Monday 27 January 2014

പത്രവില്‍പനക്കാരന് പത്തു കോടിയുടെ കച്ചവടം?

വീണ്ടുമൊരു 'ഒരു ദേശത്തിന്‍റെ കഥ'ക്കുള്ള കഥാപാത്രങ്ങള്‍ കോഴിക്കോട് നഗരത്തിലൂടെ നടപ്പുണ്ട്, രചിക്കാന്‍ പൊറ്റെക്കാട്‌ ഇല്ലെന്നു മാത്രം. അദ്ദേഹം ഇന്നും ഉണ്ടായിരുന്നെങ്കില്‍, ബാലകൃഷ്ണ മാരാരുടെ ജീവിതം അദ്ദേഹം കഥാരൂപത്തിലാക്കിയേനെ.
പണ്ട് മിഠായിത്തെരുവില്‍ പത്രവില്‍പനയായിരുന്നു ടി.ഈ. ബാലകൃഷ്ണ മാരാരുടെ ആദ്യ പണി. എന്‍റെ കോഴിക്കോട് വാസത്തിനിടയില്‍ ഈ മനുഷ്യനെപ്പറ്റി കേള്‍ക്കുമ്പോള്‍ അദ്ദേഹം പത്തു കോടി രൂപ വാര്‍ഷിക വിറ്റു വരവ് ഉള്ള പുസ്തക പ്രസാധക-വില്‍പന ശാലകള്‍ നടത്തുകയായിരുന്നു.
മാരാരുടെ ഒപ്പം നടന്നു പത്രം വിറ്റയാളുകളില്‍ ഒരാളെ അദ്ദേഹം ഇപ്പോഴും കാണാറ്‌ ഉണ്ടത്രേ - പ്രഭാത നടത്തത്തിനു പോകുമ്പൊള്‍. അയലത്ത് എവിടെയോ വീടിനു രാത്രി കാവല്‍ കിടന്നശേഷം വീട്ടിലേക്കു തിരിയെപ്പോകുന്ന ഒരു മനുഷ്യന്‍. പണ്ടത്തെ സഹ പ്രവര്‍ത്തകരുടെ സ്ഥിതി ഇങ്ങിനെ ആയിരിക്കുമ്പോള്‍ മാരാരെ വളരാന്‍ സഹായിച്ച സംഗതി എന്ത്? ലളിതമാണ് ഉത്തരം -
logical thinking & entrepreneurship.
ഉച്ചക്ക് മുന്‍പേ തീരുന്ന പണിയാണ് പത്ര വില്‍പന, അതും പ്രത്യേകിച്ച് ദേശാഭിമാനി വില്‍പ്പന. പിന്നീടുള്ള സമയം എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹത്തിന് തോന്നി, സ്വാഭാവികമായും പുസ്തക വില്‍പ്പനയില്‍ ചിന്ത എത്തുകയും ചെയ്തു.
Entrepreneurship ആണ് അദ്ദേഹം ഇവിടെ നടത്തിയത്.
പടിഞ്ഞാറ് ബീച്ചില്‍നിന്ന് കിഴക്ക് ഇരഞ്ഞിപ്പാലം വരെയും, തെക്ക് കടലുണ്ടി മുതല്‍ വടക്ക് കാപ്പാട്(?) വരെയും അദ്ദേഹം പുസ്തക വില്‍പന ആരംഭിച്ചു. പോകുന്ന വഴിക്ക് തടയുന്ന പഴയ പുസ്തകങ്ങള്‍ മറിച്ചു വില്‍ക്കും. പുതിയതിന് ആളുകളെ കണ്ടെത്തും. ഉച്ച തിരിഞ്ഞുള്ള സമയത്ത് ഇത് മാത്രമായിരുന്നു ജോലി. ആ വഴിക്ക് ഒരുവിധപ്പെട്ട വീട്ടുകാരെയെല്ലാം അദ്ദേഹത്തിന് പരിചയം കിട്ടി. അങ്ങിനെ ഡയറക്റ്റ് സെല്ലിങ്ങിലായിരുന്നു തുടക്കം.
പിന്നീട് പതുക്കെ മീഡിയ വഴി മാര്‍ക്കറ്റിംഗ് തുടങ്ങി. പത്രമായിരുന്നില്ല അത്, പക്ഷെ വഴിയരികിലെ പരസ്യം ആയിരു‌ന്നു. ആര്‍ക്കെങ്കിലും ഏതെങ്കിലും പ്രത്യേക പുസ്തകം ആവശ്യം ഉണ്ടെങ്കില്‍ ഒരു പോസ്റ്റ്‌ കാര്‍ഡ്‌ ഇട്ടാല്‍ മതി, അത് എത്തിച്ചു കൊടുക്കും. അതിനായി 'ടൂറിംഗ് ബുക്ക്‌ സ്റ്റാള്‍' എന്ന പേരില്‍ സ്ഥാപനം തുടങ്ങി. സൈക്കിളിലായിരുന്നു ആദ്യ ടൂറിംഗ്. പിന്നെ അത് ഒരു പഴയ വാനിലായി.
