Monday 27 January 2014

പ്രഭാകരന്‍ ഇത്ര വളര്‍ന്നത്‌ എങ്ങിനെ?

കടുത്ത ഈശ്വര ഭക്തയായ വല്ലിപുരം പാര്‍വതി, തികഞ്ഞ അച്ചടക്കം പാലിച്ചിരുന്ന തിരുവെങ്കടം വേലുപ്പിള്ള. ഇവരുടെ ഇളയ മകന്‍ പ്രഭാകരന്‍ സുബ്രമണ്യ ഭക്തന്‍ ആയിരുന്നെങ്കിലും സ്വഭാവം അത്ര സാത്വികം ആയിരുന്നില്ല.

ഒരു പൂജാരിയെ സിംഹളര്‍ തീ കൊളുത്തി കൊന്നത് നേരില്‍ കണ്ടതാണ് പ്രഭാകരനെ തീവ്രവാദിയാക്കിയതെന്നു കഴിഞ്ഞ ദിവസം പത്രങ്ങള്‍ എഴുതിക്കണ്ടതു ശരിയല്ല. Tigers of Lanka: From Boys to Guerillas എന്ന പുസ്തകത്തില്‍ എം.ആര്‍. നാരായണ്‍ സ്വാമി പറയുന്നത് ശരിയെങ്കില്‍ ആ സംഭവം നടന്നത് പ്രഭാകരന് നാല് വയസ്സുള്ളപ്പോള്‍ മാത്രം. അതും കേട്ടറിഞ്ഞ സംഭവം, ദൃക്സാക്ഷി ആയിരുന്നില്ല.

പഠനത്തില്‍ പിന്നോക്കം ആയിരുന്നു പ്രഭാകരന്‍. കഷ്ടി ഇടത്തരം എന്ന് പറയാം. സുഭാഷ്‌ ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവര്‍ ഇഷ്ട വീരര്‍. കിട്ടു എന്ന പേരില്‍ പില്‍ക്കാലത്ത്‌ കുപ്രസിദ്ധി നേടിയ സതാശിവം കൃഷ്ണകുമാര്‍ ആയിരുന്നു ചെറുപ്പകാലത്തെ ഒരു കൂട്ടുകാരന്‍. സ്കൂളില്‍ നിന്ന് രാസവസ്തുക്കള്‍ മോഷ്ടിച്ചു ബോംബ്‌ ഉണ്ടാക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ടായിരുന്നു. സ്കൂള്‍ കക്കൂസിനുള്ളില്‍ ഇവര്‍ ബോംബ്‌ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു. ഹെഡ് മാസ്റ്റര്‍ ചോദ്യംചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. കളവും നുണയും ചെറുപ്പം മുതലേ സഹചാരികള്‍ ആയിരുന്നു പുലിത്തലവന്.

1959ലെ വീരപാണ്ട്യകട്ടബൊമ്മന്‍ പടത്തിലെ വരികള്‍ ഉരുവിടലായിരുന്നു ഇഷ്ട വിനോദങ്ങളില്‍ ഒന്ന്. (ഈ ഡയലോഗ് ശിവാജി ഗണേശന്‍റെ മുഖത്തു നിന്ന് നേരിട്ട് കേട്ട കഥ ബാലചന്ദ്രന്‍ ചുള്ളിക്കാട് ചിദംബര സ്മരണയില്‍ പറയുന്നുണ്ട് ). ജൂഡോ, കരാട്ടേ എന്നിവ പഠിച്ചതും ഇക്കാലത്ത്. വീരവന്‍ (വീരന്‍) എന്ന ചെല്ലപ്പെരും അങ്ങിനെ കിട്ടി. 1972ല് ഒരു പനയുടെ കീഴില്‍ ബോംബ്‌ പരീക്ഷണം നടത്തവേ അബദ്ധത്തില്‍ പൊട്ടി, കാല് പൊള്ളി. അങ്ങിനെ കരികാലന്‍ എന്ന ഒരു പേര് കൂടി.

