Monday, 27 January 2014

ലാഭം വരുന്ന വഴി, നഷ്ടവും

ഏഴു വര്‍ഷം മുന്‍പ് കൊല്ലത്തുനിന്ന് ചെങ്കോട്ടക്ക് പോകും വഴി തെന്മലയിലെ കെടിഡിസി റെസ്റ്റോറണ്ടില്‍ കയറി. സെര്‍വ് ചെയ്യാന്‍ വന്ന ചങ്ങനാശേരിക്കാരന്‍ പയ്യന്‍സിനു മുന്നില്‍ മൂന്നാല് ചോദ്യം ഇട്ടു കൊടുത്തു. അപ്പോള്‍ കിട്ടിയ മറുപടി മതിയായിരുന്നു നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാകാനുള്ള കാരണം മനസ്സിലാക്കിത്തരാന്‍.

തെന്മലയില്‍ റോഡില്‍ നിന്ന് അല്പം അകത്തേക്ക് കയറിയാണ് സംഭവം. അങ്ങോട്ട്‌ വണ്ടി കയറ്റാന്‍ പറ്റില്ല (ഇപ്പോള്‍ അതിനു സംവിധാനം ആയോ ആവോ?). പകരം വഴിവക്കിലെ ഇകോ ടൂറിസം ഓഫിസിനു സമീപം ഇടാം. ആ വഴിക്ക് നടന്നു പോകുമ്പോഴേക്കും അടുത്ത മുറിയില്‍ നിന്ന് വനപാലകരുടെ തുറിച്ചു നോട്ടം. ഇവനാരെടെയ്‌ എന്ന ചോദ്യം അവരുടെ കണ്ണുകളില്‍.

ഭക്ഷണ മേശക്കു മുന്നില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ലെന്നതും കിട്ടിയതിനെല്ലാം നല്ല രുചിയായിരുന്നതും എനിക്ക് ഇഷപ്പെട്ടു. വിളമ്പാന്‍ വന്നവന്‍ പറഞ്ഞത് ശരിയെങ്കില്‍ ദിവസം ആകെ രണ്ടായിരം രൂപയുടെ കച്ചവടം നടക്കും. റോഡരുകില്‍ വേണ്ടത്ര പരസ്യം ഇല്ലാത്തതിനാല്‍ ജനം അറിയാതെ പോകുന്നതും അറിഞ്ഞവര്‍ തന്നെ കത്തിയാണെന്ന് കരുതി കയറാതെ പോകുന്നതും കച്ചവടം കുറയാന്‍ കാരണമാകുന്നു. ആകെ ജോലിക്കാര്‍ ഏഴോ എട്ടോ. ചിലപ്പോള്‍ പന്ത്രണ്ടു പേര്‍ വരെ ഉണ്ടാകാറുണ്ട്. മിക്കവാറും ട്രെയിനികള്‍, താല്‍ക്കാലികക്കാര്‍.

പിന്നൊരു നാളില്‍ കൊല്ലത്ത് നിന്നും ആലപ്പുഴക്ക് വണ്ടി പറപ്പിക്കുമ്പോള്‍ വഴിയില്‍ ഒരു തട്ടുകടയില്‍ കയറി. ഒരു ഒറ്റമുറി ചായക്കടയുടെ മുന്നില്‍ സന്ധ്യയ്ക്ക്‌ ഒന്നോ രണ്ടോ മേശയും കസേരകളും കൊണ്ടിട്ടു നടത്തുന്ന കലാപരിപാടി. പ്രധാന ഭക്ഷണം പൊറോട്ട. എല്ലാ ദിവസവും ഇത് തന്നെ സ്പെഷ്യല്‍. തെന്മലയില്‍ കിട്ടിയ അത്രയും ഗുണമില്ലാത്ത ഭക്ഷണം, രുചിയുടെ കാര്യവും അങ്ങിനെ തന്നെ.

ഞാന്‍ കാണുന്ന അന്ന്തട്ടുകട നടത്താന്‍ ഒരു പയ്യനേ ഉണ്ടായിരുന്നുള്ളൂ. കക്ഷി വൈകുന്നേരം മുതല്‍ രാവിലെ വരെ ജോലി ചെയ്യും. പകല്‍ കട നടത്തുന്നത് വേറെയാള്‍. പയ്യന്‍റെ കടയിലെ ഒരു രാത്രിയിലെ വരവ് രണ്ടായിരത്തിനും രണ്ടായിരത്തി അഞ്ഞൂറിനും ഇടയില്‍. ആകെ സ്റ്റാഫ്‌ - രണ്ടോ മൂന്നോ (പകലുള്ളവര്‍ അടക്കം). ഫുഡിനു വെറൈറ്റി ഇല്ല, രുചിയും കുറവ്, എങ്കിലും വരവ് ഏറെ. അതും എല്ലാ ദിവസവും മോശമല്ലാത്ത കച്ചവടം. കാരണം? സ്ഥിരം ആ വഴി പോകുന്ന വണ്ടിക്കാരും കുടുംബങ്ങളും കഴിക്കാന്‍ ചെല്ലുന്നു. കത്തി ആവില്ല എന്ന് അവര്‍ക്ക് തീര്‍ച്ചയുണ്ട്. അതിനാല്‍ രുചിയുടെ കാര്യത്തിലും ഗുണത്തിന്‍റെ നിബന്ധനയിലും അല്പം ഇളവ്.

ഒരുത്തന്‍ രാത്രിയില്‍ കുറഞ്ഞത് രണ്ടായിരം രൂപ ഉണ്ടാക്കുന്നിടത്താണ് ഏഴെട്ടു പേര്‍ കൂടി കഷ്ടി അത്രയും എത്തിക്കുന്നത്. പിന്നെങ്ങിനെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രക്ഷപെടും?

No comments:

Post a Comment