Monday, 27 January 2014

പേര്: സാബു, ജോലി: സൂപ്പര്‍ സ്റ്റാര്‍ (ഹോളിവുഡ്)

ഒരു ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം എന്തായിരിക്കും? അമേരിക്കകാരന്‍ ഒരു പരട്ട സായിപ്പ്? (വൈറ്റ് കൊക്കേഷ്യന്‍ എന്ന് അലവലാതികളുടെ ഭാഷ) അതും ക്രിസ്ത്യാനി? ബിരുദധാരി? എന്നാല്‍ നമ്മുടെ നായകന്‍ കറുത്തൊരു കാക്ക (മുസ്ലിം). സ്കൂള്‍ എന്ന് അബദ്ധവശാല്‍ നമ്മള്‍ പറഞ്ഞു പോയാല്‍ "അതെന്തുവാ?" എന്ന് വണ്ടര്‍ അടിക്കുന്ന ചങ്ങാതി. ആദ്യ ജോലി പതിമൂന്നാം വയസ്സുവരെ ആനക്കാരന്‍. ഇതു സാബു ദാസ്താഗിറിന്റെ കഥ. മൈസൂര്‍ രാജാവിന്റെ ആനക്കാരന്റെ മകന്‍. അച്ഛന്‍ മരിച്ചപ്പോള്‍ പകരം പണി ഏറ്റെടുത്ത അവതാരം. തലേ വര എന്ന സംഗതിയുടെ ബലത്തില്‍ 1930 കളില്‍ ഹോളിവുഡ് നായകനാവുകയും ഒരു കാലത്തു അവിടുത്തെ ഏറ്റവും പണക്കാരനായ നടനാവുകയും ചെയ്തയാള്.




കഥ
നടന്നത് പ്രീ- സോഫ്റ്റ്‌വെയര്‍/നഴ്സിംഗ് കാലഘട്ടത്തില്‍ ആയതിനാല്‍ ഇപ്പോള്‍ അമേരിക്കയിലുള്ള ഒരുവിധപ്പെട്ട ഇന്ത്യന്‍ ഈനാം പേച്ചികള്‍ക്കൊന്നും ഇതിയാനെപ്പറ്റി വിവരം ഒന്നുമില്ല. റുട്യാട് കിപ്ലിങ്ങിന്റെ കഥ സിനിമയാക്കാന്‍ മൈസൂര്‍ രാജാവിന്റെ അടുത്തെത്തിയ സിനിമാക്കാര്‍ക്ക്‌ മുന്നിലേക്ക് അവിചാരിതമായി വന്നതായിരുന്നു സാബു. പയ്യന്‍സിന്റെ തലയെടുപ്പും ആനയെ നിയന്ത്രിക്കാനുള്ള കഴിവും കണ്ട സായിപ്പുമാര്‍ ഇതിയാനെ നായകനാക്കുന്നു. ഹോളിവുഡ് നായകന്മാരിലെ ഏക ഇന്ത്യാക്കാരന്റെ ജനനം അങ്ങിനെ ആയിരുന്നു. തുടര്ന്നുണ്ടായത് യക്ഷിക്കഥ തോല്‍ക്കും ജീവിതം.



മിക്കവാറും അടിപിടി-കാട്ടു പടങ്ങളില്‍ അഭിനയിച്ചു നടന്നു ആശാന്‍ ഏറെ കാശുണ്ടാക്കി. കൂട്ടുകാരില്‍ റീഗന്‍ വാള്‍ട്ട് ഡിസ്നി എന്നിവര്‍. ഒരിക്കല്‍ ഡിസ്നി യോട് സാബു ചോദിച്ചത്രേ: ഇന്ത്യയില്‍ എന്നാണ് ഡിസ്നിലാണ്ട് തുടങ്ങുക? അതിന്റെ മറുപടി എന്താണെന്ന് ചരിത്രത്തില്‍ കാണുന്നില്ല. ഒറിജിനല്‍ ആനയുടെയും കടുവയുടെയും നാട്ടിലേക്ക് ഡ്യൂപ്ലിക്കേറ്റ്‌ ചരക്കുകളുമായി പോകാനുള്ള ചമ്മല് കൊണ്ടാവാം ഡിസ്നി അബദ്ധം കാണിച്ചില്ല.

1948ല് മേരിലിന്‍ കൂപ്പര്‍ എന്ന നടിയെ വിവാഹം ചെയ്ത സാബു 1963ല് മുപ്പത്തി ഒന്‍പതാം വയസ്സില്‍ ഹൃദയ സ്തംഭനം വന്നു മരിക്കുന്നത് വരെ ബന്ധം നീണ്ടു. സാബുവിന്റെ മരണ ശേഷവും വേറെ ആരെയും കല്യാണം കഴിക്കാതിരുന്ന മേരിലിനോട് കാരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു: സാബുവിനെ പോലെ ഉള്ള ആളുടെ കൂടെ കഴിഞ്ഞാല്‍ പിന്നെ വേറെ ആളെ ഇഷ്ടപ്പെടില്ല (ഇതെന്താ ആനക്കാരനായിരുന്ന കാലത്തു സാബുവും ആനയും ആയുധങ്ങള്‍ വച്ചു മാറിയിരുന്നോ, മദാമ്മ ഇങ്ങിനെ പറയാന്‍?).

മരിച്ചു
25 വര്ഷം ആയപ്പോള്‍ ഹിന്ദു ദിനപ്പത്രത്തിന്റെ സണ്‍‌ഡേ പേജില്‍ ഒരു ഓര്‍മ്മക്കുറിപ്പ്‌. അതിനും ഏതാനും ദിവസം മുന്പേ ദൂരദര്‍ശനില്‍ ജംഗിള്‍ ബുക്ക് എന്ന ചിത്രം കാട്ടിയിരുന്നു. പിന്നെ പതിനഞ്ച് വര്ഷവും കൂടി കഴിഞു മനോരമയിലും ഒരു കുറിപ്പ്.



വൈറ്റ് ഹൌസ് സന്ദര്‍ശിച്ചപ്പോള്‍ ഒരു മിനിട്ടു നേരം പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞു എന്ന് അവകാശപ്പെട്ടു നടക്കുന്ന പൊങ്ങച്ചക്കാരന്‍ കോട്ടയം അച്ചായന്റെ കഥ പത്രത്തില്‍ വായിക്കുമ്പോള്‍ ഓര്‍ത്തു പോകുന്നു സാബു എന്ന അതിസാധാരണ പേരുള്ള, അത്യസാധാരണ തലേവര ഉടമയുടെ ആ തലപ്പൊക്കം. പത്രങ്ങളില്‍ സാബു പൊങ്ങച്ചം എഴുതുകയായിരുന്നെന്കില്‍ ഒരുപക്ഷേ മനോരമയുടെ ഒരു വര്‍ഷത്തെ ഞായറാഴ്ചപ്പതിപ്പുകള്‍ മുഴുവനും അത് കൊണ്ടു നിറച്ചു, മിച്ചം മാതൃഭൂമിക്ക് കൊടുക്കാമായിരുന്നു.
സാബുവിന്റെ സ്റ്റില്‍ ഫോട്ടോകള്‍ യുട്യൂബില്‍: http://www.youtube.com/watch?v=jlFKFKpT5sE

1939 ലെ ടൈം മാഗസിനിലെ ഈ ലേഖനം കൂടി വായിക്കൂ: http://www.time.com/time/magazine/article/0,9171,760653,00.html


http://www.mybrightonandhove.org.uk/page_id__6505.aspx

No comments:

Post a Comment