Monday 27 January 2014

കാണ്ടഹാര്‍, നിലോഫര്‍ പസീറ, കോഴിക്കോട്, A Bed of Red Flowers


കോഴിക്കോട് ബാങ്ക് മെന്‍സ്‌ ക്ലബ്‌ നടത്തിയ ചലച്ചിത്ര മേളയിലാവണം ഞാന്‍ ആദ്യമായും അവസാനമായും കാണ്ടഹാര്‍ കാണുന്നത്. ആദ്യമായാണ്‌ മൊഹ്സന്‍ മഖ്മല്‍ബഫ്‌ എന്ന ഇറാനിയന്‍ സംവിധായകന്‍റെ ഒരു ചിത്രം കാണുന്നതും. വല്ലാത്തൊരു അനുഭൂതി പകര്‍ന്നു തന്ന ചിത്രം.

താലിബാന്‍ ഭരണത്തിലുള്ള അഫ്ഘാനില്‍ കുടുങ്ങിപ്പോയ തന്‍റെ സഹോദരിയെ കണ്ടെത്താനുള്ള യുവതിയുടെ ശ്രമത്തിന്‍റെ കഥയാണ് ഇത്. കാനഡയില്‍ സ്ഥിര താമസമാക്കിയ അഫ്ഘാന്‍ വംശജ കേന്ദ്ര കഥാപാത്രം. പേര് നഫസ്, ജോലി പത്രപ്രവര്‍ത്തനം.

ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്നത്‌ കാണ്ടഹാറിലെ നായികയുടെ ചിത്രം. സുന്ദരിയായ ഈ നടിയുടെ പേര് നിലോഫര്‍ പസീറ. ജോലി പത്രപ്രവര്‍ത്തനം, സ്ഥിര താമസം കാനഡ, വേരുകള്‍ അഫ്ഘാനില്‍. അതെ, ഈ ചലച്ചിത്രം അവരുടെ ജീവിത കഥ തന്നെ.

നിലോഫര്‍ ജനിച്ചത് ഇന്ത്യയില്‍ - 1973ല്‍. പിതാവ് ഡോക്ടര്‍. ചെറുപ്പകാലത്ത് തന്നെ സ്വദേശമായ അഫ്ഘാനിലേക്ക്‌ തിരിച്ചുപോയ ഇവര്‍ മാറിവന്ന ഭരണത്തിനു കീഴില്‍ അഭയാര്‍ഥികളായി മാറി. കമ്യൂനിസ്റ്റുകളുമായി ഉടക്കിയതിനു പിതാവ് ജയിലിലും കിടന്നിട്ടുണ്ട്. അവസാനം ഇവര്‍ പാക്കിസ്ഥാന്‍ വഴി കാനഡയില്‍ അഭയം തേടുന്നു.

നിലോഫര്‍ കാനഡയില്‍ ഉപരിപഠനം നടത്തി. പത്രപ്രവര്‍ത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദം. തുടര്‍ന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം. കനേഡിയന്‍ ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പറേഷനില്‍ ജോലിയും നേടി. അങ്ങിനെ ഇരിക്കുമ്പോഴാണ് പണ്ട് അഫ്ഘാനില്‍ കുടുങ്ങിപ്പോയ തന്‍റെ ബാല്യകാല സുഹൃത്ത്‌ Dyanaയെ തേടി യാത്ര നടത്തുന്നത്.

ആ അനുഭവങ്ങള്‍ പിന്നീട് മൊഹ്സന്‍ മഖ്മല്‍ബഫ്‌ സിനിമയാക്കിയപ്പോള്‍ നായികയായി വേറെ സുന്ദരികളെ അന്വേഷിച്ചു നടക്കേണ്ടി വന്നില്ല. ചിത്രം വിജയമോ പരാജയമോ എന്നെനിക്കറിയില്ല, നായികയുടെയും സംവിധായകന്‍റെയും രാഷ്ട്രീയ ചായ്‌വുകളും എനിക്ക് പിടിയില്ല. സിനിമ എനിക്കിഷ്ടപ്പെട്ടു.

കാണ്ടഹാറില്‍, ഒരു സര്‍റിയലിസ്റ്റിക്‌ സീനില്‍ തീരെ പ്രതീക്ഷിക്കാത്ത ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ആയിരുന്നു - സായി ബാബയുടെ വെങ്കടേശ്വര സുപ്രഭാതം. 'കൌസല്യാ സുപ്രജാ......'യില്‍ ബാബയുടെ പേര് തിരുകിയുള്ള ഒരു കലാപരിപാടി.

പടം കണ്ട ത്രില്ലില്‍ മഖ്മല്‍ ബഫിന് ഒരു ഇമെയില്‍ അയക്കാനുള്ള സാഹസം കാട്ടി ഞാന്‍. തിരികെ കിട്ടിയത് അദ്ദേഹത്തിന്‍റെ ഓഫിസ്‌ സ്റ്റാഫ്‌ അയച്ച ഒരു അറുബോറന്‍ മറുപടി.

നമ്മുടെ സുന്ദരിയിലേക്ക് തിരിച്ചു വരാം. തന്‍റെ ജീവിതത്തിലെ നാടകീയവും അല്ലാത്തതുമായ നിമിഷങ്ങള്‍ എല്ലാം നിലോഫര്‍ പുസ്തകരൂപത്തിലാക്കിയിട്ടുണ്ട് - A Bed of Red Flowers. ഇതിന്‍റെ ഒരു കോപ്പി സംഘടിപ്പിച്ചതും കോഴിക്കോട്ടു നിന്നായിരുന്നു. ഇങ്ങിനെ ചില നല്ല സൌകര്യങ്ങള്‍ ഉള്ള സ്ഥലം ആയതിനാലാണല്ലോ കോഴിക്കോട് എനിക്ക് ഇഷ്ട നാടായി മാറിയത്.

No comments:

Post a Comment