Monday, 27 January 2014

ഒരു വിമാനം മേടിക്കാതെ ഈ പൈലറ്റുമാര്‍ സമ്മതിക്കുകേല

അമേരിക്കയിലെ ഒരു അച്ചായന്‍ ജീവിക്കാന്‍ പെടുന്ന പാട്


കഴിഞ്ഞ ആഴ്ച ഒരു പാഠം കൂടി പഠിച്ചു. മേലാല്‍ പൈലറ്റുമാരേം തൊട്ടുതൊഴുതോണം. അബ്ദുള്‍ വഹാബ് എംപിയെ, വിമാനത്തേന്നു ഇറക്കി വിട്ടപ്പഴേ സംഗതി ശരിയല്ലെന്ന് ഞാന്‍ സിന്‍സിനാറ്റിയില്‍ ഒള്ള പാലാക്കാരന്‍ ഉമ്മച്ചനെ ഫോണില്‍ വിളിച്ചു പറഞ്ഞാരുന്നു. പൈലറ്റുമായി ഒടക്ക് വച്ചതിനാല്‍ ലോകത്തെ എല്ലാ വിമാനങ്ങളെന്നും എംപിയെ ഇറക്കി വിടാന്‍ പ്ലാനുണ്ടെന്നും കേള്‍ക്കുന്നു. നമ്മുടെ എംപിമാരോട് എവന്മാര്‍ ഇങ്ങനാന്നേല്‍ മ്മള് ഇടുക്കിക്കാരുടെ കാര്യം പറയാനൊണ്ടോ.ഇതെല്ലാം കണ്ടപ്പോള്‍ എനിക്കങ്ങോട്ട് ആധി കൂടി: അറിയാണ്ട് വല്ല കള്ള് ഷാപ്പിലും വച്ചു പൈലറ്റുമായി ഉടക്കിയാല്‍ അവന്‍ നമ്മളെ പിന്നെ നാട്ടി പോകുന്ന വഴി സ്രാവിന്റെ ശല്യമുള്ള കടലിന്റെ മോളിലെങ്ങാനും വച്ചു 'ഇറങ്ങിപ്പൊക്കോ' എന്ന് പറഞ്ഞു ഇറക്കിവിട്ടാല്‍ ഞാനും കെട്ടിയവളും കടലില്‍ ചാടുകയെ നിവൃത്തി ഉള്ളു. അതിനാല്‍ സ്വന്തമായി ഒരു വിമാനം മേടിക്കാനും പറത്തല്‍ പഠിക്കാനും ഞാനങ്ങു തീരുമാനിച്ചേ. വാള്‍മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റീന്നു വാങ്ങിയ പ്രത്യേകതരം ഉപകരണം വച്ചു കെട്ടി എന്റെ പട്ടിയെ ഞാന്‍ ആദ്യം പറക്കാന്‍ പഠിപ്പിച്ചു. ഇനി പരീക്ഷണം തെറ്റിയാല്‍ തന്നെ അതല്ലേ ചാകൂ. സങ്ങതിയൊക്കെ കെട്ടി വച്ചു നിക്കുന്ന പട്ടി ഇതാ:അടുത്തതായി ഒരു സെക്കന്റ് ഹാന്‍ഡ് വിമാനോം ഞാന്‍ വാങ്ങി. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ന്യൂയോര്‍ക്ക് വിമാനത്താവളത്തിന്റെ സൈഡിലുള്ള വര്‍ക്കുഷോപ്പില്‍ ഇതു പെയിന്റ് അടിക്കാന്‍ കൊടുത്തിരിക്കുകയാണ്. മെറ്റാലിക് പെയ്ന്റിനു അമേരിക്കയില്‍ വില കൂടുതലായതിനാല്‍ കേരളത്തില്‍ നിന്നു തിരിച്ചു പോരുമ്പോ അമ്പത് പാട്ട മേടിച്ചോണ്ട് പോയാ മതി എന്ന് കെട്ട്യോളും അവളുടെ ആങ്ങള തോമസ് കുട്ടീം പറഞ്ഞിട്ടൊണ്ട്‌. അമേരിക്കക്കാരന്‍ ആണെന്ന് അറിഞ്ഞാല്‍ നമ്മുടെ നാട്ടിലെ ദരിദ്രവാസി കടക്കാര്‍ വില കൂട്ടിയിടും. എന്നെ അങ്ങിനെ പറ്റിക്കാന്‍ നോക്കണ്ട. പണ്ടു നാട്ടില്‍ നടന്ന പോലെ ഒറ്റ മുണ്ടും അരക്കയ്യന്‍ ഉടുപ്പുമായി റോബിന്‍ ബസില്‍ കയറി പാലായില്‍ ചെന്നു പെയിന്റ് മേടിക്കും. പുത്തി ഒള്ള അച്ചായനാ ഞാന്‍.(ഇതു ഞാന്‍ വാങ്ങിയ വിമാനം. ഒരു കോട്ട് പെയിന്റടിച്ചാല്‍ ഇവന്‍ ഓക്കേ)


