Monday 27 January 2014

ആ മനോഹര ഗീതം പാടിയവരാര്?


കുറച്ചു കുട്ടികള്‍ ചേര്‍ന്ന് മനോഹരമായി കവിത ചെല്ലുന്നത് ഞാന്‍ രണ്ടീസം മുന്‍പ് പോസ്റ്റ്‌ ചെയ്തിരുന്നു. അത് എവിടെയുള്ളവര്‍? എന്ന് അനില്‍@ബ്ലോഗ്‌ ചോദിച്ചു.

പഴയ സാരംഗ് സ്കൂളിലെ കുട്ടികളാണവര്‍.

എന്തുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ഇങ്ങിനെ ആലപിക്കാന്‍ കഴിയുന്നില്ല? അപ്പോഴാണ്‌ 'ഓരോരുത്തര്‍ക്കും വ്യത്യസ്ത ബുദ്ധി' എന്ന ആശയം നമ്മള്‍ പരിചയപ്പെടുക. അമേരിക്കയിലെ സൈക്കോളജിസ്റ്റ്‌ Howard Gardner അവതരിപ്പിച്ച ആശയം ആയിരുന്നു - multiple intelligences. അദ്ദേഹം ഇപ്പോള്‍ ഹാവഡ്‌ (അമേരിക്കക്കാര്‍ പറയുമ്പോള്‍ ഹാര്‍വഡ്‌) ഗ്രാജുവറ്റ് സ്കൂള്‍ ഓഫ് എജ്യൂക്കെഷനില്‍ പ്രൊഫസര്‍. കക്ഷി പറയുന്നത് പ്രകാരം പലര്‍ക്കും പല ബുദ്ധി ആണുള്ളത് (നമുക്ക് പലര്‍ക്കും അറിയാവുന്ന കാര്യം അല്ലെ?). അതില്‍ ഒന്ന് മാത്രമായ ലോജിക്കല്‍ ഇന്‍റെലിജെന്‍സിന് സ്കൂളുകളില്‍ അമിത പ്രാധാന്യം നല്‍കിവരുന്നത് തിരിച്ചറിഞ്ഞപ്പോഴാണ്‌ മറ്റു ബുദ്ധികള്‍ കൂടി വികസിക്കണമെങ്കില്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള വിദ്യാഭ്യാസം നല്കിയാല്‍പ്പോര എന്ന ചിന്തയ്ക്ക് കത്തുപിടിച്ചത്.

Howard Gardner

ഗാര്‍ഡ്‌നര്‍ ആദ്യം ഏഴുതരം ബുദ്ധികളെ തിരിച്ചറിഞ്ഞു -
  1. linguistic, covering all aspects of language comprehension and language use
  2. logical-mathematical, which includes the ability to understand pattern and to use rational deduction and number
  3. musical
  4. bodily-kinesthetic, which is the way our brain impacts on our physical movement
  5. spatial intelligence is needed to understand the workings of open and confined spaces
  6. interpersonal intelligence allows for empathy with other people
  7. intrapersonal intelligence is an understanding of one's own emotions and motivations.
പിന്നീട് ഇതിനോട് കൂടി അദ്ദേഹം മോറല്‍ എന്നൊരു ബുദ്ധി കൂടി ചേര്‍ത്തു. അങ്ങിനെ ഇപ്പോള്‍ ആകെ എട്ട്. (താല്പര്യം ഉള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ ഈ ലേഖനം വായിക്കാം Multimedia and Multiple Intelligences).

സാദാ സ്കൂളുകളില്‍ എന്താണ് നടക്കുന്നത്? അവിടെ ലോജിക്കല്‍ ബുദ്ധി മാത്രം അളക്കുന്നു. ബ്രിട്ടനില്‍ നാലാം വയസ്സില്‍ ഇത് തുടങ്ങുകയും അങ്ങിനെ സായിപ്പ് കുഞ്ഞുങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ 'ബുദ്ധി' അളക്കപ്പെടുന്നവരാണെന്നും കേംബ്രിജ്‌ സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബിന്‍ അലക്സാണ്ടര്‍ നിരീക്ഷിച്ചു. അദ്ദേഹം ഈ രീതി മാറ്റണമെന്ന് ഉപദേശിക്കുന്ന ആളാണിപ്പോള്‍. (വായിക്കുക)

