Monday 27 January 2014

'കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാന്‍ വന്നവന്‍ നീ'

ഞാന്‍ ഉള്‍പ്പടെ മൂന്നു പേര്‍ മാത്രമുള്ള മദ്യപാന സദസ്സിലായിരുന്നു ആ കഥ ആദ്യം കേട്ടത്, കോഴിക്കോട് നഗരത്തില്‍. നഗരത്തില്‍ എവിടെയോ സംഗീത സംവിധായകന്‍ ബാബുരാജിന്‍റെ സുഹൃത്തുണ്ട്. അയാളുടെ പക്കല്‍ ബാബുരാജ്‌ എഴുതിയ ഒരു കത്തും. കേട്ടത് ശരിയെങ്കില്‍ കത്തില്‍ ഇങ്ങിനെയായിരുന്നു:
"ഇന്നലെ എന്‍റെ ഒരു പാട്ടിന്‍റെ റിക്കോര്‍ഡിംഗ് നടത്തി. പാടിയവന്‍ അത് കുളമാക്കി"

ബാബുരാജ്‌ പരാമര്‍ശിച്ച പാട്ട് 'താമസമെന്തേ വരുവാന്‍' ആയിരുന്നെന്നും പാടി അലമ്പാക്കിയത് യേശുദാസ്‌ ആണെന്നും പറയപ്പെടുന്നു. ശരിയാണോ ആവോ?
ഭാഗ്യവാന്‍ ആയിരുന്നു ബാബുരാജ്‌, നിര്‍ഭാഗ്യവാനും. മനോഹരമായ ചില ഗാനങ്ങള്‍ക്ക് ഈണം പകരാന്‍ കഴിഞ്ഞ മനുഷ്യന്‍. അതിനാല്‍ ഭാഗ്യവാന്‍. എന്നാല്‍ ആ കഴിവുകളൊന്നും അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കാനാവാതെ മണ്മറഞ്ഞു പോയതുവഴി ഒരു നിര്‍ഭാഗ്യവാനും. ഞാന്‍ കോഴിക്കോട് ഉള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു മകന്‍ മിഠായി തെരുവില്‍ ഉന്ത് വണ്ടിയില്‍ ചെരുപ്പ് കച്ചവടം നടത്തുകയായിരുന്നു!
എങ്ങിനെയാണ് ഈ മനുഷ്യന്‍ സാമ്പത്തികമായി അധപ്പതിച്ചുപോയത്? പണ്ടെവിടെയോ വായിച്ച ഒരു സംഭവം മതി അതിനുത്തരം നല്‍കാന്‍. ഒരിക്കല്‍ സാഹിത്യകാരന്‍ എന്‍.പി. മുഹമ്മദ്‌ വിവാഹശേഷം ഭാര്യയുമൊത്ത് മദ്രാസില്‍ ബാബുരാജിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം അടിപൊളി വിരുന്നു നല്‍കിയത്രെ. സ്വന്തം മോതിരം വിറ്റായിരുന്നു സദ്യ.
ബാബുരാജിനെപ്പറ്റി പലപ്പോഴായി ഡോക്യുമെന്‍റെറികള്‍ വന്നിട്ടുണ്ടെന്ന് തോന്നുന്നു. അതില്‍ ഒരെണ്ണം മാനാഞ്ചിറ ബില്‍ഡിംഗ്സിലെ മീഡിയ സ്റ്റഡി സെന്റരില്‍ നിന്ന് സംഘടിപ്പിച്ച് വീട്ടിലിരുന്നു കണ്ടപ്പോള്‍ ഇടക്കൊന്നു നിര്‍ത്തി സൂക്ഷിച്ചു നോക്കേണ്ടി വന്നു. ബാബുരാജിന്‍റെ പാട്ട് കള്ളുഷാപ്പിലെ മേശയില്‍ താളമിട്ടു പാടുന്ന ഒരാള്‍ - കുറച്ചു മണിക്കൂറുകള്‍ മുന്‍പ് എനിക്ക് ആ സിഡി അലമാരയില്‍ നിന്ന് എടുത്തു തന്ന മഹേഷ്‌. പഹയന്‍ അന്നേരം ഒന്നും പറഞ്ഞിരുന്നില്ല, അതിനകത്ത് തന്‍റെ മോന്തയും കാണാമെന്ന്.
ഏതോ സ്വകാര്യ സദസ്സില്‍ ബാബുരാജ്‌ പാടിയ ചലച്ചിത്ര ഗാനങ്ങള്‍ ടേപ്പില്‍ സൂക്ഷിച്ചിരുന്നത് ഏറെക്കാലം കഴിഞ്ഞു കണ്ടെത്തുകയും മനോരമക്കാര്‍ അത് സിഡിയിലാക്കി പുറത്തിറക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ഒരു കോപ്പി വാങ്ങി സൂക്ഷിച്ചു. ഇപ്പോള്‍ എന്‍റെ ഹെഡ്ഫോണ്‍ പാടുന്നതും അതിലൊരു പാട്ട് - 'അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം.....'
കുറച്ചു പതിറ്റാണ്ടുകള്‍ മുന്‍പ് അല്‍പകാലം ബാബുരാജ്‌ അജ്ഞാത വാസം നടത്തിയത്രേ. അതേ കാലത്ത് കോട്ടയം ജില്ലയില്‍ പൊന്‍കുന്നം ഭാഗത്ത് ഏതോ ക്രിസ്ത്യന്‍ പള്ളിയില്‍ ഒരു 'മലബാറുകാരന്‍ പാട്ടുകാരന്‍' താമസിച്ചിരുന്നതായും അദ്ദേഹം ചില പാട്ടുകള്‍ക്ക് അതിമനോഹരമായി ഈണം നല്‍കിയിരുന്നതായും പറയപ്പെടുന്നു. ബാബുരാജ്‌ ആയിരുന്നുവോ അത്‌?

No comments:

Post a Comment