Monday 27 January 2014

അന്ന് അപ്പനെ അടിച്ചത് പ്രേതം ആയിരുന്നോ?

1954. ഭക്ഷ്യോല്പാദന വര്‍ധന എന്ന ലക്ഷ്യവുമായി ഇടുക്കിയിലേക്ക് കുടിയേറ്റക്കാരെ അനുവദിച്ച കൂട്ടത്തില്‍ എന്റെ പിതാവിന്റെ കുടുംബവും ഉണ്ടായിരുന്നു. എട്ടംഗ സംഘം ചുരുങ്ങിയ കാലത്തിനുള്ളില്‍ സാമാന്യം തരക്കേടില്ലാത്ത സ്ഥലം വെട്ടിപ്പിടിച്ചു. മണ്ണിനായി പോര്, മണ്ണിനോട് പട: ഇതായിരുന്നു അമ്പതുകളിലെ ഇടുക്കി. രാത്രിയില്‍ വേലിപ്പത്തലുകള്‍ മാറ്റിക്കുത്തി നമ്മുടെ സ്ഥലം കവരുന്ന മറ്റ് അച്ചായന്മാരെ അടിച്ച് ഒതുക്കലായിരുന്നു ആദ്യത്തേത്. ജ്വരം, മഞ്ഞപ്പിത്തം എന്നിവ കൂളായി നമ്മുടെ ജീവന്‍ അടിച്ച് മാറ്റിക്കൊണ്ടു പോകുന്ന മണ്ണില്‍ കാപ്പി, ഏലം, കുരുമുളക്, ഇഞ്ചി എന്നിവ വിളയിക്കല്‍ രണ്ടാമത്തെ ബഹളം. ഇതില്‍ രണ്ടിലും പെടാത്ത മൂന്നാമതൊരു കുരിശിനെക്കൂടി അവര്‍ ചുമന്നിരുന്നു - കാട്ടാന ശല്യം.



കാട്ടാനയെ ഓടിക്കാന്‍, 35 ഏക്കര്‍ പാറയും അത്രതന്നെ നല്ല മണ്ണും ഉള്ള പുരയിടത്തിന്റെ പല മൂലകളിലുള്ള ഏറുമാടങ്ങളില്‍ ഒന്നില്‍ കാവല്‍ ഇരിക്കവേയാണ് ജീവിതത്തില്‍ ആദ്യമായും അവസാനമായും എന്റെ പിതാവിന് ആ അനുഭവം ഉണ്ടായത്. ആനയ്ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള ഉയരത്തില്‍ ഈട്ടി മരം തലപ്പത്ത്‌ മുറിച്ച്, അവിടെ ഏറുമാടം പണിയുന്നു. ഇതില്‍ കയറിപ്പറ്റാന്‍ കയര്‍ ഏണിയും. സന്ധ്യ കഴിഞ്ഞു, കഴിച്ച അത്താഴം അന്ത്യ അത്താഴം ആവരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് അതിലേക്ക് കയറ്റം.



മരമൊടിയുന്ന ഒച്ച കേള്‍ക്കുമ്പോള്‍ അഞ്ചു ബാറ്ററിയുടെ ടൈഗര്‍ ടോര്‍ച്ച് കത്തിച്ചു സംഗതി ആന തന്നെയാണെന്ന് ഉറപ്പാക്കണം. പിന്നെ മറ്റു മരങ്ങളിലുള്ള കാവല്‍ക്കാരെ അറിയിക്കാന്‍ പാട്ട കൊട്ടല്‍. സാധാരണ പാട്ടയുടെ (നമ്മുടെ എണ്ണപ്പാട്ട തന്നെ) ഒച്ച കേട്ടാല്‍ വഴി മാറുന്ന ആനകള്‍ പോയില്ലെങ്കില്‍ മാത്രം പടക്കമേറ്.



ആന ഇറങ്ങാതിരുന്ന, സുന്ദരമായ ഒരു രാത്രിയില്‍ ആയിരുന്നു അപ്പന്‍ പാതി മയക്കത്തില്‍ വഴുതി വീണത്. രാത്രിയില്‍ എപ്പോഴോ ഏറുമാടം മൊത്തത്തില്‍ ഇളകി ആടാന്‍ തുടങ്ങി. ആളുകള്‍ കയര്‍ ഏണിയില്‍ പിടിച്ചു കയറുമ്പോള്‍ ഉണ്ടാകുന്ന അതേ ഇളക്കം. അനക്കം ഒന്നു കുറഞ്ഞതായും പിന്നെ അല്പ നേരത്തെ നിശബ്ദതക്കു ശേഷം ഇടത്തെ തോളില്‍ നല്ല ബലത്തില്‍ ഒരു അടി കിട്ടിയതായും പുള്ളിക്ക് ഓര്‍മയുണ്ട്‌. ഉണര്‍ന്നു നോക്കുമ്പോള്‍ മാടത്തിനു ചെറിയ ഇളക്കം, ടോര്‍ച്ച് സമീപത്തുണ്ട്, കയര്‍ ഏണി രാത്രിയില്‍ വലിച്ചു കയറ്റി വച്ച അതേ സ്ഥാനത്തുണ്ട്. ഒരേ ഒരു പ്രശ്നം മാത്രം - തോളത്തു, നല്ലൊരു അടിപ്പാട്. താഴെ നിന്നു ആര്‍ക്കും കയറി വരാന്‍ കഴിയാത്ത അവസ്ഥയില്‍ അപ്പനെ ഏറുമാടതിനുള്ളില്‍ അടിച്ചതാര്? ആരോ കയറി വന്നു അടിച്ച ഫീലിംഗ് ഉണ്ടായെന്നു അപ്പന്‍ തറപ്പിച്ചു പറയുന്നു. ഇതിനെയാണോ ഭൂതം എന്ന് പറയുക? കളിയായും കാര്യമായും വിശാല മനസ്കനോടും മറ്റു അന്ധ വിശ്വാസികളോടും ചോദിക്കട്ടെ: പ്രേതം എന്ന് പറയുന്ന സംഗതിയുണ്ടോ? അവയ്ക്ക് ഇങ്ങനെ മനുഷ്യനെ രാത്രിയില്‍ വന്നു ഉപദ്രവിക്കുന്ന സ്വഭാവമുണ്ടോ?



അപ്പന്‍ അന്ധ വിശ്വാസി അല്ലെന്നു കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി എനിക്കറിയാം. കെട്ട് കഥ ചമച്ചു പറയാനുള്ള അത്ര ഭാവനയും പുള്ളി പ്രകടിപ്പിക്കാറില്ല. അപ്പന്‍ കണ്ടത് പ്രേതത്തെ ആയിരുന്നോ? നമ്മുടെ ബുദ്ധിയാല്‍ അളക്കാന്‍ കഴിയുന്നതില്‍ അപ്പുറവും സംഗതികളുണ്ടോ? ആ ആര്‍ക്കറിയാം.



നിങ്ങളില്‍ ആര്‍ക്കെങ്കിലും പ്രേതാനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.

No comments:

Post a Comment