Monday, 27 January 2014

ഓരോരുത്തന്‍മാര്‍ ഓരോന്നുമായി ഇറങ്ങിക്കോളും

Ponmudi Dam (Idukki District)
പണ്ട് ഇടുക്കിയില്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലം. പൊന്മുടി ഡാമിന് സമീപത്തുനിന്ന് ജെയിംസ്‌ എന്നൊരു പഹയന്‍ ക്ലാസില്‍ ഉണ്ടായിരുന്നു. ലേശം കഞ്ചാവ് വലിക്കും, സമയം കിട്ടുമ്പോള്‍ കഥകള്‍ പറയും. ജെയിംസിന്‍റെ മാസ്റ്റര്‍പീസ്‌ ആയിരുന്നു പൊന്മുടി ഡാമിലെ പാമ്പിന്‍റെ കഥ.
ജലാശയത്തിനടുത്തുള്ള വീടുകളില്‍ ഒന്നില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ രാത്രി കിടക്കാന്‍ നേരം കട്ടിലിനടിയില്‍ എന്തോ ശബ്ദം കേള്‍ക്കുന്നു. നോക്കിയപ്പോള്‍ പെരുമ്പാമ്പ്‌ പോലെ വലിയൊരു പാമ്പ്. തലയില്‍ കോഴിയുടെ മാതിരി പൂവ്‌. ഉണ്ടാക്കുന്ന ശബ്ദം പേടിപ്പെടുത്തുന്നതും. കഥയുടെ അവസാനം പാമ്പിനെ കൊന്നോ അതോ അയാളെ വെട്ടിച്ച് പാമ്പ് രക്ഷപ്പെട്ടോ എന്നെനിക്ക് ഓര്‍മയില്ല. പക്ഷെ കഥ എന്‍റെ ഭാവനയെ ഉണര്‍ത്തി.
പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു രാതിയില്‍ ഡാം കഴിഞ്ഞുള്ള കുത്തനെയുള്ള കയറ്റത്തില്‍ ടാറ് പോയിട്ട്, അടിയിലെ വലിയ കല്ലുകള്‍ പോലും ഇളകി കിടക്കുന്ന വഴിയെ വണ്ടി ഫസ്റ്റ് ഗിയറില്‍ ഇരപ്പിച്ചു കയറിപ്പോകുമ്പോള്‍ അറിയാതെ പുറകിലത്തെ സീറ്റിലേക്ക് തിരിഞ്ഞു നോക്കിപ്പോയത് പാമ്പ് എന്‍റെ കൂടെ വണ്ടിയില്‍ എങ്ങാനും കയറിപ്പറ്റിയിട്ടുണ്ടാവും എന്ന തോന്നലില്‍ ആയിരുന്നില്ലേ?
ആയിരുന്നു.
ഇത്തരം കഥകള്‍ മനുഷ്യന്‍റെ സ്വൈര്യം കെടുത്താനായി ഇടയ്ക്കിടെ പൊന്തി വരും. സ്കോട്ട്ലന്‍ഡിലെ തടാകങ്ങളില്‍ ഒന്നില്‍ ഒരു ജീവി ഉണ്ടെന്നു കഥ വന്നിരുന്നു. പണ്ടേ ഉള്ള കഥയാണ്‌. കാലാ കാലങ്ങളില്‍ ഏതെങ്കിലും ഒരുത്തന്‍ അതിനെ 'കാണും'. അവസാനം ഏതോ ഒരു ചാനല്‍, 'ഡിസ്കവറി' ആണെന്ന് തോന്നുന്നു, സാങ്കേതിക സഹായത്തോടെ ആ ജീവിയെ കണ്ടെത്താന്‍ തടാകം അരിച്ചു പെറുക്കുന്ന ദൃശ്യം കാണിച്ചിരുന്നു. ഇന്നും
Loch Ness Monster മനുഷ്യന് പിടികൊടുത്തിട്ടില്ല.

