Monday, 27 January 2014

നാടന്‍, 100% ശുദ്ധ കണ്‍ട്രി


കഴിഞ്ഞ അവധിക്ക് കായലോരത്തുകൂടി ആലപ്പുഴ വരെ വണ്ടിയോടിച്ചു വിശന്നു തിരികെ വരുമ്പോഴാണ് കോട്ടയത്തിന്‌ അല്പം മുന്‍പ് ഇടത്ത് വശത്ത് 'കരിമ്പുംകാല' എന്ന ബോര്‍ഡ്‌ കണ്ടത്. വണ്ടി ഒതുക്കി, അകത്തു കയറി നോക്കിയപ്പോള്‍ നല്ല വൃത്തി! സാധാരണ ഇടത്തരം കടകളില്‍ ഇല്ലാത്ത വൃത്തിയും ശ്രദ്ധയും. ചെമ്മീന്‍ റോസ്റ്റ്‌ അത്യുഗ്രന്‍. തുടര്‍ന്നുള്ള ആഴ്ചകളില്‍ വൈകുന്നേരം ബോറടിക്കുമ്പോള്‍ വണ്ടി ഉരുട്ടി എണ്‍പതു കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്ത് ചെന്ന് വയറു നിറച്ചു തിരിച്ചു വരുന്നതായിരുന്നു പ്രധാന കാര്യപരിപാടി.

കരിമ്പുംകാല പണ്ടേ പേരുകേട്ട സ്ഥലം ആണെന്നറിയാം - പേര് ഏറുമ്പോള്‍ ജനം ഇടിച്ചു കയറി കാലക്രമേണ സ്ഥലം അലമ്പാക്കാറുണ്ട്. എന്നാല്‍ ഇവിടെ വൈകുന്നേരങ്ങളില്‍ വലിയ തിരക്കൊന്നും കണ്ടില്ല. നമ്മള്‍ എഴുന്നേല്‍ക്കുന്നതും നോക്കി മറ്റുള്ളവര്‍ കാത്തു നില്‍ക്കാത്തതുകൊണ്ട് ഭക്ഷണം ഓരോ തരിയും സുഖിച്ചു കഴിക്കാം. ഇങ്ങിനെ ഒരിടം കണ്ടെത്താന്‍ ഇത്ര വൈകിയതെന്തേ എന്നായിരുന്നു എന്‍റെ മനസ്സിലെ ചോദ്യം. നല്ലത് പലതും വൈകിയാണല്ലോ കൈകളില്‍ എത്തുക.

തിരുവനന്തപുരത്തെ ജീവിതത്തിന്‌ ഇടയില്‍ അവിടെ ഒന്ന് രണ്ടു നല്ല ഭക്ഷണ ശാലകള്‍ കണ്ടിരുന്നു - ചാലയിലെ മീന്‍ കടയും തമ്പാനൂരിലെ മോത്തീസ് നാട്ടിന്‍പുറവും. ഇത് കൂടാതെ ഒരു നാടന്‍ കടയുണ്ടായിരുന്നു. കൃത്യ സ്ഥലവും പേരും അത്ര ഓര്‍മ്മ വരുന്നില്ല.


കോഴിക്കോടന്‍ ജീവിതത്തിന്‌ ഇടയിലാണ് വിരസ സായാഹ്നങ്ങളെ കൊല്ലാന്‍ പറ്റിയ കടകള്‍ കണ്ടെത്തിയത്‌. അതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ബീച്ച് ഹോട്ടെല്‍ ആയിരുന്നു. എന്നാല്‍ സന്തോഷം അല്‍പ കാലമേ നിലനിന്നുള്ളൂ - അവിടെ ബാര്‍ തുടങ്ങി. പൊതു സ്ഥലത്തുനിന്നുള്ള ദൂര പരിധി ശരിയാക്കാന്‍ വേണ്ടി ബീച്ചിലേക്ക് തുറന്നിരുന്ന ഗേറ്റ് അടച്ചു പൂട്ടി, കാര്‍ പാര്‍ക്കിംഗ്ഒരു വശത്ത് കൂടിയാക്കി, ഭക്ഷണം കഴിച്ചിരുന്ന ഇടത്ത് വൃത്തി കുറഞ്ഞു. രസികന്‍ മലബാറി ബിരിയാണി കിട്ടിയിരുന്ന ഈ ഇടം ഞാന്‍ അങ്ങിനെ ഉപേക്ഷിച്ചു.

