Monday 27 January 2014

"ഏക്, അകേല ഇസ് ഷെഹര്‍ മേം"

ചില ആകസ്മികതകള്‍ നമുക്കു ജീവിതത്തില്‍ അതി മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കില്ലേ. അത്തരമൊരു അനുഭവത്തിന്റെ കഥയാണിത്.



1996 - ചെന്നൈ പട്ടണം. ഉപരി പഠനത്തിനായി 'ജൂലൈ മാത'ത്തില്‍, ഞാന്‍ അവിടെ എത്തുന്നു. നഗരത്തിന്റെ വലിപ്പം എന്നെ ഭീതിപ്പെടുത്തി. എന്റെ ഇടുക്കിയുടെ തണുപ്പിന്റെയും പച്ചപ്പിന്റെയും മഹത്വം തിരിച്ചറിഞ്ഞ ദിനങ്ങള്‍. അന്ന് റൂം മേറ്റിന്റെ സ്റ്റീരിയോയില്‍ നിന്നാണ് 'ഏക് അകേല ഇസ് ഷെഹര്‍ മേം' എന്ന ഗാനം ഞാന്‍ ആദ്യം കേള്‍ക്കുന്നത്. നഗരത്തില്‍ ഒറ്റക്ക് വീര്‍പ്പുമുട്ടുന്ന എന്റെ അതേ ദുഃഖഭാവമായിരുന്നു ആ പാട്ടിനും. എനിക്കതങ്ങ്‌ ഇഷ്ടപ്പെട്ടു.



പഠനം കഴിഞ്ഞു കേരളത്തിന്റെ തലസ്ഥാനത്തു ജോലി നോക്കുമ്പോള്‍ ഈ ഗാനം പലപ്പോഴും മനസില്‍ ഓടിയെത്തി. തലയില്‍ അത് വീണ്ടും വീണ്ടും മൂളിക്കളിച്ചു. പാടിയ ആള്‍ ആരെന്നറിയില്ല, ചിത്രത്തിന്റെ പേരും പിടിയില്ല. തിരുവനന്തപുരം നഗരത്തില്‍ ഈ പാട്ടിന്റെ ഒരു കാസറ്റ് തപ്പി ഞാന്‍ അലയുന്നു. കിട്ടിയില്ല. അടുത്ത ജോലി സ്ഥലം കൊല്ലം പട്ടണം, അവിടെയും അതേ സ്ഥിതി.
2002 ജനുവരിയില്‍, ഒരു ബോറന്‍ കോട്ടയം സന്ദര്‍ശനത്തിന് ഇടയില്‍ സമയം കൊല്ലാന്‍ പൈകോയില്‍ കയറിയപ്പോള്‍ അവിടെ ഈ ഗാനമടങ്ങിയ കാസറ്റ്. ഗായകന്‍ ഭുപീന്ദര്‍, ചിത്രം ഖരോന്‍ദ, ഗാന രചന ഗുല്സാര്‍. തുടര്‍ന്നുള്ള ദിനങ്ങളില്‍ രാപകല്‍ എന്നോടൊപ്പം ഈ പാട്ടുണ്ടായിരുന്നു.