Loch Ness Monster
ഇത് ഗ്രാമങ്ങളില്‍ മാത്രം ഉള്ള കഥകള്‍ ആണോ? വിജനമായ പ്രദേശം ഭാവനയുടെ ചിറകില്‍ മനുഷ്യ മനസ്സിലെ പ്രാകൃത വികാരത്തെ ഉണര്‍ത്തിവിടും. ഭയം എന്ന വികാരം. നഗരങ്ങളില്‍ ഇങ്ങിനെ ഒരു കഥ ഉണ്ടാക്കി എടുക്കാന്‍ കഴിയുമോ? കഴിയും. ഭയത്തിനു പകരം ഹാസ്യവും അതിശയവും കലര്‍ന്ന കഥകള്‍. അങ്ങിനെ കേട്ട കഥകളില്‍ രണ്ടെണ്ണം മാത്രം എന്‍റെ ശ്രദ്ധയെ ബലമായി പിടിച്ചുകൊണ്ട് പോയി.
ആദ്യ കഥ ഇങ്ങിനെ ആയിരുന്നു - സ്കോട്ട്ലന്‍ഡിലെ പുരയിടങ്ങളില്‍ ഒന്നില്‍ കളിക്കാന്‍ പോയ പ്രഭുകുമാരന്‍ വെള്ളത്തില്‍ വീഴുന്നു. രക്ഷിച്ചത്‌ ഇത് കണ്ട് ഓടിവന്ന കര്‍ഷകന്‍. പകരം പ്രഭു നല്‍കിയ സമ്മാനങ്ങള്‍ ഒന്നും അയാള്‍ സ്വീകരിച്ചില്ലെങ്കിലും തന്‍റെ മകന്‍റെ പഠനത്തിനുള്ള ചെലവു വഹിക്കാം എന്നുള്ള വാഗ്ദാനം അദ്ദേഹം സ്വീകരിച്ചു. അങ്ങിനെ കര്‍ഷകസന്തതി പഠിച്ചു, വളര്‍ന്നു, വലിയൊരു ശാസ്ത്രജ്ഞന്‍ ആയി. പെന്‍സിലിന്‍ കണ്ടു പിടിച്ച അലക്സാണ്ടര്‍ ഫ്ലെമിംഗ്. അങ്ങിനെ ഇരിക്കുമ്പോള്‍ പഴയ പ്രഭുകുമാരന്‍ കടുത്ത ന്യുമോണിയ ബാധിച്ചു കിടപ്പില്‍ ആകുന്നു. നമ്മുടെ ഫ്ലെമിംഗ് പെന്‍സിലിന്‍ നല്‍കി അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നു. വിന്‍സ്ടന്‍ ചര്‍ച്ചില്‍ ആയിരുന്നു ആ കുമാരന്‍.

Winston Churchill
നല്ല കഥ അല്ലെ? എന്നാല്‍ അതത്ര നല്ല കഥയായി പ്രഭു കുമാരന്‍റെ കുടുംബത്തിനു തോന്നിയില്ല. എന്തെന്നാല്‍ അതൊരു കെട്ടുകഥ ആയിരുന്നു. പണ്ട് ആരോ ഇറക്കിയ കഥ. ഇന്‍റര്‍നെറ്റ് യുഗത്തില്‍ അതു ഇമെയില്‍ വഴി അങ്ങോട്ടും ഇങ്ങോട്ടും കിടന്നു കുറെ കളിച്ചു. അവസാനം
www.winstonchurchill.org എന്ന വെബ്സൈറ്റില്‍ ആ കള്ളക്കഥ പൊളിച്ചടുക്കുന്നുണ്ട് (read here)
അവര്‍ പറയുന്നത് പ്രകാരം ഈ കഥ തുടങ്ങിയത് 1950ല്‍. കഥ ഇറക്കിയത് പത്രക്കാരോ വികൃതികളോ ആയിരുന്നില്ല. മറിച്ച് ഒരു മത സംഘടന ആയിരുന്നു . Worship Programs for Juniors, എന്ന പേരില്‍ Alice A. Bays, Elizabeth Jones Oakberg എന്നിവര്‍ രചിച്ച പുസ്തകത്തില്‍ ആണ് കഥ ആദ്യം പ്രത്യക്ഷപ്പെട്ടത്‌!!!

Alexander Fleming
രണ്ടാമത്തെ കഥയില്‍
Harvard സര്‍വകലാശാലയുടെ പ്രസിഡണ്ടിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട ദമ്പതികള്‍ ആയിരുന്നു നായകര്‍. ഇരുവരുടെയും വേഷം വളരെ സാധാരണക്കാരുടെത്. അവര്‍ വന്നത് ഹാര്‍വാര്‍ഡില്‍ പഠിക്കവെ മുങ്ങി മരിച്ച മകന്‍റെ ഓര്‍മ്മക്കായി ക്യാമ്പസില്‍ സ്മാരകം നിര്‍മിക്കാന്‍ പറ്റുമോ എന്നറിയാന്‍. പറ്റില്ലെന്നും അങ്ങിനെ ചെയ്‌താല്‍ മറ്റുള്ളവര്‍ക്കും ചെയ്തു കൊടുക്കേണ്ടി വരുമെന്നും അവസാനം ക്യാമ്പസ്‌ സെമിത്തേരി പോലെയാകുമെന്നും ഉദ്യോഗസ്ഥന്‍. എന്നാല്‍ കെട്ടിടം നിര്‍മിച്ചാലോ എന്നായി അമ്മ. അതിനെത്ര പണം ചെലവു വരുമെന്ന് അറിയുമോ, അതു നിങ്ങളെക്കൊണ്ടാവുമോ എന്ന് പുച്ഛം നിറഞ്ഞ മറുപടി. മനസ്സ് മടുത്തു ഇറങ്ങിപ്പോയ ആ ദമ്പതികള്‍ പിന്നെപ്പോയ്‌ ചെയ്തത് ഒരു സര്‍വകലാശാല തുടങ്ങുകയായിരുന്നു. കോടീശ്വരര്‍ ആയിരുന്നു സ്റ്റാന്‍ഫട് ദമ്പതികള്‍, തുടങ്ങിയത് അതേപേരിലുള്ള സര്‍വകലാശാലയും.