ബീച്ച് ഹോട്ടല്‍, കോഴിക്കോട്

പകരം അല്പകാലം ബീച്ചിനു അരികില്‍ തന്നെയുള്ള ബോംബെ ഹോട്ടല്‍ നോക്കി. പഴയ പേര് മാത്രമേയുള്ളൂ, വൃത്തിയും ഭക്ഷണത്തിന് രുചിയും ഇല്ലേയില്ല. അടുത്ത അന്വേഷണത്തില്‍ സെയിന്‍സ്‌ കണ്ടു കിട്ടി. പണ്ടേ പോയിട്ടുള്ള ഇടമാണ് - ചിക്കന്‍ ബിരിയാണിക്ക് ബീച്ച് ഹോട്ടലിലെ രുചി ഉണ്ടായിരുന്നില്ല. കൊഴുപ്പ്‌ കുറവാണ് എന്നത് മാത്രം മെച്ചം. അതിനാല്‍ ഇവിടെ പ്രോണ്‍സ് ബിരിയാണിയായി ഇഷ്ട വിഭവം. അവിടെ കിട്ടിയിരുന്ന ലെമണ്‍ ടീയും അടിപൊളി. തിരികെ പോരുമ്പോള്‍ പലപ്പോഴും പഴം നിറച്ചതും വാങ്ങിയിരുന്നു. കൈ കഴുകുന്ന ഇടത്ത് വൃത്തി ഇല്ലെന്നത് മാത്രം അവിടുത്തെ പോരായ്മ.


സെയിന്‍സ്‌, കോഴിക്കോട്

കോഴിക്കോട് എത്തിയ കാലത്ത് ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം പാത്രങ്ങളുടെ വൃത്തി ആയിരുന്നു. ചൂട് വെള്ളത്തില്‍ സൂക്ഷിച്ചിരുന്ന ഇവ തൂത്ത് തുടച്ചു നമ്മുടെ മുന്നില്‍ എത്തുമ്പോള്‍ പോലും ചെറു ചൂട് ഉണ്ടാവും. മാവൂര്‍ റോഡിന്‍റെ തുടക്കത്തില്‍ മെട്രോ ഹോട്ടലിന്‍റെ താഴത്തെ നിലയിലുള്ള restaurant ല് ആണ് ഞാന്‍ ആദ്യം ഈ പ്രതിഭാസം ശ്രദ്ധിച്ചത്. എന്നാല്‍ എല്ലാ കടകളും ഇങ്ങിനെ ആയിരുന്നില്ല - പേരുകേട്ട പാരഗന്‍ ഹോട്ടല്‍ വയനാട് റോഡില്‍ ഒരു പുതിയ ബ്രാഞ്ച് തുടങ്ങിയപ്പോള്‍ പ്ലേറ്റുകള്‍ തൂക്കാന്‍ ഉപയോഗിച്ചത് കരിമ്പനടിച്ച തുണിയായിരുന്നു! പ്ലേറ്റ് മുന്നില്‍ വന്നപ്പോള്‍ പതിവ് ചൂടിനു പുറമേ കരിമ്പന്റെ നാറ്റം.
മഹാറാണി ഹോട്ടലും നല്ല ഭക്ഷണം കിട്ടുന്ന ഇടം തന്നെ - തിരുവതാംകൂരുകാര്‍ക്ക് ഇവിടുത്തെ കപ്പയും ഇറച്ചിയും ഇഷ്ടപ്പെടും, തീര്‍ച്ച. മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടല്‍ ആയിരുന്നു അടുത്ത താവളം. പഴയ സാഗറിനെക്കാളും ഇരിപ്പിടങ്ങള്‍ക്കു വൃത്തി ഉണ്ടായിരുന്നു, റോഡിന്‍റെ മറ്റേ അറ്റത്തു പണിത പുതിയ സാഗറിന് - എങ്കിലും വാഷ്ബെയ്സിനു അടുത്ത് ചെല്ലുമ്പോള്‍ ഓക്കാനം വരും.

