Monday, 27 January 2014

ഇങ്ങനെ ഒരവസ്ഥയില്‍ നിങ്ങള്‍ എന്ത് ചെയ്യും?

രാജകുമാരിയിലെ ഒരു സന്ധ്യ
1950 കളില്‍ ഇടുക്കി ജില്ലയിലെ രാജകുമാരി ഭാഗത്തേക്ക് കുടിയേറിയ കുരുവിള മറ്റെല്ലാവരേയും പോലെ ഒരു പ്രാരാബ്ധക്കാരന്‍ ആയിരുന്നു. കുടിയേറ്റ ഗ്രാമത്തിനു അല്പം അകലെ ഒരു മുക്കവലയില്‍ അതിയാന്‍ ഒരു കട തുറന്നു. കുറച്ചു പലവ്യഞ്ഞനങ്ങള്‍, ബീഡി, സിസര്‍, തീപ്പെട്ടി. കുരുവിളയുടെ കടയ്ക്ക്‌ പേരില്ലായിരുന്നു. ജനം പോകെപ്പോകെ ഈ കടയെ സാമാന്യബുദ്ധിക്കനുസരിച്ചു കുരുവിളയുടെ കട എന്ന് വിളിച്ചു.
കച്ചവടം കുരുവിളയെ രക്ഷിച്ചില്ല. അതിനാല്‍ പാവം കാടിറങ്ങി തിരികെപ്പോകുന്നു. കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നത്ത് താമസം ഉറപ്പിച്ച അയാള്‍ മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കി - മിക്കവരും അമേരിക്കയില്‍ സ്ഥിരതാമസവും ആയി.
നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്നൊരു ദിവസം പഴയ കാട്ടുവഴികളിലൂടെ വീണ്ടും ഒരു യാത്ര നടത്താന്‍ ഉള്‍വിളി ഉണ്ടായപ്പോള്‍ കുരുവിള തെല്ലും മടിക്കാതെ ഹൈ റേഞ്ചിലേക്ക് ബസ്സ് കയറി. രാജകുമാരിയും കടന്നു പൂപ്പാറ റൂട്ടില്‍ വളവും തിരിവും ഓടിമറച്ചുകൊണ്ടിരിക്കവേ പഴയ മുക്കവലയില്‍ ബസ്സ് നിര്‍ത്തി. ഈ വഴിയിലൂടെ ഒരു യാത്ര മാത്രം താല്പര്യപ്പെട്ടിരുന്ന കുരുവിള അവിടെ ഇറങ്ങാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇറങ്ങിയാല്‍ തന്നെ പതിറ്റാണ്ടുകള്‍ക്കു മുന്നേ സ്ഥലം വിട്ട തന്നെ ആര് തിരിച്ചറിയാന്‍? എന്നാല്‍ ദൈവം എന്ന പരംപൊരുള്‍ കുരുവിളക്ക്‌ ചില നിയോഗങ്ങള്‍ നിനച്ചിരുന്നു.
ബസ്സ് വീണ്ടും സ്ടാര്‍ട്ട് ചെയ്യുന്നതിന് മുന്പേ സ്ഥലത്തെ പുതിയ കടകള്‍ ഒന്നിന്‍റെ ബോര്‍ഡ് കണ്ട അയാള്‍ ഒന്നു ഞെട്ടി. സ്ഥലപ്പേരിന്‍റെ സ്ഥാനത്ത് തന്‍റെ പേര്. ബസില്‍ നിന്നു ചാടിയിറങ്ങി നോക്കുമ്പോള്‍ എല്ലാ ബോര്‍ടുകളിലും അവസാനത്തെ വരി ഇതായിരുന്നു - കുരുവിളാ സിറ്റി! കുരുവിള യാത്ര അവിടെ അവസാനിപ്പിക്കുന്നു. കഥയറിഞ്ഞു ജനം കൂടുന്നു, അറിഞ്ഞറിഞ്ഞു പഴയ തലമുറയും സ്ഥലത്തെത്തി സാക്ഷാല്‍ കുരുവിളയെ തിരിച്ചറിയുന്നു. വര്‍ഷങ്ങള്‍ മാച്ചിട്ടും മായാത്ത തന്‍റെ പേരിന്‍റെ വിധിയെ ഓര്‍ത്ത് അയാള്‍ ചിരിച്ചു, നെടുവീര്‍പ്പിട്ടു.
കുരുവിള അയര്‍ക്കുന്നത്ത് ജീവിതം പച്ച പിടിപ്പിക്കവേ, ഇങ്ങ് ഹൈ റെയ്ന്‍ചില്‍ കാട് പതുക്കെ നാടായി മാറുകയായിരുന്നു. പഴയ മുക്കവല വളര്‍ന്നു പതിനഞ്ച് കടകളിലെത്തി, ഒരു ഓട്ടോ സ്ടാന്‍റ്റും പൊട്ടി മുളച്ചു. അപ്പോഴാണ് തങ്ങളുടെ നാട്ടിനു ഒരു പേര് വേണമെന്ന് ജനത്തിനു തോന്നല്‍ ഉദിച്ചത്‌. സ്ഥലപ്പേര്‍ ചിന്തിച്ചു നാട്ടുകാര്‍ സ്വന്തം തലകളെ വിഷമിപ്പിച്ചില്ല. സ്ഥലത്തെ ആദ്യ കടക്കാരന്‍റെ പേര് ആവട്ടെയെന്നു തീരുമാനം. അങ്ങിനെയായിരുന്നു കുരുവിളാ സിറ്റിയുടെ ഔദ്യോഗിക ജനനം. ഇതൊന്നും പക്ഷെ കുരുവിള അറിയുന്നുണ്ടായിരുന്നില്ല.
ഈ ഒരു യാത്രയുടെ അപ്രതീക്ഷിത വഴിത്തിരിവില്‍ ഉള്ളം കലങ്ങിയ കുരുവിള പതുക്കെ പിറ്റേന്നു അയര്‍ക്കുന്നത്തെക്ക് തിരിച്ചുപോകുന്നു. അല്പ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയ അയാള്‍ നാടിന്‍റെ ഒരു കുറവ് പരിഹരിക്കാന്‍ ഇറങ്ങി. ഒരു വായനശാല. അതിനായി അല്പ സ്ഥലം വാങ്ങി ഒരു കെട്ടിടവും പണിതു കൊടുത്തു ഉദ്ഘാടനവും നടത്തുമ്പോഴേക്ക് ഒരു നല്ല തുക ആ വയോധികന്‍റെ പോക്കെറ്റില്‍ നിന്നു ചിലവായിരുന്നു. എങ്കിലും ആ മനുഷ്യന് കിട്ടിയ സംതൃപ്തി ഉണ്ടല്ലോ, അത് എത്ര പണം കൊടുത്താലും കടയില്‍ വാങ്ങാന്‍ കിട്ടുമോ?

No comments:

Post a Comment