സായിപ്പന്മാര്‍ക്ക് അളവ് എന്ന പരിപാടിയോട് പണ്ടേ കമ്പമാണ്. 'നമുക്ക് അളക്കാന്‍ കഴിയാത്തതൊന്നിനെയും നമ്മള്‍ മനസ്സിലാക്കുന്നില്ല' എന്നാണ് അവരുടെ മതം. അതിനാല്‍ ലോജിക്കല്‍ ബുദ്ധി അളക്കാനായി ഐക്യൂ ടെസ്റ്റുകള്‍ ഉപയോഗിക്കുന്നു. ഇത്തരം ടെസ്റ്റുകളുടെയും മറ്റു പരീക്ഷകളുടെയും റിസള്‍ട്ട്‌ നോക്കുമ്പോള്‍ നമ്മുടെ കുട്ടികളില്‍ പലരും തോറ്റതായി കാണാം. എന്നാല്‍ ഇവര്‍ക്ക് കഴിവും ബുദ്ധിയും ഇല്ലേ? അവര്‍ പിന്നീട് ജീവിത വിജയം നേടില്ലേ? മ്യൂസിക്കല്‍ ഇന്‍റെലിജെന്‍സ്‌ ഉള്ള A.R. Rahman എന്‍ട്രന്‍സ്‌ പരീക്ഷ എഴുതിയാല്‍?(നടക്കില്ലെന്നറിയാം, കക്ഷി സ്കൂള്‍ ഡ്രോപ്പൌട്ട് ആണല്ലോ)

ഇതാണ് ലോജിക്കല്‍ ഇന്‍റെലിജെന്‍സ്‌ മാത്രം അളന്നാലുള്ള കുഴപ്പം. അതിനാല്‍ മറ്റു കഴിവുകള്‍ ഉള്ള കുട്ടികളെയും അവരുടെ താല്‍പര്യവും കഴിവും അനുസരിച്ച് വളര്‍ത്തി എടുക്കാനായി അമേരിക്കയില്‍ എഴുപതുകളില്‍ Alternative Schools ആരംഭിച്ചു. ഇവിടെ കുട്ടികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് (needs എന്ന വാക്ക് തന്നെ ഉചിതം) curriculum രൂപപ്പെടുത്തുന്നു, അല്ലാതെ പഠന പദ്ധതിക്കനുസരിച്ച് കുട്ടികളുടെ അടിച്ച്-ഇടിച്ച് ഒരു പരുവമാക്കുന്ന പരിപാടിയല്ല പിന്തുടരുന്നത്.

ഇന്ത്യയിലും ഓള്‍റ്റര്‍നറ്റീവ് സ്കൂളുകള്‍ മുളച്ചിരുന്നു. ചിലത് ആശ്രമങ്ങള്‍ നേരിട്ട് നടത്തി - ജിദ്ദു കൃഷ്ണമൂര്‍ത്തി ഫൌണ്ടേഷന്‍ നടത്തുന്ന ആന്ധ്രയിലെ ഋഷിവാലിയും പോണ്ടിച്ചേരിയിലെ ഓറോബിന്ദോ ആശ്രമം നടത്തുന്ന ശ്രീ ഓറോബിന്ദോ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ എജ്യൂക്കേഷനും ഉദാഹരണങ്ങള്‍. മറ്റു ചിലവ ഓള്‍റ്റര്‍നറ്റീവ് സ്കൂളുകളുടെ ഗുണം മനസ്സിലാക്കിയ, അതില്‍ ആകൃഷ്ടരായ സ്വകാര്യ വ്യക്തികള്‍ നടത്തിയവ ആയിരുന്നു - അട്ടപ്പാടിയിലെ സാരംഗ്, കൊടൈക്കനാലില്‍ ബ്രയാന്‍ ജെങ്കിന്‍സ് നടത്തുന്ന ശോലൈ, വയനാട്ടില്‍ ബേബിയും ഷെര്‍ലിയും നടത്തുന്ന കനവ് എന്നിവ.