2005 ഓണക്കാലം. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് കോഴിക്കോട്ട്. എന്റെ മുന്നിലെ പത്രത്തില്‍ ഒരു വാര്‍ത്ത‍ - ഗസല്‍ ഗായകന്‍ ഭുപീന്ദര്‍ നാളെ മലബാര്‍ മഹോത്സവത്തില്‍ പാടുന്നു. ഞാന്‍ ഞെട്ടി. സംശയം തീര്‍ക്കാന്‍ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം കണ്ടു പിടിച്ചു ഫോണ്‍ ചെയ്യുന്നു. ഭുപീന്ദറിന്റെ മറുപടി ഇതായിരുന്നു: "ഞാന്‍ തിരക്കില്‍. മിതാലിയോടു സംസാരിക്കൂ". ഫോണ്‍ കട്ടായി.
രണ്ടാമത്തെ കോളില്‍ മിതാലി, ഭൂപീന്ദറിന്റെ പത്നി, ലൈനില്‍. എന്റെ ചോദ്യം: "ഏക് അകേല പാടിയ, ദം മാരോ ദം, ചുരാ ലിയാ എന്നീ പാട്ടുകളില്‍ സ്പാനിഷ് ഗിത്താര്‍ വായിച്ച, ആര്‍ഡി ബര്‍മന്റെ സുഹൃത്തായിരുന്ന ആ ഭുപീന്ദര്‍ തന്നെയോ ഇത്?" അതെ എന്നുത്തരം. അദ്ദേഹത്തിന്റെ പാട്ടു തപ്പി വര്‍ഷങ്ങളോളം നടന്ന കഥ ഞാന്‍ മിതാലിയോടു പറഞ്ഞു, ഇരുപത് വര്‍ഷം പഠനവും ജോലിയുമായി വീട്ടില്‍ നിന്നകന്നു താമസിക്കുന്നതിന്റെ കഥയും പറഞ്ഞു. ഇത്രയും ആയപ്പോള്‍ അവര്‍ക്ക് രസം കയറി. "എന്തുകൊണ്ടാണ് ഏക് അകേല നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതെന്നു എനിക്കു മനസ്സിലായി" - മിതാലി പതിയെ ചിരിച്ചു.
സംഭാഷണത്തിന്റെ അവസാനം ഞാന്‍ ഒരു കൊച്ചു ചോദ്യം ചോദിച്ചു: "നാളെ ഏക് അകേല പാടുമോ?". മിതാലിയുടെ ഉറപ്പിച്ച ഉത്തരം - "നാളെ ഹാളിലേക്ക് വരൂ". പിറ്റേന്നു ഗസല്‍ സന്ധ്യയ്ക്ക്‌ വളരെ മുമ്പേ ഞാന്‍ ‍ഹാളില്‍ കയറിക്കൂടി. ഗസലുകള്‍ പലതു കഴിഞ്ഞു. ആദ്യം "ബീതി നാ ബിതാനെ റൈന" വരുന്നു. അടുത്തതു നമ്മുടെ പാട്ടായിരിക്കും, ഞാന്‍ കരുതി. എന്നാല്‍ ആയിരുന്നില്ല. വീണ്ടും കുറച്ചു ഗസലുകള്‍ കൂടി. എന്നിട്ടതാ "ഏക് അകേല ഇസ് ഷെഹര്‍ മേം". പാട്ടു തീരുമ്പോഴേക്കും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഗാനമേള കഴിഞ്ഞു സ്റ്റേജില്‍ അദ്ദേഹത്തിന് ചുറ്റും തിരക്ക്. അല്പം മാറി നില്ക്കുന്ന മിതാലിയുടെ അടുക്കല്‍ പോയി ഞാന്‍ പേരു പറഞ്ഞു ഓര്‍മപ്പെടുത്തി. മിതാലി നിന്ന നില്‍പ്പില്‍ വിളിച്ചു പറയുന്നു: "Bhupinder, here is ......, a huge fan of yours. You should meet him". ഇത് കേട്ട് ഭുപീന്ദറിന്റെ ഒപ്പമുണ്ടായിരുന്ന കളക്ടര്‍ രചനാ ഷാ ഉള്‍പ്പടെയുള്ളവര്‍ വഴി മാറിത്തരുന്നു. അദ്ദേഹം മുന്നോട്ടു വന്നു, എന്റെ കയ്യില്‍ പിടിച്ചു ഹിന്ദിയില്‍ ചോദിച്ചു: "താങ്കള്‍ പാടുമോ". തിരിച്ചു ഇംഗ്ലീഷില്‍ എന്റെ മറുപടി - പാടാന്‍ അറിയില്ലെന്നും, ഹിന്ദി അത്ര വശമില്ലെന്നും. "ഈ പാട്ടിന്റെ അര്‍ഥം മുഴുവനും അറിയാമോ?" അടുത്ത ചോദ്യം. ഇല്ലെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ഓരോ വരിയായി ചൊല്ലി, അര്‍ഥം പതിയെ പറഞ്ഞു തന്നു. ചുറ്റുമുള്ളവര്‍ ഈ കൌതുകം കണ്ടു നിന്നു.
യാത്ര പറയുന്നതിന് മുന്‍പ് അദ്ദേഹം അപ്രതീക്ഷിതമായി ചോദിച്ചു: "ഈ പാട്ടിന്റെ കാസറ്റ് കയ്യിലുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ അയച്ചു തരാം". ഉണ്ടെന്ന മറുപടി കേട്ടയുടന്‍ മിതാലിയുടെ പക്കല്‍ നിന്നു തന്റെ വിസിറ്റിംഗ് കാര്‍ഡ് മേടിച്ചു മൊബൈല്‍ നമ്പരും എഴുതി എനിക്ക് തന്നു.
ആ കഴിഞ്ഞ 24 മണിക്കൂറില്‍ നടന്നതത്രയും സ്വപ്നം പോലെ ആയിരുന്നു എനിക്ക്. ഗായകന്റെയോ പടത്തിന്റെയോ പേരറിയാതെ ഒരു ഗാനം തേടി ഏറെക്കാലം നടന്നിട്ട് അവസാനം അത് ആലപിച്ചയാള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുക. പാട്ടു പാടി തന്നതും പോരാഞ്ഞു അര്‍ത്ഥവും പറഞ്ഞു തരിക. അതും അദ്ദേഹം ജീവിതത്തില്‍ ആദ്യമായി കേരളത്തില്‍ വന്നത് ഞാന്‍ ഉള്ള പട്ടണത്തില്‍.
ഭുപീന്ദറിനെ കണ്ടു തിരിച്ചെത്തി രാത്രി ടിവി തുറന്നപ്പോള്‍ മമ്മൂട്ടിയോട് മനോജ് കെ ജയന്‍ ചോദിക്കുന്നു - "ഇഷ്ടപ്പെട്ട പാട്ട്?". മമ്മൂട്ടിയുടെ സെലക്ഷന്‍ "ബീതി ന ബിതാനെ റൈന" ആയിരുന്നു.

സുഹൃത്തുക്കളെ, അന്ന് രാത്രിയില്‍ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യരില്‍ ഒരാള്‍ ഞാന്‍ ആയിരുന്നിരിക്കണം.
("ഏക് അകേല"യുടെ വീഡിയോ ഇതാ ഇവിടെ:http://www.youtube.com/watch?v=-hVmBVQAqbw)

No comments:

Post a Comment