ജാഫ്ന മേയര്‍ ആല്‍ഫ്രെഡ് ദുരയപ്പയെ കൊല്ലാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ പോലീസ്‌ തിരഞ്ഞത് 1973ല്‍. അന്ന് ചെന്നൈയിലേക്ക് കടന്നു. ടി.ആര്‍. ജനാര്‍ദനന്‍ എന്ന രാഷ്ട്രീയക്കാരന്‍ അഭയം നല്‍കിയെങ്കിലും ഭക്ഷണത്തിന് വഴിയില്ലാത്ത നാളുകള്‍. കുറച്ചു കഴിഞ്ഞു തിരികെ നാട്ടിലേക്ക്.

അടുത്ത വര്‍ഷം ഒക്ടോബറില്‍ പ്രധാന മന്ത്രി സിരിമാവോ ജാഫ്ന സന്ദര്‍ശിക്കുന്നതിന് മുന്‍പ് Kamkeshan Thurai പോലീസ്‌ സ്റ്റേഷനും ജാഫ്ന മെയിന്‍ മാര്‍ക്കറ്റും ഉള്‍പ്പടെ ആറിടങ്ങളില്‍ ബോംബ്‌ പൊട്ടിച്ചു. അങ്ങിനെ മോശം അല്ലാത്ത രീതിയില്‍ ഭീകര പ്രവര്‍ത്തന അരങ്ങേറ്റം.

അനിത പ്രതാപ്‌

July 13, 1975 - തുരുമ്പിച്ച കൈത്തോക്കില്‍ തീപ്പെട്ടി കമ്പുകളിലെ മരുന്ന് കുത്തി നിറച്ചു മേയര്‍ ദുരയപ്പയെ വെടിവച്ചു കൊന്നു. പോലീസിനു പിടി കൊടുക്കാതെ നടന്ന ആ ദിനങ്ങളില്‍ തലയ്ക്കു കീഴെ തോക്കും സൂക്ഷിച്ചായിരുന്നു ഉറക്കം.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ജാഫ്നക്കു സമീപം പുട്ടെരിലുള്ള People's Bank കൊള്ള അടിച്ച് അഞ്ചു ലക്ഷവും രണ്ടു ലക്ഷത്തിന്‍റെ സ്വര്‍ണവും കൈക്കലാക്കി. ഭീകരവാദ മൂലധനം ഇതായിരുന്നു.

1977 February 14 - മാവിദ്ദപുരത്തു പോലീസ്‌ കോണ്‍സ്റ്റബിളിനെ വെടിവച്ച് കൊല്ലുന്നു. അടുത്ത മാസം ഇനുവില്‍ എന്ന സ്ഥലത്ത് രണ്ടു പോലീസുകാരെക്കൂടി തട്ടി. സൈക്കിളില്‍ വന്നു കൊല നടത്തി രക്ഷപെടുന്നതായിരുന്നു ആദ്യ കാല രീതി.
വാവുനിയ നഗരത്തിനു രണ്ടു മൈല്‍ അകലെ പൂന്തോട്ടം എന്ന ഒഴിഞ്ഞ സ്ഥലത്ത് LTTE റിക്രൂട്ട്മെന്‍റ് തുടങ്ങി. കൂട്ടാളി തങ്കദുരൈ മുല്ലൈത്തീവില്‍ വേറൊരു കേന്ദ്രവും ആരംഭിച്ചു. സംഘടന വളര്‍ന്നു തുടങ്ങി. അപ്പോള്‍ സംഘടനയുടെ പക്കല്‍ ഉള്ള ആയുധങ്ങള്‍ രണ്ട് കൈത്തോക്കുകള്‍ മാത്രം. കൈത്തോക്കായിരുന്നു പ്രഭാകരന്‍റെ പ്രിയ ആയുധം. കഴിവതും റൈഫിള്‍ തൊടില്ല. നല്ല ഉന്നം.

