Monday, 27 January 2014

Diffusion of Responsibility: ഗള്‍ഫ്‌ എയര്‍ അനുഭവം

അടുത്ത കാലത്ത് ഗള്‍ഫ്‌ എയറില്‍ രണ്ടു തവണ യാത്ര ചെയ്യേണ്ട ഗതികേടുണ്ടായി. രണ്ടു പ്രാവശ്യവും ബഹ്‌റൈന്‍-കൊച്ചി യാത്ര അത്ര നല്ല അനുഭവമല്ല തന്നത്. ലണ്ടന്‍-ബഹ്‌റൈന്‍ ട്രിപ്പില്‍ തുടങ്ങിയ ചെറിയ അലോസരങ്ങള്‍ കൊച്ചി യാത്രയില്‍ അതിന്‍റെ പാരമ്യത്തിലെത്തി. ലണ്ടനില്‍ നിന്ന് യാത്ര തുടങ്ങിയപ്പോള്‍ എന്‍റെ ഹെഡ്‌ ഫോണ്‍ ലൂസ്. ഒരു പ്രത്യേക ദിശയില്‍ തിരിച്ചു പിടിച്ചു വച്ചാല്‍ മാത്രം കേള്‍ക്കാം. ഞാന്‍ ഇതിന്‍റെ ദേഷ്യത്തില്‍ ചുറ്റുമൊന്നു നോക്കിയപ്പോള്‍ തൊട്ടരികത്ത് ഇരിക്കുന്ന രണ്ടു സായിപ്പ് കുഞ്ഞുങ്ങള്‍ അവരുടെ മുന്നിലുള്ള ടിവിയില്‍ അടിച്ചും ഇടിച്ചും നോക്കുന്നു - എന്തെങ്കിലും നടക്കുമോ എന്ന്? ഫ്ലൈറ്റിനുള്ളില്‍ കിട്ടിയ ഫുഡ്‌ അത്ര കേമം അല്ലായിരുന്നു. അതില്‍ എന്തെങ്കിലും നല്ലത് ഉണ്ടായിരുന്നത് ബ്രിട്ടീഷ്‌ നിര്‍മ്മിത സ്നാക്സ്‌ മാത്രം.

ബഹ്‌റൈന്‍-കൊച്ചി യാത്രയില്‍ അല്പം പഴയതും ചെറുതുമായ വിമാനമായിരുന്നു. പക്ഷെ, പ്രതീക്ഷിച്ചതിലും അധികം വൃത്തിയായി സൂക്ഷിച്ചിരുന്ന ഒന്ന്. യാത്രക്കിടയില്‍ വീണ്ടും കല്ലുകടി - ഇത്തവണ നമ്മുടെ മുന്നില്‍ സ്ക്രീന്‍ ഇല്ല, പകരമുള്ളത്‌ മൂന്നു നാല് നിരകള്‍ക്ക് ഒന്നിച്ച് ഒരു റൂഫ്‌മൌണ്ട് ടിവി. അതില്‍ എനിക്ക് ഉപയോഗിക്കേണ്ടത് മുകളിലേക്ക് തിരിച്ചടച്ചു വച്ചിരിക്കുന്നു. എനിക്ക് കൈ എത്താത്തതിനാല്‍ അതൊന്നു തുറന്നു തരാന്‍ എയര്‍ ഹോസ്റ്റെസ്സിനോട് ചോദിച്ചപ്പോള്‍ അടുത്ത ആളോടു പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു പുള്ളിക്കാരി വീണ്ടും കാപ്പിയോ ചായയോ എന്നാ ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ മറുപടിയുടെ സ്വരത്തിലും മുഖത്തെ ഭാവത്തിലും ആ അവജ്ഞ പ്രകടമായിരുന്നു. വിതരണം ചെയ്ത ഭക്ഷണം ആകെ ഒരു തട്ടിക്കൂട്ട് പോലെ തോന്നി. കൊച്ചിയില്‍ ചെന്നിറങ്ങുമ്പോള്‍ പതിവുപോലെ താങ്ക്സ് പറഞ്ഞു, മനസ്സറിഞ്ഞു തന്നെ - കൂടുതല്‍ ഉപദ്രവിക്കാത്തത്തിന്.

തിരിച്ചുള്ള യാത്രയിലും ഇതേ കഥ. ബഹ്‌റൈന്‍ വരെ തല്ലിപ്പൊളി സര്‍വീസ്. അവിടെനിന്ന് ലണ്ടന്‍ വരെ മാന്യമായ പെരുമാറ്റവും. എനിക്ക് ഈ അനുഭവവുമായി തട്ടിച്ചു നോക്കാന്‍ തോന്നുന്നത് ബ്രിട്ടീഷ്‌ എയര്‍വേയ്സിന്റെ ബാംഗ്ലൂര്‍-ലണ്ടന്‍ ഫ്ലൈറ്റ്. തികഞ്ഞ മര്യാദയോടുള്ള പെരുമാറ്റം. നല്ല ഫുഡ്‌. ഒറ്റയിരുപ്പിന് 12 മണിക്കൂര്‍ യാത്ര ചെയ്തിട്ടും യാതൊരു മടുപ്പുമില്ലാതെ ചെന്നിറങ്ങാന്‍ കഴിഞ്ഞു.