visitors' lounge, Rishi Valley

Rishi Valley Senior School

ഇതില്‍ സാരംഗ് തുടങ്ങിയത് ഗോപാലകൃഷ്ണന്‍, വിജയലക്ഷ്മി എന്നീ അധ്യാപക ദമ്പതികള്‍ ആയിരുന്നു. 1982ല്‍. അട്ടപ്പാടിയില്‍ പതിനാറ് ഏക്കര്‍ തരിശു ഭൂമി വാങ്ങി അവിടെ അവര്‍ ഭൂമിയിലും കുട്ടികളുടെ മനസ്സിലും പരീക്ഷണം നടത്തി. അതിന്‍റെ ഫലങ്ങളില്‍ ഒന്നാണ് യുട്യൂബില്‍ കണ്ട വീഡിയോ. അതില്‍ ഒരു വശത്ത് രണ്ടുപേരും ഇരിക്കുന്നതും കാണാം.

ഓള്‍റ്റര്‍നറ്റീവ് സ്കൂളിങ്ങില്‍ ഈ വ്യക്തികളും സ്ഥാപനങ്ങളും നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചോ? കാലക്രമേണ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിച്ചോ? ഈ സ്കൂളുകളില്‍ പഠിച്ചിറങ്ങിയ ചിലരെ മനസ്സില്‍ കാണുമ്പോള്‍ എനിക്ക് അത്ര തീര്‍ച്ചയില്ല. ആദ്യം ഈ ഇനത്തില്‍ ഒരാളെ കണ്ടത് ചെന്നൈയില്‍. എന്‍റെ ക്ലാസ്സില്‍ ഓറോബിന്ദോ സ്കൂളില്‍ പഠിച്ച ഒരു പെണ്ണ്, അവള്‍ എന്നില്‍ സാമാന്യം മോശമല്ലാത്ത ഇമ്പ്രഷന്‍ ഉണ്ടാക്കിയിരുന്നു. പിന്നെ കണ്ടത് ശോലൈ സ്കൂളിലെ കുട്ടികള്‍. വോക്കേഷനല്‍ ജോലികളില്‍ അവര്‍ മിടുക്കര്‍, പക്ഷെ അതില്‍ എത്രപേര്‍ ജീവിതവിജയം കാണും? എനിക്കറിയില്ല.


Sri Aurobindo International Centre for Education

swimming pool, Sri Aurobindo International Centre for Education


Brian Jenkins of Sholay School

class room, Sholai School, Kodaikanal

swimming pool, Sholai School

Kanavu, Wynad

Kanavu School

പിന്നെ കണ്ടത് എംജി ശശി സംവിധാനം ചെയ്ത കനവുമലയിലേക്ക് എന്ന ഡോക്യുമെന്‍റെറി. ബേബിയും ഷെര്‍ലിയും പരിശീലിപ്പിച്ച കുട്ടികള്‍ ജെങ്കിന്‍സിന്‍റെ ശിഷ്യരെപ്പോലെ വോക്കേഷനല്‍ ജോലികളില്‍ മികവുള്ളവര്‍ ആയിരുന്നു. ആട്ടവും പാട്ടും എനിക്കിഷ്ടപ്പെട്ടു? ഇവരില്‍ എത്രപേര്‍? ചോദ്യം ബാക്കി.

സാരംഗ് എവിടെയെത്തി? കുറച്ചു വര്‍ഷം മുന്‍പ് സാരംഗിലെ ബേസിക് സ്കൂള്‍ പൂട്ടി. എന്നാല്‍ ഉപരി പഠനത്തിനായി ഇപ്പോഴും പത്തു കുട്ടികള്‍ ഈ ദമ്പതിമാരോടൊപ്പം ഉണ്ട്. അല്പകാലമായി കുട്ടികളും അധ്യാപകരും ആറന്മുളയില്‍, അവിടുത്തെ പഠനം കഴിഞ്ഞ ശേഷം അടുത്തവര്‍ഷം അട്ടപ്പാടിയില്‍ തിരിച്ചെത്തും. ഗോപാലകൃഷ്ണന്‍റെയും വിജയലക്ഷ്മിയുടെയും മകന്‍ ഗൌതം സാരംഗ് ആവും ഈ സ്കൂളിന്‍റെ ഉത്തമ പ്രതിനിധി. കക്ഷിയെപ്പറ്റി അവരുടെ വെബ്‌ സൈറ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങിനെ:
Gautham Sarang (28) is the only child who could go through Sarang’s curriculum continuously. He has traveled extensively as part of his studies and handles six languages with ease. He has worked as a contract labourer, photographer, milkman, taxi driver, blacksmith, percussionist, actor, skilled labourer, web designer, and project coordinator, as part of his education and to support the large Sarang family.