ഇടയ്ക്ക് തമിഴ്‌ നാട്ടില്‍ പോകുന്ന പതിവുണ്ടായിരുന്നു പ്രഭാകരന്. അത്തരം യാത്രകളില്‍ ഒന്നില്‍ മധുരയില്‍ ഒരു ആര്‍ട്ടിസ്റ്റിനെക്കൊണ്ട് കൊടി അടയാളം വരപ്പിച്ചു, ഇന്ന് നമുക്കെല്ലാം പരിചയമുള്ള ആ അടയാളം.

1975 - ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഈറോസ് തമിഴ്‌ സംഘടന അരുളാര്‍ എന്ന യുവാവിനെ ലെബനോണില്‍ അയച്ചു തീവ്രവാദം പഠിപ്പിക്കുന്നു. PLO ആയിരുന്നു ആശാന്മാര്‍. ഇയാള്‍ പഠനം കഴിഞ്ഞു ലങ്കയില്‍ എത്തി കാലം പോക്കവേ പ്രഭാകരനെ പരിചയപ്പെടുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാളാണ് നല്ല ഇനം ബോംബ്‌ ഉണ്ടാക്കാന്‍ നമ്മുടെ കഥാനായകനെ പഠിപ്പിക്കുന്നത്‌.

1979 December 5 - അടുത്ത ബാങ്ക് കൊള്ള. പന്ത്രണ്ടു ലക്ഷം തട്ടി, രണ്ട് പോലീസുകാരെയും. രണ്ട് പേരെ ഈറോസിന്‍റെ സഹായത്തോടെ ലെബനോണില്‍ അയച്ചു പരിശീലിപ്പിക്കുന്നു. തിരികെ പോരുമ്പോള്‍ ആയുധങ്ങളും കൊണ്ട് വരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പരിശീലനം തല്ലിപ്പൊളി ആയിരുന്നു. ഇടനിലക്കാരായ ഈറോസ് പണം അടിച്ചു മാറ്റുകയും ചെയ്തു.

ലണ്ടന്‍ സുഹൃത്തുക്കള്‍ വഴി ഒരു മാര്‍ക്സിസ്റ്റുകാരനായ ശ്രീലങ്കന്‍ തമിഴാനെ പരിചയപ്പെടുന്നതും ഇതേ കാലത്ത്. പേര് - Anton Stanislaus Balasingham. ഇയാള്‍ ലങ്കയിലെ വീരകേസരി പത്ര ലേഖകന്‍ ആയിരുന്നു. പിന്നീട് Colombo ബ്രിട്ടീഷ്‌ ഹൈകമ്മിഷനില്‍ വിവര്‍ത്തകന്‍. അതും കഴിഞ്ഞു ബ്രിട്ടനില്‍ സൌത്ത് ബാങ്ക് പോളിടെക്നിക്കില്‍ പഠനം. അവിടെ ബാലസിംഹത്തിന്‍റെ കിടക്ക പങ്കിട്ടിരുന്നത്‌ അടേല്‍ എന്ന ഓസ്ട്രലിയക്കാരി.


പ്രഭാകരനും ബാലസിംഹവും (ഊശാംതാടി)

ബാലസിംഹം ലങ്കയില്‍ എത്തി സ്റ്റഡിക്ലാസ്സുകള്‍ നല്‍കി പുലികളെ ജ്ഞാന സ്നാനം ചെയ്തെടുത്തു. പക്ഷേ, പ്രഭാകരന് ഒന്നും മനസ്സിലായില്ല. കക്ഷിയുടെ പ്രിയ പുസ്തകങ്ങള്‍ തമിഴ്‌ നോവലുകള്‍, മാഗസിനുകള്‍. 'അമ്പിളി അമ്മാവന്‍' (കുട്ടികളുടെ പുസ്തകം) വായന ആയിരുന്നു അയാളുടെ മറ്റൊരു ഇഷ്ട ബൌധിക വ്യാപാരം.