തനിക്ക് പരിചയമില്ലാത്ത വിഷയങ്ങളില്‍ ഉള്ള പുസ്തകം ആവശ്യപ്പെട്ട്‌ ആരെങ്കിലും വന്നാല്‍ മാരാര്‍ക്ക് അതിനും ഒരു പോംവഴി ഉണ്ടായിരുന്നു - പരിചയമുള്ള പ്രസാധകര്‍ക്ക് എഴുത്തെഴുതി ചോദിക്കുക. ലഭ്യമെങ്കില്‍ പുസ്തകം ആവശ്യക്കാരന് എത്തിച്ചുകൊടുത്തിരിക്കും. കയ്യില്‍ ഉള്ളത് വില്‍ക്കുക എന്നതിനൊപ്പം കസ്റ്റമറുടെ താല്പര്യത്തിന് അനുസരിച്ചുള്ള ഉല്പന്നം നല്‍കുക എന്നതും അദ്ദേഹം ചെയ്തു - ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍
customization അല്ലേ?
ടൂറിംഗ് ബുക്ക്‌ സ്റ്റാള്‍ എന്ന് പേര് നല്‍കുക വഴി ഒരു
brand name അദ്ദേഹം ഉണ്ടാക്കി എടുത്തു, ആവശ്യപ്പെട്ട ഗ്രന്ഥം എത്തിച്ചുകൊടുക്കുക വഴി reliability എന്ന ഗുണവും. Customer is the king എന്നത് അദ്ദേഹം അന്നേ മനസ്സിലാക്കിയിരുന്നില്ലേ? ഉണ്ടാവണമല്ലോ. (ഇപ്പോഴും നമ്മുടെ പല പ്രസാധകര്‍ക്കും, ഓണ്‍ലൈന്‍ ഉള്‍പ്പടെ, Customer is 'Kingkong' എന്നതല്ലേ ലൈന്‍?)
പുസ്തക കച്ചവടം നടത്തവേ പ്രസാധന രംഗത്തേക്കും അദ്ദേഹം കടന്നു. പൂര്‍ണ പബ്ലിക്കേഷന്‍സ്‌. തങ്ങള്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളെ വിലയ്ക്ക് വാങ്ങുകയോ അത്തരം കമ്പനികള്‍ സ്ഥാപിക്കുകയോ ചെയ്യുമ്പോള്‍ അതിനു
managementകാര്‍ പറയുന്ന ഒരു പേരുണ്ടല്ലോ - vertical integration. അല്പംകൂടി കൃത്യമായി പറഞ്ഞാല്‍ backward integration അല്ലേ അത്?
ഒരു പത്രവില്‍പ്പനക്കാരന്‍ സാമാന്യബുദ്ധി ഉപയോഗിച്ച് പത്തുകോടി വിറ്റു വരവുള്ള ഒരു സ്ഥാപനം ഉയര്‍ത്തുമ്പോള്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ പ്രയോഗിച്ചത്
management ക്ലാസ്സുകളില്‍ ജാക്കറ്റും വലിച്ചു കേറ്റി കുത്തിയിരുന്ന് നമ്മുടെ മണ്ണുണ്ണികള്‍ പഠിച്ചെടുക്കുന്ന പാഠങ്ങള്‍ ആയിരുന്നു. ജീവിതം എന്ന പാഠശാലയില്‍ നിന്നും. ഞാന്‍ അദ്ദേഹത്തിന്‍റെ ആത്മകഥയായ 'കണ്ണീരിന്‍റെ മാധുര്യം' വായിച്ചിട്ടില്ല. ഇത്രയും അദ്ദേഹത്തെപ്പറ്റി പറഞ്ഞു കേട്ട കഥകള്‍.

P.S: ഫലിതപ്രിയര്‍ മാരാരെയും വെറുതെ വിട്ടില്ല. ആക്ഷേപ ഹാസ്യം കനിഞ്ഞനുഗ്രഹിച്ച ചില സാഹിത്യകാരന്മാര്‍ക്ക് അദ്ദേഹത്തെപ്പറ്റിയുള്ള പരാതി ഇങ്ങിനെ ആയിരുന്നു: 'മാരാരോട് ചോദിച്ചാല്‍ ഇപ്പോഴും ഇന്ദുലേഖയുടെ ആദ്യ ആയിരം കോപ്പി വിറ്റു തീര്‍ന്നിട്ടില്ലെന്നേ പറയൂ'
"The secret of success is to get up early, work late and strike oil" - John D. Rockfeller

No comments:

Post a Comment