Stanford Family
ഈ കെട്ടുകഥ ഇന്‍റര്‍നെറ്റ് യുഗത്തിന്‍റെ സൃഷ്ടി ആയിരുന്നു. അവസാനം സ്റ്റാന്‍ഫട് സര്‍വകലാശാല ഇതിനെ നിരാകരിച്ചു കുറിപ്പിറക്കി. ഇപ്പോള്‍ ആ കാര്യം അവരുടെ വെബ്‌ സൈറ്റിലും ലഭ്യം (ഇവിടെ നോക്കൂ). കഥയില്‍ ചെറിയ കാര്യം ഉണ്ടായിരുന്നു. ഹാര്‍വാര്‍ഡ്‌ പ്രസിഡണ്ടിനെ ദമ്പതികള്‍ ഒരിക്കല്‍ നേരില്‍ കണ്ടിരുന്നു. സര്‍വകലാശാല നിര്‍മിക്കാന്‍ മാര്‍ഗ നിര്‍ദേശം തേടിയാണ് അവര്‍ എത്തിയതും. മാന്യമായിരുന്നു സ്വീകരണം. വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തുവത്രേ.
ഇത്തരം കഥകളെ ഇംഗ്ലീഷില്‍
urban legend എന്ന് വിളിക്കും. ഇന്‍റര്‍നെറ്റ് വന്നതോടെ ഇത്തരം കഥകളുടെ പ്രവാഹം ആയിരുന്നു. ദുബായ്‌ ഓഫിസില്‍ ബോറടിച്ച് ഇരിക്കുമ്പോഴാവും അമേരിക്കയില്‍ ഉള്ള കസിന്‍ ഈ മോഡലില്‍ ഉള്ള കഥ ഒരെണ്ണം ഇമെയില്‍ ചെയ്യുന്നത്. കിട്ടിയവന്‍ അതു നേരെ വയനാട്ടില്‍ ഉള്ള പാപ്പന്‍റെ ഇളയമോന് അയച്ചു കൊടുക്കും. അവന്‍ അത് അവന്‍റെ കൂട്ടുകാര്‍ക്കും. ഇത്തരം കഥകള്‍ വൈറസ്‌ പോലെ പെരുകുന്നത് കാരണം അവയെ ഇപ്പോള്‍ 'virals' എന്നാണ് വിളിക്കുക. ചില വിദേശ പത്രങ്ങള്‍ ഇത്തരം പടങ്ങള്‍ ശേഖരിച്ചു വെബ്‌ സൈറ്റില്‍ കൊടുക്കാനും തുടങ്ങി.
നമ്മുടെ നാട്ടില്‍ ഇത്തരം വൈറല്‍ കഥകളുടെ ഒരു കാലം ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ പകുതി വരെ ആ സംഗതി വല്ലപ്പോഴും കൈയില്‍ കിട്ടിയിരുന്നു, ഏറ്റവും വിലക്കുറഞ്ഞ, കനം കുറഞ്ഞ, ബോറന്‍ നിറത്തിലുള്ള റീ സൈക്കിള്‍ട് പേപ്പറില്‍ ഇങ്ങിനെ: "ഈ കത്ത് കിട്ടുന്നവര്‍ നൂറു കോപ്പി എടുത്ത് വിതരണം ചെയ്യുമല്ലോ. കോട്ടയത്ത് ഒരാള്‍ കിട്ടിയിട്ട് അനങ്ങിയില്ല. അയാളുടെ ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടി. തിരുവനന്തുപരത്തു ഇത് കിട്ടിയ ആള്‍ പതിനായിരം കോപ്പി എടുത്ത് വിതരണം ചെയ്തു. അയാള്‍ ഇലക്ഷനില്‍ ജയിക്കുകയും കേന്ദ്രമന്ത്രി ആവുകയും ചെയ്തു............"

No comments:

Post a Comment