Monday, 27 January 2014

പറമ്പിക്കുളം കാട്ടിനകത്ത് ഒളിഞ്ഞു കിടക്കുന്ന തീവണ്ടിപ്പാത

ചാലക്കുടിയില്‍ നിന്നു പറമ്പിക്കുളം വരെ കാട്ടിലൂടെ കിടന്നിരുന്ന 'കൊച്ചിന്‍ ഫോറസ്റ്റ് ട്രാം വേ'യെപ്പറ്റി ഒരു നല്ല ലേഖനം ഞാന്‍ വായിച്ചത് 2001 ല് മംഗളം പത്രത്തില്‍ ആയിരുന്നു. പക്ഷേ, നൂറ്റാണ്ടു പഴക്കമുള്ള ആ തീവണ്ടിക്കഥ ഏറ്റവും രസകരമായി പറഞ്ഞത് പത്രങ്ങളിലേ ആയിരുന്നില്ല. മറിച്ച് ഒരു പക്ഷി ശാസ്ത്രജ്ഞന്‍റെ ആത്മകഥയില്‍ ആയിരുന്നു. നിങ്ങളുടെ മനസ്സില്‍ ഒരു പക്ഷേ ഇതിനകം ആ പേരു ചൂളം വിളിച്ച് എത്തിയിട്ടുണ്ടാവാം - സാലിം അലി. യൂറേക്കാ മാസികയിലൂടെ ഞാന്‍ പരിചയപ്പെട്ടിരുന്ന ആ മനുഷ്യന്‍റെ ആത്മ കഥ വായിക്കാന്‍ എടുത്തപ്പോള്‍ അതില്‍ ഇങ്ങിനെ ഒരു കൌതുകം ഒളിഞ്ഞിരിപ്പുണ്ടാവുമെന്നു ഞാന്‍ കരുതിയിരുന്നില്ല. അകത്തെ പേജുകളില്‍ ഒന്നില്‍ ആ പഴയതെങ്കിലും വ്യക്തമായ ചിത്രം - തീവണ്ടിയില്‍ നിന്നു അടര്‍ത്തി മാറ്റി ഇട്ടിരിക്കുന്ന വി ഐ പി കോച്ചിന്‍റെ ചിത്രം. സാലിം അലി രണ്ട് തവണ ഈ ട്രെയിന്‍ കണ്ടിരുന്നു - 1931, 1946 വര്‍ഷങ്ങളില്‍. ഇനി ബാക്കി അദ്ദേഹം തന്നെ പറയട്ടെ:"ആ വളരെ ചെറിയ കൊച്ചിന്‍ ഫോറസ്റ്റ് ട്രാം വേ, രാജ്യത്തെ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ തീവണ്ടി സര്‍വീസ്‌ ആയിരിക്കാം. ഒരിക്കല്‍ വെള്ള നിറം ആയിരുന്ന തൊപ്പിയും യൂണിഫോമും അണിഞ്ഞു നിന്ന അതിലെ ഗാര്‍ഡിനു പത്തു വര്‍ഷത്തെ സര്‍വീസ്‌ ആയപ്പോഴേക്കും മാസം 25 രൂപ ശമ്പളം. സമീപ കാടുകളില്‍ നിന്നു വെട്ടിയെടുക്കുന്ന വിറകുപയോഗിച്ചു ജര്‍മന്‍ നിര്‍മിത എന്‍ജിന്‍ ഓടി. ചാലക്കുടി മുതല്‍ പറമ്പിക്കുളം വരെ, മനോഹര മലകളില്‍ തഴച്ചു വളര്‍ന്നിരുന്ന ഈറ്റ, കാട്ടുമരങ്ങള്‍ എന്നിവയുടെ ഇടയിലൂടെ ആ റെയില്‍ പാത വളഞ്ഞു പുളഞ്ഞു കിടന്നു. 'കൊച്ചിന്‍ ഫോറസ്റ്റ് അട്‌മിനിസ്ട്രെഷന്‍' ഈ തീവണ്ടിപ്പാത പണിതത് അങ്ങ് കാട്ടിനുള്ളില്‍ നിന്നു മരം വെട്ടി കൊണ്ടു വരാന്‍ തന്നെ. കയറ്റങ്ങളും നിരപ്പുകളും എന്‍ജിന്‍ ഉപയോഗിച്ചു താണ്ടിയ ഈ വണ്ടി ഇറക്കങ്ങളില്‍ ഭൂ ഗുരുത്വ ബലത്താല്‍ യാത്ര ചെയ്തു. മരം കയറ്റി മലയിറങ്ങുന്ന വണ്ടിയുടെ ആക്കം ഉപയോഗിച്ചു തൊട്ടപ്പുറത്തെ പാതയിലൂടെ ഒഴിഞ്ഞ ബോഗികളെ മല കയറ്റാന്‍ സഹായിക്കുന്ന ഒരു പ്രത്യേക തരം കപ്പിയും കയറും അവര്‍ തയാര്‍ ചെയ്തിരുന്നു. സാധാരണ ഗതിയില്‍ ഇതില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിശിഷ്ട അതിഥികള്‍ ഉള്ളപ്പോള്‍ വി ഐ പി കോച്ച് തീവണ്ടിയില്‍ ഘടിപ്പിക്കും. 1933 ല് കുര്യാര്‍കുട്ടിയില്‍ സര്‍വ്വേ നടത്താന്‍ ഞങ്ങളുടെ സംഘം ഇതിലാണ് പോയത്. പോകുന്ന വഴിക്ക് എന്‍ജിനിലെ തീപ്പൊരികള്‍ പറന്നു വന്നു ഞങ്ങളുടെ വസ്ത്രങ്ങളില്‍ തുളകള്‍ വീഴ്ത്തിയിരുന്നു. അമ്പത് കിലോ മീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ എടുത്തത്‌ എട്ടു മണിക്കൂര്‍."
മൂന്നാറിലെ ട്രെയിന്‍ കഥ തപ്പി പോകുന്ന വഴിയില്‍ ഈ ട്രെയിനും അപ്രതീക്ഷിതമായി എന്‍റെ എതിരെ വന്നിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ഞാന്‍ പാടെ മറന്നിരുന്ന ആ കഥ വീണ്ടും ഓര്‍മിപ്പിച്ചത് ഈ കമന്‍റ് ആണ്: "Can you do a similar piece on Chalakudy Tramway. Salim Ali's autobio has a picture of him travelling in that. It was used to transport timber logs from deep forest not so long ago". വളരെ വൈകി ഇന്നലെ എത്തിയ ഈ അഭ്യര്‍ഥന എന്നെ ഓര്‍മകളുടെ മലകള്‍ നിമിഷ നേരങ്ങള്‍ കൊണ്ട് ഓടിച്ചു കയറ്റി.

No comments:

Post a Comment