പ്രഭാകരന്‍ സംഘടന രൂപീകരിച്ചപ്പോള്‍ എല്ലാര്‍ക്കും ബ്രഹ്മചര്യം ഒരു വ്രതം ആക്കിയിരുന്നു. എന്നാല്‍ ഉമാ മഹേശ്വരന്‍ എന്ന കൂട്ടാളി ഊര്‍മിള എന്ന പെണ്ണുമായി ലൈംഗിക ബന്ധം പുലര്‍ത്തി. ഇതിന്‍റെ പേരില്‍ തുടങ്ങിയ തര്‍ക്കം ഉമയും ഒട്ടനവധി കൂട്ടുകാരും LTTE വിടുന്നതിനു കാരണം ആയി. അക്കാലത്ത് പ്രഭാകരന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ആയുധങ്ങള്‍ ഇത്രയും - പത്തു റിവോള്‍വര്‍, രണ്ട് AK-47, രണ്ട് G-3 റൈഫിള്‍, ഒരു 9mm പിസ്റ്റള്‍.

1981 May 24, ഉമാ മഹേശ്വരനും കൂട്ടരും ജാഫ്നയില്‍ വെടി വയ്പ് നടത്തുന്നു. സിംഹളര്‍ ഇളകി, കൊള്ളയും അക്രമയും നടത്തി. അക്കൂട്ടത്തില്‍ ഒരു വായന ശാലയും കത്തിച്ചു കളഞ്ഞു. ഈ വായന ശാല കത്തിച്ച വാര്‍ത്ത മദ്രാസില്‍ ഉണ്ടായിരുന്ന ഒരു മലയാളി പത്രപ്രവര്‍ത്തക (കോട്ടയംകാരി) ശ്രദ്ധിക്കുന്നു. അനിത പ്രതാപ്‌ എന്ന ഇവര്‍ അന്നു മുതല്‍ LTTEയുടെ പുറകെ കൂടുന്നു.

ലങ്കയില്‍ സിംഹളരുടെയും പോലീസിന്‍റെയും ശല്യം കാരണം പ്രഭാകരനും കൂട്ടുകാരും തമിഴ്‌ നാട്ടിലേക്ക് കടക്കുന്നു. മധുരക്കടുത്ത് കാറ്റില്‍ ട്രെയിനിംഗ് ക്യാമ്പ്‌ സ്ഥാപിച്ചു. സഹായം നല്‍കിയത് ചില രാഷ്ട്രീയക്കാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും. ഒരു റിട്ട ഇന്ത്യന്‍ എയര്‍ഫോഴ്സ് കമാന്‍ഡര്‍ ആയിരുന്നു പരിശീലകന്‍.

1981 October 15 - പ്രഭാകരന്‍ മധുരയില്‍ ഒളിച്ചു പാര്‍ക്കുമ്പോള്‍ ചാള്‍സ് ലൂക്കന്‍ അന്തോണി എന്ന ശീലന്‍ ഒരു ജീപ്പില്‍ യാത്ര ചെയ്തിരുന്ന സൈനികരെ കൊല്ലുന്നു. അതാണ്‌ ആദ്യമായി പുലികളും സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍. ഈ ശീലന്‍റെ ഓര്‍മയ്ക്കാണ് പ്രഭാകരന്‍ മകന് Charles Antony എന്ന് പേരിട്ടത്.

1982 മെയ്‌ മാസം - മദ്രാസിലെ പോണ്ടി ബസാറില്‍ ബൈക്കില്‍ കയറാന്‍ ഒരുങ്ങിയ ഉമാ മഹേശ്വരനെയും കൂട്ടുകാരനെയും പ്രഭാകരനും കൂട്ടുകാരനും സമീപിക്കുന്നു. പന്തികേട് തോന്നിയ ഉമ തോക്ക് എടുക്കും മുന്‍പേ പ്രഭാകരന്‍ വെടി പൊട്ടിച്ചു. ഉമ രക്ഷപ്പെട്ടു, കൂട്ടുകാരന് വെടി ഏറ്റു. പ്രഭാകരനും ഒപ്പമുണ്ടായിരുന്ന രാഘവനും പോലീസിന്‍റെ പിടിയിലായി. ആറ് ദിവസം കഴിഞ്ഞ് റെയില്‍ സ്റ്റേഷന്‍ പരിസത്തു ഉമ പിടിയിലായി. പിടിച്ച പോലീസുകാരനും കിട്ടി ഒരു വെടി.