സാരംഗ് സ്ഥാപിച്ച ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും


അവരുടെ മകന്‍ ഗൌതമും ഭാര്യ അനുരാധയും

ഇതിലുമൊക്കെ വലിയ പരീക്ഷണം കണ്ടത് കൊല്ലം തങ്കശ്ശേരി കടപ്പുറത്തിനു സമീപം വച്ച്. അവിടെ ഒരു വീട്ടില്‍ അഞ്ചു കുട്ടികള്‍. എല്ലാവരെയും ഗൃഹനാഥന്‍ വീട്ടില്‍ ഇരുത്തി പഠിപ്പിക്കുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ തലയില്‍ brain wave ഉണ്ടായി - എന്തുകൊണ്ട് കുട്ടികളെ വീട്ടില്‍ ഇരുത്തി പഠിപ്പിച്ചു കൂടാ? ഫലമായി കക്ഷി ജോലി രാജി വച്ച് കുട്ടികളെയും കൂട്ടി ബാംഗ്ലൂര്‍ എത്തി വീടെടുത്ത് താമസിച്ചു. വീട് മുഴുവന്‍ പുസ്തകങ്ങള്‍. ഇടക്ക് മക്കളില്‍ ഒരാളെ ഋഷിവാലിയിലും ചേര്‍ത്തിരുന്നു. കാലക്രമേണ ഋഷി വാലിയില്‍ ഉണ്ടായിരുന്ന കുട്ടി വീട്ടില്‍ തിരിച്ചെത്തി. അതിനകം മൂത്തയാള്‍ക്ക്‌ പാചകത്തില്‍ ഉള്ള കഴിവ് മനസ്സിലാക്കി വീട്ടിലെ പഠിപ്പീരും കഴിഞ്ഞ്‌ വൈനുകളെപ്പറ്റി പഠിക്കാനായി ഫ്രാന്‍സില്‍ അയച്ചു. ഈ പരീക്ഷണങ്ങളുടെ നാളുകളിലാണ്‌ കക്ഷിയെ ഞാന്‍ പരിചയപ്പെടുന്നത്‌. ഈ കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കുമോ എന്ന സംശയം എനിക്ക് ശക്തമായിരുന്നു.

ആ ഒറ്റയാള്‍ പരീക്ഷണം വിജയിച്ചില്ല. ഫ്രാന്‍സില്‍ പോയവന്‍ പഠനം പൂര്‍ത്തിയാകാതെ തിരിച്ചെത്തി. കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസം നടത്താത്തതിനാല്‍ ആരും ജോലി കൊടുക്കുന്നില്ല. സര്‍ക്കാരിന്‍റെ കണക്കില്‍ ഇവര്‍ സ്കൂള്‍ ഡ്രോപ്പൌട്ടുകള്‍. ഭാവി? ഭൂതം കണക്കെ പിടികൂടിയ ഒരു ഭൂതകാലം ഇവരോടുകൂടി എപ്പൊഴും ഉള്ളതിനാല്‍ ഭാവി അടുക്കാന്‍ മടിക്കുന്നു.

തങ്കശ്ശേരിയിലെ കുടുംബത്തിന്‍റെ കഥ ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യം കൂടി പൊങ്ങി വരാറുണ്ട്‌ - സ്വന്തം സ്വത്തു മുഴുവന്‍ വാതു വയ്ക്കുന്നവനാണോ ഏറ്റവും വലിയ ധൈര്യവാന്‍? അതോ സ്വത്തിനു പുറമേ കുട്ടികളുടെ ജീവിതം കൂടി വാതുവയ്ക്കുന്നവനോ?

(സാരംഗിലെ കുട്ടികളുടെ കവിതാലാപനം കാണാത്തവര്‍ കാണുമല്ലോ. വീഡിയോ കീഴെ)


No comments:

Post a Comment