Monday 27 January 2014

ദേവികുളം: സ്വപ്ന തടാകം

ദേവികുളം ലേയ്ക്ക് ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തു - 'ഇങ്ങിനെ ഒന്നിനു വേണ്ടിയാണല്ലോ എന്റെ മനസ്സ് ഏറെക്കാലം ദാഹിച്ചത്'. തേയിലച്ചെടികളുടെ ഇളം-കടുപ്പ് പച്ച നിറവും നിശബ്ദതയും മലമടക്കുകളും മേഘങ്ങളും ചുറ്റും കാവല്‍ നിന്നിരുന്ന ആ ചെറിയ തടാകത്തിലേക്കുള്ള വഴിപോലും മനോഹരമായിരുന്നു. ചരല്‍പ്പാതയുടെ ഇരുവശങ്ങളിലും അതിരിട്ടു നിന്നത് സൂചികാഗ്ര മരങ്ങള്‍. വല്ലപ്പോഴും നിശബ്ദതക്ക്, ഒരു കോമാ പോലെ താല്‍ക്കാലിക വിരാമം ഇടുന്നത് ജലപ്പരപ്പിനു മുകളിലേക്ക് ചാടിക്കളിക്കുന്ന ട്രൌട്ട് മല്‍സ്യങ്ങള്‍.



ആദ്യ സന്ദര്‍ശനത്തില്‍ ഞാന്‍ ഇവിടം അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു പോയി. പ്ലാസ്റ്റിക്കിന്റെയോ ബിയര്‍ ബോട്ടിലുകളുടെയോ ശല്യമില്ലാതെ കേരളത്തില്‍ ഒരു സ്ഥലം എന്നതിനേക്കാള്‍, ശാന്തത എന്തെന്നു എന്നെ ശരിക്കും അനുഭവിപ്പിച്ച ഇടമായിരുന്നു അത്. അത്തരമൊരു സുഖം പിന്നെനിക്ക് കിട്ടിയിട്ടുള്ളത്, കര്‍ണാടകത്തിലെ നാഗര്‍ഹോളെ കാട്ടിലൂടെ മൈസൂരിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ ആ ടാര്‍ റോഡിലെ വൈകുന്നേരങ്ങളായിരുന്നു. ദേവികുളം ലേയ്ക്കിലെ സായന്തനങ്ങളും അതേപോല്‍ സുന്ദരം, ശാന്തം. കുളിരുന്ന നിമിഷങ്ങള്‍. തടാകത്തിനു ചുറ്റും വട്ടമിടുന്ന പുല്ലില്‍ വല്ലപ്പോഴുമെത്തുന്ന സന്ദര്‍ശകരും എസ്റ്റേറ്റ്‌ ജീവനക്കാരുടെ കാലികളും തീര്‍ത്ത്‌ തന്ന ഒറ്റയടിപ്പാത. ഇവിടെ വന്നു തിരിച്ചു പോകുമ്പോള്‍ എപ്പോഴും എന്റെ മനസ്സിലെ വിഷമങ്ങള്‍ മറക്കാന്‍ കഴിഞ്ഞിരുന്നു.
2001ല് ആദ്യമായെത്തുമ്പോള്‍ ഈ തടാകം ടാറ്റാ ടീ കമ്പനിയുടെ സംരക്ഷണയില്‍. സന്ദര്‍ശകര്‍ വളരെക്കുറവ്. ഞാന്‍ പോയപ്പോഴൊന്നും വേറെ ആരെയും കണ്ടിരുന്നില്ല, വഴിക്കു പോലും. എന്നാല്‍ കുറെക്കാലം മുന്‍പ് 'ഉദയനാണു താരം' കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഞെട്ടി. 'പറയാതെ അറിയാതെ...' ഗാനത്തിന്റെ തുടക്കത്തില്‍ മോഹന്‍ലാല്‍ ചാരിനില്‍ക്കുന്ന ആ കടും പച്ച നിറമുള്ള, സ്കോട്ടിഷ് പ്ലാന്റെര്‍മാര്‍ പണിത ആ കോട്ടജ് ഉണ്ടല്ലോ, അതാ തടാകക്കരയില്‍ ആണ്. ഫിലിം ക്രൂ അവിടം കയറി നിരങ്ങി നശിപ്പിച്ചിരിക്കുമോ എന്നുള്ള വിഷമത്തില്‍ ആ ഗാനം മനോഹരമാണെന്ന കാര്യം പോലും ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നീടിതേവരെ ആ വഴിക്കു പോകാന്‍ കഴിഞ്ഞിട്ടുമില്ല. ഓര്‍മ്മക്കായി ഒരു പടം പോലും കയ്യില്‍ ഇപ്പോള്‍ ഇല്ല താനും. ഇന്നു വെറുതേ 'ഫ്ലിക്കര്‍' തപ്പിയപ്പോള്‍ ആശ്ചര്യം, അതാ കിടക്കുന്നു കുറച്ചു ചിത്രങ്ങള്‍.


ബിനോ, മോനു ജോയ്, ഗിരിഷ എന്നിവരുടെ ചിത്രങ്ങള്‍ അവരുടെ സമ്മതത്തിനു കാത്തു നില്‍ക്കാതെ, ഞാന്‍ നിങ്ങള്‍ക്കായി ഇവിടെ ഉപയോഗിക്കുന്നു. ഫ്ലിക്കറില്‍ 'ദേവികുളം ലേയ്ക്' എന്ന ടാഗില്‍ മറ്റു പലരും ഇട്ടിട്ടുള്ളത് മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍ ഡാമുകളുടെ ചിത്രങ്ങളാണെന്ന് ഓര്‍മപ്പെടുത്തട്ടെ. വിശ്വാസ യോഗ്യമായ ചിത്രങ്ങള്‍ ഇവിടെ കാണാം:

No comments:

Post a Comment