നെടുമാരന്‍ ആന്‍ഡ്‌ കോ


ഉമയും പ്രഭാകരനും പിടിയിലായതില്‍ സന്തോഷിച്ച ലങ്കന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മിനിസ്റ്റര്‍ വീരപതിയ തമിഴ്‌ പോലീസിനു പാരിതോഷികം പ്രഖ്യാപിച്ചു - പത്തു ലക്ഷം രൂപ. ലങ്കന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ രുദ്ര രാജ സിംഹം മദ്രാസില്‍ എത്തി, കക്ഷികളെ കൂട്ടിക്കൊണ്ടു പോകാന്‍. പക്ഷേ, സംസ്ഥാനം ഭരിച്ചിരുന്നത് ലങ്കയില്‍ ജനിച്ചു വളര്‍ന്ന ഒരു നമ്പ്യാരായിരുന്നു - എം.ജി.ആര്‍. അദ്ദേഹം ഇവരെ വിട്ടുകൊടുക്കാന്‍ സമ്മതിച്ചില്ല. ഇന്ദിരയും എതിരായിരുന്നു.

അങ്ങിനെ മദ്രാസ്‌ കോടതി പ്രഭാകരനെയും ഉമയെയും ജാമ്യത്തില്‍ വിട്ടു. രണ്ട് നഗരങ്ങളില്‍ കഴിയണം എന്നായിരുന്നു വ്യവസ്ഥ. പ്രഭാകരന് കിട്ടിയത് മധുര. പുള്ളി നേരെ കേറി നെടുമാരന്‍റെ വീട്ടില്‍ താമസം തുടങ്ങി. ഇവിടെ വച്ചാണെന്ന് തോന്നുന്നു അനിത പ്രതാപ്‌ പ്രഭാകരനെ തപ്പി എത്തിയത്. പക്ഷേ നടന്നില്ല. പിന്നീട് എപ്പോഴോ ആദ്യമായി കണ്ടപ്പോള്‍ പ്രഭാകരന്‍ പറഞ്ഞു - "അന്ന് നിങ്ങളോട് ഞാന്‍ സ്ഥലത്ത് ഇല്ലെന്നു നേതാവ് പറയുമ്പോള്‍ ഞാന്‍ അടുത്ത മുറിയില്‍ ഉണ്ടായിരുന്നു" (ഇത് ഓര്‍മയില്‍ നിന്ന് എഴുതിയതാണ്. കൃത്യമായി അറിയണമെങ്കില്‍ അനിതാ പ്രതാപിന്‍റെ Island of Blood വായിക്കുക).

ഒരു കാലത്ത് അനിതയും പ്രഭാകരനും പ്രണയത്തില്‍ ആയിരുന്നെന്നും കഥകള്‍ ഉണ്ടായിരുന്നു. എന്തായിരുന്നോ സത്യം.

ഏഴു മാസത്തെ താമസം കഴിഞ്ഞപ്പോള്‍ പുലിത്തലവന് മടുത്തു. നെടുമാരന്‍ അനുവാദം നല്‍കിയപ്പോള്‍ കക്ഷി തിരികെ ലങ്കയിലേക്ക് ഒളിച്ചു കടന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സാമ്രാജ്യ രൂപീകരണം ആയിരുന്നു പ്രധാന പരിപാടി. നല്ല കാലത്ത്, രണ്ട് വര്‍ഷം മുന്‍പ് വരെ ലങ്കയുടെ മൂന്നില്‍ ഒരു ഭാഗം നിയന്ത്രിച്ചത് ഈ മനുഷ്യന്‍ ആയിരുന്നു. പിന്നെ നടന്നതെല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ.

suggested reading:
1) Inside an Elusive Mind: Prabhakaran, by M.R. Narayan Swamy
2) Tigers of Lanka, by M.R. Narayan Swamy
3) Island of Blood, by Anita Pratap

No comments:

Post a Comment