അവധിക്കാലത്ത്‌ ഒരു ദിവസം ഇക്കാര്യം എന്‍റെ അമ്മാവനുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്തായിരുന്നു ഗള്‍ഫ്‌ എയര്‍വേയ്സ്‌ സ്റ്റാഫിന്റെ പെരുമാറ്റത്തിലെ പ്രധാന പ്രശ്നം? 'Diffusion of Responsibility' ആയിരുന്നു അവരുടെ പ്രശ്നം എന്ന് ഞാന്‍ ഉത്തരം നല്‍കി. Diffusion of Responsibility - ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയല്‍. John Darley, Bibb Latane എന്നിവര്‍ രൂപപ്പെടുത്തിയ ഈ പ്രയോഗമാണ് അവരുടെ സര്‍വീസിന്‍റെ ഏറ്റവും വലിയ ന്യൂനത. ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ലെന്ന് സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ മനസ്സിലായി, തന്നെയുമല്ല എയര്‍ ഇന്ത്യയാണ് ഇക്കാര്യത്തില്‍ ഗള്‍ഫ്‌ എയറിന്‍റെ മൂത്ത ചേട്ടനെന്നും അറിവായി.

Diffusion of Responsibility എന്ന പ്രയോഗം എങ്ങിനെ ഇംഗ്ലീഷ് ഭാഷയില്‍ കയറിക്കൂടി? അറിയേണ്ടുന്ന കഥയാണത്. വര്‍ഷം 1964. ന്യൂയോര്‍ക്കില്‍ തന്‍റെ താമസ സ്ഥലത്തിന് പുറത്ത് ഒരു യുവതി കൊല്ലപ്പെടുന്നു. ആരും ശ്രദ്ധിക്കാതെ പോയ ഒരു സാദാ ക്രൈം സ്റ്റോറി. പക്ഷെ, രണ്ടാഴ്ചക്കുള്ളില്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ടര്‍ Martin Gansberg ഇതിലെ ഒരു പ്രശ്നം കണ്ടെത്തി - 37 ആളുകള്‍ സംഭവം വ്യക്തമായി കണ്ടിട്ടും ഒരാള്‍ പോലും പോലീസിനു ഫോണ്‍ ചെയ്തില്ലെന്ന്. തുടര്‍ന്നുള്ള നാളുകളില്‍ അമേരിക്കന്‍ ജനത സ്വന്തം മനസ്സാക്ഷിയെ തൂത്തു തുടച്ചു പരിശോധിക്കുന്ന തിരക്കിലായിരുന്നു.

ഈ പത്ര വാര്‍ത്ത കണ്ടറിഞ്ഞ്, മനുഷ്യന്‍ ഇത്ര നിര്‍ വികാരനും ഉത്തരവാദിത്തരഹിതനും ആയത്‌ എങ്ങിനെ എന്ന് പഠിക്കാന്‍ എത്തിയ Darleyയും Lataneനും ദൃക്സാക്ഷികള്‍ എല്ലാവരോടും സംസാരിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലാക്കി - ഓരോരുത്തരും കരുതിയത്‌ മറ്റാരെങ്കിലും പോലീസിനെ വിളിച്ചിട്ടുണ്ടാവുമെന്നാണ്. ഈ തോന്നലില്‍ ഒരു സാമൂഹിക ജീവി എന്ന നിലയ്ക്കുള്ള സ്വന്തം ഉത്തരവാദിത്തം മറന്നു പോയതിനെ അവര്‍ Diffusion of Responsibility എന്ന് വിളിച്ചു (താല്പര്യം ഉള്ളവര്‍ക്ക് ഇവിടെ ആ ന്യൂയോര്‍ക്ക്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ വായിക്കാം).

ഇനി നമ്മുടെ ആദ്യ കഥയിലേക്ക് തിരിച്ചു വരാം. ഗള്‍ഫ്‌ എയര്‍ നന്നാവണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. എങ്കിലും ഇത് അവരുടെ ഏതെങ്കിലും ഉദ്യോഗസ്ഥനെ അറിയിക്കാനുള്ള ആഗ്രഹം എനിക്കുണ്ട്. പക്ഷെ അതിനുള്ള പാങ്ങും സാഹചര്യവും എനിക്കില്ല. കഴിയുന്ന ഒരാള്‍ ഗള്‍ഫില്‍ ഒരു വിമാനത്താവളത്തിന്‍റെ ഉന്നത ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നുണ്ട്. ഒരു ബ്ലോഗ്ഗര്‍. പേര് ദേവാനന്ദ്‌ പിള്ള. അദ്ദേഹം ഇക്കാര്യത്തില്‍ എന്നെ സഹായിക്കുമോ ആവോ. ഗള്‍ഫ്‌ എയറിന്റെ വെബ്സൈറ്റില്‍ പോയി പരാതിപ്പെട്ടാല്‍ മതി എന്ന മണ്ടത്തരം അദ്ദേഹം പറയില്ല എന്ന് കരുതട്ടെ.

(ഭക്ഷണപ്രിയന്മാരോട്: ലോകത്തെ വിവിധ വിമാനക്കംപനികളുടെ ഇന്‍ഫ്ലൈറ്റ്‌ ഭക്ഷണത്തിന്‍റെ പടങ്ങളും ആസ്വാദനവും കാണാന്‍ ഞാന്‍ ഈ വെബ്സൈറ്റ് നോക്കാറുണ്ട്. താല്പര്യമുണ്ടെങ്കില്‍ അത് കൂടി നോക്കുമല്ലോ)

No comments:

Post a Comment