും പരുങ്ങലില്‍ ആവും.



കുരുമുളകിന്‍റെ വില വര്‍ഷം തോറും കുറഞ്ഞു വരുന്നതിന്‍റെ കാരണം അന്വേഷിച്ചു പുറകേ പോകാന്‍ തോന്നിയത് ഞാന്‍ ഒരു ഇടുക്കിക്കാരന്‍ ആയതിനാലും എന്‍റെ അപ്പന്‍ സ്വന്ത ജീവിതം പുലര്‍ത്തിയതും എന്നെ പഠിപ്പിച്ചതും കുരുമുളകിന്‍റെ ബലത്താല്‍ ആയതുകൊണ്ടും ആണ്. എന്‍റെ ഈ അടുത്ത കാലം വരെയുള്ള ധാരണ പ്രകാരം ലോകത്ത് ഇന്ത്യയാണ് കുരുമുളക് ഉത്പാദനത്തിലും കയറ്റുമതിയിലും ഏറ്റവും മുന്നില്‍. എന്നാല്‍ കഴിഞ്ഞ ദിവസം കുത്തിപ്പിടിച്ചിരുന്നു കണക്കുകള്‍ നോക്കിയപ്പോള്‍ സംഗതി ആകെ തകിടം മറിഞ്ഞു. ഇപ്പോള്‍ വിയറ്റ്നാം ആണത്രേ കയറ്റുമതിയില്‍ മുന്നില്‍. തൊട്ട് പുറകേ ഇന്‍ഡോനേഷ്യയും ഉണ്ട്. നമുക്കു മൂന്നാം സ്ഥാനം മാത്രം. ഇതെങ്ങിനെ സംഭവിച്ചു, നമ്മുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണം ഇതാണോ? ഒറ്റവാക്കിലുള്ള ഉത്തരത്തിനു പകരം ഉത്തരക്കടലാസ്‌ തന്നെ അര്‍ഹിക്കുന്ന ചോദ്യങ്ങള്‍ ആണിവ.


"തിരുവാതിര ഞാറ്റുവേല ഇല്ലാതെ ഇവന്‍ ഇതു കൊണ്ടുപോയിട്ടു എന്ത് ചെയ്യാന്‍" എന്ന തോന്നലില്‍ കുരുമുളക് വള്ളി വിദേശികള്‍ക്ക് കൊടുത്തയച്ച സാമൂതിരി (?) യാണ് നമ്മുടെ കുരുമുളക് കൃഷിക്കാരുടെ കഷ്ടകാലത്തിനു തുടക്കം ഇട്ട മണ്ടന്‍ ഭരണാധികാരികളില്‍ ആദ്യത്തെയാള്‍. നൂറ്റാണ്ടുകളോളം കേരളീയരുടെ കുത്തക ആയിരുന്നു ഈ കൃഷി. കഴിഞ്ഞ മൂന്നു നാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ മറ്റു ചില പ്രദേശങ്ങള്‍ കുരുമുളക് കൃഷി ചെയ്യാന്‍ തുടങ്ങി. ഞാറ്റുവേലക്ക് സമാനമായ കാലാവസ്ഥ ഉള്ള മറ്റു ഏഷ്യന്‍ രാജ്യങ്ങള്‍ ആയിരുന്നു അവ. പോകെപ്പോകെ ഇതു നമ്മുടെ കച്ചവടത്തെ ബാധിച്ചു തുടങ്ങി. ഞങ്ങളും കുരുമുളക് കൃഷി ചെയ്യുന്നുണ്ട് എന്ന് അവകാശപ്പെടാന്‍ മാത്രം സാധിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ രാജ്യത്തെ കടത്തി വെട്ടി.


