Monday 27 January 2014

സുന്ദരി, പണക്കാരി, ഫേമസ്, പക്ഷേ മുഴുവട്ട്

Rachel Sassoon Beer

കുറച്ചു നാള്‍ മുന്‍പ് യുട്യൂബില്‍ ഒരു പഴയ വീഡിയോ കാണുകയായിരുന്നു ഞാന്‍. ഏതോ ഒരു ചര്‍ച്ച. അതില്‍ ഒരു വനിത സ്വയം പരിചയപ്പെടുത്തുന്നത് കണ്ടു - 'ഞാനാണ് ബ്രിട്ടനിലെ ആദ്യ വനിതാ ദേശീയ ദിനപ്പത്ര എഡിറ്റര്‍' എന്ന്. അത് ശരിയായിരുന്നില്ല, ബ്രിട്ടനിലെ പ്രധാന ദേശീയ ദിനപ്പത്രങ്ങള്‍ നാലോ അഞ്ചോ ഉള്ളൂ. അവയില്‍ ഒന്നിന്‍റെ പത്രാധിപയാകുന്ന ആദ്യ വനിത പക്ഷെ ബ്രിട്ടീഷുകാരി ആയിരുന്നില്ല, മറിച്ച് ഒരു ഇന്ത്യാക്കാരി ആയിരുന്നു - റേച്ചല്‍.

Rachel Sassoon Beer. മുംബെയില്‍ ജനിച്ച ജൂത. 1890കളില്‍ ഇവര്‍ The Observer, The Sunday Times എന്നീ രണ്ട് പത്രങ്ങളുടെ പത്രാധിപ ആയിരുന്നു, ഒപ്പം ഉടമയും. David Sassoon എന്ന ജൂത കോടീശ്വരന്‍റെ കൊച്ചു മകളായിരുന്നു ഇവര്‍.

ബാഗ്ദാദില്‍ ജനിച്ചു വളര്‍ന്ന ഡേവിഡ്‌ സസ്സൂണ്‍ അവിടുത്തെ ആളുകള്‍ ജൂതരെ ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ 1820ല്‍ നാട് വിട്ടു. മുംബൈയില്‍ എത്തിയ അദ്ദേഹം അവിടെ കച്ചവടവും തുടങ്ങി. ആദ്യ ഓഫിസ്‌ വിലാസം - 9, Tamarind Street. ബ്രിട്ടീഷ്‌ പരുത്തി വസ്ത്രങ്ങള്‍ക്ക് പകരം തുകല്‍, സില്‍ക്ക്, പവിഴം, കറുപ്പ് എന്നിവ വിറ്റ് അദ്ദേഹം ഏറെ കാശുണ്ടാക്കി. ബ്രിട്ടനില്‍ കച്ചവട കാര്യങ്ങള്‍ നോക്കാന്‍ ആദ്യം ഒരു മകനെയും അയച്ചു - Sassoon David Sassoon. ആ മകന്‍റെ മകളാണ് നമ്മുടെ കഥാ നായിക.

പടത്തില്‍ ഇരിക്കുന്നത് സസ്സൂണ്‍. പുറകില്‍ കോട്ടിട്ടു നില്‍ക്കുന്നത്
റേച്ചലിന്‍റെ അപ്പന്‍ (അയാളെ കണ്ടാല്‍ മോള് ചരക്കാണെന്ന് തോന്നിയേല)

കൊച്ചുകുട്ടി ആയിരിക്കവേ ബ്രിട്ടനില്‍ എത്തിയ റേച്ചല്‍ വളര്‍ന്നത്‌ കടു കര്‍ക്കശക്കാരിയായ അമ്മൂമ്മയുടെ ശിക്ഷണത്തില്‍. ജൂതയല്ലാത്ത ഒരുവളെ കല്യാണം ചെയ്തതിന്‍റെ പേരില്‍ ഇളയ മകനെ ഉപേക്ഷിച്ചവരായിരുന്നു അവര്‍. വീട്ടിലുള്ള ആരും അയാളുമായി മിണ്ടിപ്പോകരുതെന്നായിരുന്നു ആയമ്മയുടെ ഉത്തരവ്. കൂടാതെ അമ്മൂമ്മയുടെ മുന്‍പില്‍ വച്ച് മകന്‍റെ പേരും ഉച്ചരിക്കാന്‍ പാടില്ല - ആകെപ്പറഞ്ഞാല്‍ ഒരു ആനപ്പാറ അച്ചമ്മയുടെ ലൈന്‍. (സര്‍ അബ്ദുള്ള ഡേവിഡ്‌ സസ്സൂണ്‍ എന്ന ആ മകന്‍ പിതാവിന്‍റെ മരണ ശേഷം ആല്‍ഫ്രഡ്‌ എന്ന് പേര് മാറ്റുകയും ചെയ്തു).

റേച്ചല്‍ അമ്മൂമ്മയുടെ നിയമങ്ങള്‍ ലംഘിച്ച് ആല്‍ഫ്രഡ്‌ അമ്മാവനെ സന്ദര്‍ശിക്കുമായിരുന്നു. രൂപത്തില്‍ ചെറിയ സ്ത്രീ ആയിരുന്നെങ്കിലും സുന്ദരി ആയിരുന്നു റേച്ചല്‍. കക്ഷിയുടെ നിറത്തെപ്പറ്റി സായിപ്പന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ - ‘an ivory skin envied by her sallower kinswomen’. പൊതുവേ ശാന്തയും സഹാനുഭൂതിക്കാരിയുമായ ഇവര്‍ ആദ്യ കാലങ്ങളില്‍ പുറകെ നടന്ന വെള്ളച്ചുള്ളന്മാരെ തീരെ മൈന്‍ഡ് ചെയ്തില്ല. പ്രതിഫലം വാങ്ങാതെ രോഗികളെ ശുശ്രൂഷിക്കുന്നതായിരുന്നു കക്ഷിയുടെ പ്രധാന ഹോബി.

