Monday 27 January 2014

ജീവിതം സിനിമയെ അനുകരിച്ചുവോ?


വല്ലപ്പോഴും ഒരു ഇറ്റാലിയന്‍ ചലച്ചിത്രം മനസ്സിനെ പിടിച്ചുലക്കാറുണ്ട്. Life is Beautiful, Cinema Paradiso എന്നിവയ്ക്കതു കഴിഞ്ഞു. ഇപ്പോഴിതാ Il Postinoയും എന്‍റെ മനസ്സില്‍ ഒരു പുതുമഴയായ് പെയ്തു പോയി.

ഒരു തൊഴില്‍ രഹിതനായ ചെറുപ്പക്കാരന് താല്‍ക്കാലികമായി പോസ്റ്റ്‌ മാന്‍ ജോലി ലഭിക്കുന്നതോടെ ഈ സാങ്കല്പിക കഥ തുടങ്ങുന്നു. ഒരു ദ്വീപിലാണത്. ചിലിയില്‍ നിന്ന് നാട് കടത്തപ്പെട്ട പാബ്ലോ നെരൂദ അവിടെ താമസിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‌ ദിവസവും വരുന്ന കത്തുകള്‍ അകലെ കുന്നിന്‍മുകളിലെ വീട്ടില്‍ എത്തിച്ചു കൊടുക്കുകയാണ് പണിയെന്നും പോസ്റ്റ്‌ മാസ്റ്റര്‍ കക്ഷിയെ അറിയിക്കുന്നു. ചെറുപ്പക്കാരന്‍ പതിയെപ്പതിയെ നെരൂദയുടെ ശിഷ്യനാകുന്നു, ആരാധകനാകുന്നു, അദ്ദേഹത്തിന്‍റെ പ്രണയ കാവ്യം കോപ്പിയടിച്ച് ഒരു പെണ്ണിന് കൊടുത്ത് അവളുടെ ഹൃദയം കവരുന്നു.

കവിക്ക് നോബല്‍ സമ്മാനം ലഭിച്ചു നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ പോസ്റ്റ്‌മാന്‍റെ ജോലിയും നഷ്ടമാകുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒരുനാള്‍ തിരികെ വരുന്ന നെരൂദ കാണുന്നത് പഴയ പോസ്റ്റ്‌മാന്‍റെ കാമുകിയെയും മകനെയും മാത്രം. അയാള്‍ ഒരു കമ്മ്യൂണിസ്റ്റ്‌ പ്രകടനത്തില്‍ പങ്കെടുക്കവേ കൊല്ലപ്പെട്ടിരുന്നു. ചിത്രത്തില്‍ പോസ്റ്റ്‌ മാന്‍ ആയി അഭിനയിച്ച Massimo Troisi ഇന്ന് നമ്മോടൊപ്പമില്ല. സിനിമയുടെ ചിത്രീകരണം അവസാനിച്ച് പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. ഉറക്കത്തില്‍. ഹൃദ്രോഗം ഉണ്ടെന്ന് അറിയാമായിരുന്നു, ചിത്രീകരണം കഴിയാന്‍ വേണ്ടി ലണ്ടനില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ Troisi മാറ്റിവയ്ക്കുകയായിരുന്നു. ജീവിതം സിനിമയെ അനുകരിക്കുകയായിരുന്നുവോ? അറിയില്ല.

പോസ്റ്റ്‌മാന്‍, നെരൂദ എന്നിവര്‍ക്ക് പുറമേ ഇറ്റലിയുടെ 'rural tranquil' ഈ ചിത്രത്തില്‍ മൂന്നാമത്തെ നായകന്‍. Under the Tuscan Sunല്‍ കണ്ടപോലത്തെ ഒരു ശാന്തത. Il Postino വിജയമായപ്പോള്‍ അതില്‍ കാണിച്ച ബീച്ച് ടൂറിസ്റ്റുകള്‍ നിരങ്ങി നടന്നു വൃത്തികേടാക്കി. സിനിമയില്‍ നെരൂദ താമസിച്ച വീട് ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു. അതാണ്‌ മുകളിലത്തെ ചിത്രം. ഈ സിനിമ കണ്ടവര്‍ ഭാഗ്യവാന്മാര്‍, കാണാത്തവര്‍ ഒരു കോപ്പി സംഘടിപ്പിക്കുമല്ലോ.

No comments:

Post a Comment