1992 ല് നമ്മള്‍ 52,000 ടണ്‍ ഉത്പാദിപ്പിച്ചപ്പോള്‍ വിയറ്റ്നാം 7830 ടണ്‍ കുരുമുളക് ഉത്പാദിപ്പിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ അത് 20,000 ടണ്‍ ആക്കി ഉയര്‍ത്തി. അത് കുത്തനെ കയറിക്കയറി 2006 ല് 116,000 ടണ്‍ കയറ്റുമതിയില്‍ എത്തി. ഇരുപത് വര്‍ഷം മുന്‍പ് കുരുമുളക് കയറ്റുമതി ഇല്ലാതിരുന്ന രാജ്യം ആണ് വിയറ്റ്നാം എന്നോര്‍ക്കുക. അതിനാല്‍ തന്നെ ഈ കൃഷിയിലൂടെ എന്ത് കിട്ടിയാലും അവര്‍ക്ക് ലാഭമാണ്. ഈ കാരണത്താല്‍ അവര്‍ സായിപ്പിന്‍റെ അടുത്ത് കൂടുതല്‍ വില ചോദിച്ചു വാങ്ങാറും ഇല്ല. എന്നിട്ടും 2006 ല് വിയറ്റ്നാമിന് ഈയിനത്തില്‍ 809 കോടി രൂപ ലഭിച്ചു. ഈ തുകയുടെ നല്ലൊരു പങ്ക് ഒരു പക്ഷെ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ക്ക്‌ ലഭിക്കേണ്ടതു തന്നെ. അതായത്, കഴിഞ്ഞ രണ്ടു പതിട്ടാണ്ടില്‍ പുതിയ കുരുമുളക് ഉത്പാദകര്‍ വന്നപ്പോള്‍ നമുക്കു നഷ്ടമായത് കോടികള്‍.



വിയറ്റ്നാം കുരുമുളക് വിപണിയുടെ 60% പിടിച്ചടക്കിയതെങ്ങിനെ? ഉത്തരം സിമ്പിള്‍ - കുറഞ്ഞ ചിലവില്‍ കൂടുതല്‍ കുരുമുളക് ഉത്പാദനം. അതും നമ്മുടെ കേരളത്തില്‍ നിന്നുള്ള മികച്ചയിനം കുരുമുളക് തന്നെ വേണം എന്ന് നിര്‍ബന്ധം ഇല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളെ അവര്‍ ചാക്കിലാക്കുന്നു. ടര്‍ക്കി ഒരു ഉദാഹരണം. 2004 ല് ആ രാജ്യം 15 കോടി രൂപ ചെലവില്‍ 2751 ടണ്‍ വിയറ്റ്നാം കുരുമുളക് വാങ്ങി. ഈ കണക്കു ശ്രദ്ധിക്കുക - അവര്‍ക്ക് കിലോയ്ക്ക്‌ 54 രൂപ മാത്രമെ കൊടുക്കേണ്ടി വന്നിട്ടുള്ളു. ഇങ്ങിനെ കുറഞ്ഞ വിലയില്‍ കൂടുതല്‍ മുളക് സമ്പന്ന (ടര്‍ക്കി അത്ര സമ്പന്നമല്ലെന്നു സമ്മതിക്കുന്നു) രാജ്യങ്ങളില്‍ കൊണ്ടിറക്കുക. അതാണിപ്പോള്‍ നടക്കുന്നത്. 2006 ല് വിയറ്റ്നാം കുരുമുളക് ആ രാജ്യത്തിന് നേടിക്കൊടുത്ത വിദേശ നാണ്യത്തിന്‍റെ 15% അമേരിക്കയില്‍ നിന്നായിരുന്നു - 121 കോടി രൂപ.



ഇത്തരം ഒരവസ്ഥയില്‍ കേരളത്തിലെ കര്‍ഷകരുടെ മുന്നിലുള്ള വഴിയെന്ത്? അതിനായി കുരുമുളക് കര്‍ഷകര്‍ മൊത്തം ഒരു കമ്പനി ആണെന്നും വിദേശ, സ്വദേശ വിപണിയില്‍ വില്‍ക്കുന്ന മികച്ചയിനം മുളക് ഈ കമ്പനിയുടെ ഉല്പന്നം ആണെന്നും സങ്കല്‍പിക്കുക. അങ്ങിനെയെങ്കില്‍ നമ്മുടെ കമ്പനിയുടെ (കര്‍ഷകരുടെ) കച്ചവടത്തിന് ഭീഷണി ഉണ്ടാവുന്ന വഴികള്‍ ആലോചിച്ചു നോക്കാന്‍ മൈക്കല്‍ പോര്‍ട്ടര്‍ എന്ന management വിദഗ്ദ്ധന്‍റെ ചില ചിന്തകള്‍ ഉപകരിക്കും. പോര്‍ട്ടര്‍ സായിപ്പ് പറയുന്നത് ഒരു കച്ചവടത്തിലെ കിട മല്‍സരങ്ങളെ നിയന്ത്രിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ്:



  1. existing rivalry between firms
  2. the threat of a new entrant into market
  3. the bargaining power of suppliers
  4. the bargaining power of buyers
  5. the threat of substitute products and services
ഇതില്‍ ആദ്യത്തേത് പ്രകാരം മത്സരം കൂടുമ്പോള്‍ നമ്മുടെ കച്ചവടം അടിയേ പോകും. അത് സംഭവിച്ചു തുടങ്ങി. നമ്മളെക്കാള്‍ എത്രയോ വില കുറച്ചാണ് വിയറ്റ്നാം മുളക് വില്‍ക്കുന്നത്‌. വിയറ്റ്നാം രംഗത്ത് വന്നതോടെ രണ്ടാമത്തെ പേടി സ്വപ്നവും യാഥാര്‍ത്ഥ്യം ആയി. ഉത്പാദക രാജ്യങ്ങളുടെ എണ്ണം കൂടിയത്‌ മൂന്നാമത്തെ സ്ഥിതി വിശേഷം, അതിനാല്‍ നമുക്കു വിലയുടെ കാര്യത്തില്‍ ബലം പിടിക്കാന്‍ പറ്റില്ല. സായിപ്പന്മാര്‍ക്ക് നമ്മോടു വില പേശാം എന്നാണ് അവസ്ഥ.
വില്‍ക്കുന്നവനല്ല വാങ്ങുന്നവനാണ് ഇപ്പോള്‍ കൂടുതല്‍ ശക്തി. പണ്ടു സായിപ്പ് സാമൂതിരിയുടെ മോന്ത കാണാന്‍ ആഴ്ചകളോളം കാത്തുകെട്ടി കിടന്നത് ചരിത്രം. ഇനിയുള്ള കാലത്തു അവന്‍മാരെക്കൊണ്ട് നമ്മുടെ മുളക് വാങ്ങിപ്പിക്കാന്‍ നാം അവരുടെ സൂപര്‍ മാര്‍ക്കറ്റ്‌ ഉടമകളുടെ പുറകേ നടക്കണം.



അവസാനത്തെ സ്ഥിതി വിശേഷം - മുളകിന് പകരമുള്ള സംഗതികള്‍. ഒരു പക്ഷെ അതും ഇപ്പോള്‍ സംഭവിക്കുന്നു. വിദേശത്തെ ആളുകളുടെ ഭക്ഷണ ശീലങ്ങള്‍ മാറി വരികയാണ്. മാംസഭക്ഷണത്തിന് മുകളില്‍ മുളക് പൊടി തൂവി മണിക്കൂറുകള്‍ നീളുന്ന പാചകം നടത്താന്‍ അവര്‍ക്ക് താത്പര്യം ഇല്ല. പകരം വഴികള്‍ പലതും ഇപ്പോള്‍ നിലവിലുണ്ട് അതില്‍ നമുക്കു ഏറ്റവും പേടിക്കേണ്ട സംഗതി ഫാസ്റ്റ് ഫുഡ് ആണ്. അവന്‍മാര്‍ക്ക് കുരുമുളകേ വേണ്ട. അതിനാല്‍ ഒരു പാര കൂടി ഇടുക്കിയിലെ കര്‍ഷകരെ ആത്യന്തികമായി ബാധിക്കും, നേരത്തെ പറഞ്ഞ കാരണങ്ങളുടെ അത്രത്തോളം ശക്തമായല്ലെങ്കിലും.



രക്ഷപെടാന്‍ വഴികള്‍?

നമ്മുടെ മുളകിന്‍റെ വില കുറച്ച് വിയറ്റ്നാം മുളകിനോട് മല്‍സരിക്കാന്‍ നോക്കണ്ട. അത് താങ്ങാന്‍ ഇപ്പോള്‍ മുണ്ട് മുറുക്കിയുടുത്തു ജീവിക്കുന്ന ആന്‍റണി ചേട്ടന്‍മാര്‍ക്ക് കഴിയില്ല.