മുപ്പതു വയസ്സായപ്പോള്‍ പെണ്ണിന്‍റെ മനം മാറി. ഇനി ഒരു കല്യാണം ആവാം എന്നായി തീരുമാനം. 1887 August 4ന് അവര്‍ ഫ്രെഡറിക്‌ ആര്‍തര്‍ ബിയര്‍ എന്ന കാശുകാരന്‍ പയ്യനെ വിവാഹം ചെയ്തു. കുടുംബത്തില്‍ ജൂതരല്ലാത്തവരെ കല്യാണം കഴിക്കുന്ന രണ്ടാമത്തെ ആളുമായി റേച്ചല്‍.

ഊഹക്കച്ചവടത്തില്‍ ഏറെ കാശുണ്ടാക്കിയ ആളായിരുന്നു ഫ്രെഡറിക്കിന്‍റെ അപ്പന്‍ ബിയര്‍. The Observer എന്ന പത്രം അയാള്‍ വാങ്ങിയത് തന്‍റെ സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആയിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മറ്റൊരു വീരന്‍. അപ്പന്‍റെ കയ്യില്‍ നിന്ന് പത്രം മകന് കിട്ടി. ആ വഴി മരുമകളായ റേച്ചലിനും.

കല്യാണം കഴിഞ്ഞാണ് ഭര്‍ത്താവിനു സിഫിലിസ് രോഗം ഉണ്ടെന്ന് റേച്ചല്‍ അറിയുന്നത്. അത് മാത്രമോ, രോഗ ഫലമായി ഫ്രെഡറിക്കിന്‍റെ മാനസിക നിലയിലും അല്പം പ്രശ്നങ്ങള്‍. കാര്യങ്ങള്‍ ഇങ്ങിനെ ആയിരിക്കവേ റേച്ചല്‍ തന്‍റെ പത്രത്തിനു വേണ്ടി ലേഖനങ്ങള്‍ എഴുതിത്തുടങ്ങി. അല്‍പം കഴിഞ്ഞ് പത്രാധിപത്യവും ഏറ്റെടുത്തു. 1893 ഒക്ടോബറില്‍ അവര്‍ Sunday Times വിലക്ക് വാങ്ങി - വില 11,000 പൌണ്ട്. അതിന്‍റെ പത്രാധിപ ആയിരിക്കവേ സണ്‍‌ഡേ ടൈംസ്‌ ഒരു നിഷ്പക്ഷ പത്രമാക്കി അവര്‍ നില നിര്‍ത്തി, കൂടാതെ ആരെയും പേടിക്കാതെ അഴിമതികള്‍ തുറന്നു കാട്ടുകയും ചെയ്തു. അങ്ങിനെ ഒരേ സമയം രണ്ട് പ്രധാന ബ്രിട്ടീഷ്‌ ദേശീയ ദിനപ്പത്രങ്ങളുടെ പത്രാധിപ സ്ഥാനം വഹിക്കുകയെന്ന (1891 മുതല്‍ 1904 വരെ) അപൂര്‍വതയും അവര്‍ സ്വന്തമാക്കി.

ഈ കാലത്ത് അവര്‍ ബുക്ക്‌ റിവ്യൂ, ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവ എഴുതി. മുഖത്തിന്‍റെ ഭംഗി അവരുടെ കയ്യക്ഷരത്തിന് ഉണ്ടായിരുന്നില്ലത്രേ. അതിനാല്‍ വളരെ വൈകി പത്രം അടിച്ചു തുടങ്ങാന്‍ നേരം എത്തുന്ന അവരുടെ ലേഖനം കണ്ടാല്‍ സഹ പത്രാധിപന്മാര്‍ക്ക്‌ കലി ഇളകുമായിരുന്നത്രേ!

1903. ഫ്രെഡറിക്‌ മരിച്ചു. അതിന്‍റെ ആഘാതത്തില്‍ റേച്ചലിനും വട്ടായി. അതോടെ രണ്ട് പത്രങ്ങളിലും വിചിത്രമായ മുഖ പ്രസംഗങ്ങള്‍ വന്നു തുടങ്ങി - ഒന്നില്‍ മനുഷ്യമാംസം ഭക്ഷിക്കുന്നതിന്‍റെ ഗുണഗണങ്ങളായിരുന്നു വിവരിച്ചത്! അടുത്ത വര്‍ഷം ഇവര്‍ക്ക് വട്ടാണെന്ന് അധികാരികള്‍ പരിശോധിച്ച് തീര്‍പ്പാക്കി. അവരുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ ട്രസ്റ്റികള്‍ എത്തി, ആ മനുഷ്യര്‍ രണ്ട് പത്രങ്ങളും വില്‍ക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് 1927 ഏപ്രില്‍ 29ന് റേച്ചല്‍ മരിച്ചു, മുഴുവട്ടായിത്തന്നെ. ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാമായിരുന്ന ഒരു കഥ അങ്ങിനെ ദുരന്ത കഥയായി അവസാനിച്ചു.

No comments:

Post a Comment