ഞാന്‍ വിമാനം മേടിച്ചെന്നു കേട്ടതേ, "കൊക്കാന" (കേരള അച്ചായന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക ആന്‍ഡ്‌ പാപ്വ ന്യു‌ഗിനിയ) എന്ന സംഘടന കാശെല്ലാം പിരിച്ചു കൂട്ടി ഒരു വിമാനം മേടിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാരൂടെ ഇതേ നാട്ടിപ്പോയി തിരിച്ചു വരാനാണ് പരിപാടി. ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നീ അവധിക്കാലങ്ങളില്‍ കേരളത്തിലേക്ക്‌ ആരും പോവൂല്ല. ഈ രണ്ടു കാലത്തും കൊക്കാന അംഗങ്ങളുടെ കെട്ടിയോള്‍മാര്‍ക്ക് ഇഷ്ടം പോലെ ഓവര്‍ടൈം ചെയ്തു കാശുണ്ടാക്കാനുള്ള അവസരമാ. അതുകൊണ്ട് നാട്ടില്‍ വല്ല ഓണപ്പരീക്ഷ നടക്കുന്ന സമയത്തേ കൊക്കാനക്കാര്‍ വീട്ടിപ്പോകൂ. അവധിയെല്ലാം കഴിഞ്ഞേച്ചു തിരിച്ചു പോരുമ്പോ ഒരു വര്‍ഷത്തേക്കുള്ള ചക്ക, മാങ്ങ, ഉപ്പേരി, ഉപ്പിലിട്ടത്, അച്ചാര്‍, റബ്ബര്‍ ഷീറ്റ്, തേങ്ങ, കൊപ്ര, എന്നീ അവശ്യ വസ്തുക്കള്‍ പെറുക്കികെട്ടി കൊണ്ടോരാന്‍ പാകത്തിനുള്ള വിമാനമാണ് "കൊക്കാന" മേടിച്ചതെന്നു അവരുടെ സെക്രട്ടറി ഇട്ടിച്ചന്‍ ചേലക്കയം എന്നെ ഇടക്ക് വിളിച്ചൊന്നു പറഞ്ഞാരുന്നു. അവനെന്നെ ഒന്നു ചൊറിയാന്‍ വിളിച്ചതാന്നു എനിക്കറിയാം. "അച്ചായന്റെ വിമാനം 77 മോടെലാ അല്യോ" എന്നവന്‍ എന്നെ ഒന്നു കുത്തുകേം ചെയ്തു.

(കൊക്കാന പിരിവിട്ടു വാങ്ങിയ സംഗതി. ഇതിനേം വിമാനം എന്ന് വിളിക്കും)


തേങ്ങേം മാങ്ങേം കേറ്റാന്‍ യാത്രക്കാരുടെ തലക്ക് മോളില്‍ ഇഷ്ടം പോലെ സ്റ്റോറേജ് സൌകര്യമുള്ള ഇത്തരം ഒരു വിമാനത്തിന്റെ പടം "കൊക്കാന", അവമ്മാരടെ അംഗങ്ങക്ക് ഇമെയില്‍ ചെയ്താരുന്നു. ഒരെണ്ണം ആരോ ഫോര്‍വേഡ് ചെയ്തു എനിക്കും കിട്ടി. നിങ്ങളും വേണമെങ്കില്‍ കണ്ടോ. ഇതാ ഈ നേരെ മോളില്‍ കാണുന്നതാ അവമ്മാര് മേടിച്ച കുന്തം. ഇതെന്നാതാണോ ആവോ.
(ജോണ്‍ ട്രവോള്‍ട്ടയുടെ ഫ്ലോറിഡയിലെ വീട്)


കാശുണ്ടായിട്ടു വേണം എനിക്ക് ഹോളിവുഡ്‌ നടന്‍ ജോണ്‍ ട്രവോള്‍ട്ടയുടെ കൂട്ട് ഒരു വീട് മീനച്ചിലാറ്റിന്റെ കരേല്‍ പണിയാന്‍. അതിനായി അയാടെ കെട്ടിടത്തിന്റെ ഒരു പടം ഞാന്‍ നാട്ടില് അനിയച്ചാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്‌. ട്രവോള്‍ട്ടയുടെ വീട്ടിന്റെ പോര്‍ച്ചില്‍ കാറിനു പകരം വിമാനമാ. അറിയാമോ? ഇത്തരം ഒരെണ്ണം പണിതിട്ടു വേണം നാട്ടിലെ എല്ലാ ചാനലുകാരെയും വിളിച്ചു തണ്ണി കൊടുത്ത് എന്റെ വീടിന്റെ പടം കേരളം മൊത്തം കാട്ടാന്‍. എന്നിട്ട് അതിന്റാത്തു നല്ല കവറേജ് നടത്തിയോമ്മാരുടെ കയ്യീന്ന് സിഡിയും വാങ്ങി അമേരിക്കയില്‍ തിരിച്ചു ചെല്ലുമ്പം കൂടെ ജോലി ചെയ്യുന്ന എല്ലാ പഹന്മാരെയും അത് കാട്ടി വിരട്ടണം.
ഇങ്ങനൊക്കെ കാട്ടനല്ലേ പിന്നെ ഇവിടെ, അമേരിക്കേല് വന്നു കിടന്നു കണ്ടോന്റെ തറ തൊടക്കുന്നതെന്നാത്തിനാ?

No comments:

Post a Comment