കൂടുതല്‍ മുളക് ഉള്പാടിപ്പിക്കുകയാണ് രണ്ടാമത്തെ വഴി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് അതിനായുള്ള ഒരു മാര്‍ഗം. 2004 ലെ കണക്ക് അനുസരിച്ച് കേരളത്തില്‍ 216,440 ഹെക്ടര്‍ സ്ഥലത്തു കുരുമുളക് കൃഷി ചെയ്യുന്നു. സ്വതവേ ജനസാന്ദ്രത കൂടുതല്‍ ഉള്ളതിനാല്‍ ഇനി ഒരു തരിമ്പ് സ്ഥലം കൂടി ഈ പരീക്ഷണം നടത്താന്‍ ലഭിക്കില്ല. അല്ലെങ്കില്‍ പിന്നെ മേല്ക്കൂരക്ക് മുകളില്‍ കൃഷി തുടങ്ങണം! ഉല്പാദന ശേഷി കൂട്ടുകയാണ് രണ്ടാമത്തെ മാര്‍ഗം. ഇടുക്കിയില്‍ എന്‍റെ പറമ്പില്‍ ഹെക്ടറിന് 700 - 1000 കിലോ കുരുമുളക് ലഭിക്കും. അല്പം മാറി നെടുംകണ്ടം - മുണ്ടിയെരുമ ഭാഗങ്ങളില്‍ ഇതിന്‍റെ ഇരട്ടിയോളം കിട്ടുന്ന കൃഷിയിടങ്ങള്‍ ഉണ്ടത്രേ. എങ്കിലും കേരളം മൊത്തം കണക്കാക്കുമ്പോള്‍ ഹെക്ടറിന് ശരാശരി 320 കിലോ മുളക് മാത്രമെ കിട്ടുന്നുള്ളൂ. ഇനി വിയറ്റ്നാമിലെ കണക്ക് നോക്കുക. അവര്‍ 51,300 ഹെക്ടര്‍ സ്ഥലത്തു നിന്ന് 100,000 ടണ്‍ മുളക് ഉണ്ടാക്കി - അതായത് ഒരു ഹെക്ടറില്‍ നിന്ന് ശരാശരി 1950 കിലോ. ചുമ്മാതാണോ അവന് വില കുറച്ച് വില്‍ക്കാന്‍ കഴിയുന്നത്.



ഉല്പാദന ശേഷി കൂട്ടാന്‍ ബയോടെക്നോളജിയെയും മറ്റു ഗവേഷണ വഴികളെയും ആശ്രയിക്കുന്നത് ലോട്ടറി കിട്ടാന്‍ കാത്തിരിക്കുന്ന പോലാണ്. മനുഷ്യ ജീവിതത്തിന് അത്രയും നീളം ഇല്ലല്ലോ. അതിനാല്‍ നിലവില്‍ ലഭ്യമായ മണ്ണും മരങ്ങളും കുരുമുളക് വള്ളികളും വെള്ളവും ചാണകവും ശ്രദ്ധയോടെ ഉപയോഗിച്ചു ഉല്‍പാദനം കൂട്ടുക. അക്കാര്യത്തില്‍ ഇസ്രയെലികളെ കണ്ടു പഠിക്കുക.
ടാന്‍സാനിയയില്‍ കുരുമുളക് കൃഷി കാണാന്‍ എത്തിയ സായിപ്പുമാര്‍
അടുത്ത വഴി ടൂറിസ്റ്റുകളെ കറക്കിയെടുത്തു നമ്മുടെ കൃഷിയിടങ്ങളില്‍ താമസിപ്പിച്ചു കാശു പിടുങ്ങുകയാണ്. ഒരു സൈഡ് ബിസിനസ്സ്. സീസണില്‍ കുറച്ച് കാശ് ഒപ്പിക്കുകയും ചെയ്യാം, പണിക്കാരനെ കിട്ടിയില്ലെങ്കില്‍ ചാണകക്കുഴി കോരാന്‍ ആളുമായി.



(ഒക്കെ ഒരു മനോരാജ്യമല്ലേ. കുരുമുളക് കൃഷിക്കാരന് കോളേജ് അദ്ധ്യാപകന്‍റെ വരുമാനം എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എപ്പോഴേ നാട്ടില്‍ പോയി കൃഷി തുടങ്ങുമായിരുന്നു)

No comments:

Post a Comment