ഭക്ഷണം കഴിഞ്ഞുള്ള മധുരത്തിന് സൈനത്താത്തയുടെ കടയിലെ മലബാറി പലഹാരങ്ങള്‍ ഉത്തമം ആയിരുന്നെങ്കിലും പതിയെ കണ്ണൂര്‍ റോഡില്‍ എസ് ബി ടിയുടെ സമീപത്തുള്ള ജ്യൂസ്‌ കടയില്‍ നിന്ന് ഇളനീര്‍ ജ്യൂസ്‌ മടുമടെ കുടിക്കുകയായിരുന്നു എന്‍റെ പതിവ്. ഒരു ചെയ്ഞ്ചിനു വേണമെങ്കില്‍ മാനാഞ്ചിറ ലൈബ്രറിക്ക് സമീപമുള്ള കടകളില്‍ നിന്ന് മാംഗോ ഷേക്ക്‌ അടിക്കാം.
കോഴിക്കോട് വച്ച് ഒരു ദിവസം മാതൃഭൂമി പത്രം തുറന്നു നോക്കിയപ്പോള്‍ "ദ കുലീന റിക്രിയെഷന്‍സ് ഓഫ് ജുമാന കാദിരി" എന്നൊരു തലക്കെട്ട്‌ കണ്ടു. ഇതെന്തു കലാപരിപാടി? വാര്‍ത്ത മുഴുവന്‍ വായിച്ചപ്പോള്‍ കാര്യം ഊഹിച്ചു - ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ ജുമാന കാദിരി എന്ന പെങ്കൊച്ച് ഭഷ്യമേള നടത്തുന്നു. The Culinary Creations of Jumaana Kaadiri എന്നത് The Culina Recreations of Jumaana Kaadiri എന്നായിപ്പോയതാവാം.


കള്ളൂടി മുടിഞ്ചാച്ച്, അപ്പറം, ദം മാരോ ദം.......

സ്വദേശത്തു നിന്ന് കോഴിക്കോട്ടെക്കുള്ള യാത്രയില്‍ കുറ്റിപ്പുറം പാലം കഴിയുമ്പോള്‍ കുന്നിന്‍മുകളിലിരുന്ന കെടിഡിസി മോട്ടലും എന്‍റെ ഇഷ്ട പെരുവഴിയമ്പലം ആയിരുന്നു - അവിടെ കിട്ടിയിരുന്ന വറുത്ത മീനും പുഴയില്‍ നിന്ന് വരുന്ന കാറ്റും ഇരിപ്പിടത്തില്‍ ഇരുന്നു കിട്ടുന്ന വിഹഗ വീക്ഷണവും ഉഗ്രന്‍ കോമ്പിനേഷന്‍ ആയിരുന്നു.

വയറ്റുപ്പിഴപ്പിനായി നഗരങ്ങള്‍ താണ്ടവേ ഏറ്റവും രസികന്‍ സീ ഫുഡ്‌ ലഭിച്ചത് നഗരത്തിനുള്ളിലെ ഹോട്ടലുകളില്‍ നിന്നായിരുന്നില്ല, മറിച്ച് കൊല്ലം നഗര പ്രാന്തത്തിലെ തിരുമുല്ലവാരം കടല്‍തീരത്തെ ഒരു ചെറിയ കടയില്‍ നിന്നും. അയലക്ക് ഇത്ര സ്വാദ് ഉണ്ടെന്നു അവിടെ നിന്നാണ് അറിഞ്ഞത്. തങ്ങളുടെ USP (Unique Selling Point) ഉടമക്ക് നന്നായി അറിയാമെന്നതിനാല്‍ പൊതുവേ അല്പം വിലക്കൂടുതല്‍ ഉണ്ടായിരുന്നില്ലേ എന്ന് സംശയം.

തമിഴ്‌നാടും ഭക്ഷണ കാര്യത്തില്‍ മോശമല്ല. പോണ്ടിച്ചേരിയില്‍ ആനന്ദ രംഗ പിള്ള സ്ട്രീറ്റില്‍ നാലഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയ അപ്പച്ചി എന്ന restaurant ഔട്ട്‌ലുക്ക്‌ മാസികയുടെ റേറ്റിങ്ങില്‍ ഒന്നാമതെത്തിയത് എരിവു കൂടിയ ആ രസികന്‍ ചെട്ടിനാടന്‍ പാചകത്തിന്റെ മികവാലായിരുന്നു. കഴിഞ്ഞ രണ്ടു തവണത്തെ യാത്രകളിലും അവിടം സന്ദര്‍ശിച്ചു.നാടന്‍ ഭക്ഷണം കിട്ടുന്ന ഇടങ്ങള്‍ നെറ്റില്‍ പരതിയപ്പോള്‍ മുല്ലപന്തല്‍ എന്നൊരു ഷാപ്പിന്‍റെ വെബ്സൈറ്റ് കണ്ടു. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എല്ലാ ഷാപ്പുകള്‍ക്കും വെബ്സൈറ്റ് ഉണ്ടോ?

(പറയാതെ അറിയാമല്ലോ, പടങ്ങളെല്ലാം അടിച്ചു മാറ്റിയത്: http://www.flickr.com/photos/26535022@N03/3313695341/ http://www.flickr.com/photos/viveknarayan/950196893/in/photostream/)

No comments:

Post a Comment