ലോറന്‍സ് ഓഫ് അറേബ്യ
എനിക്ക് ഒരു സ്വപ്ന യാത്ര നടത്തണം. ബ്രിട്ടനിലെ ഓക്സ്ഫഡില്‍ തുടങ്ങി തുര്‍ക്കിയിലെ ഈസ്താന്‍ബൂള്‍, സിറിയയിലെ ദമാസ്കസ് എന്നിവിടങ്ങള്‍ വഴി സൌദിയിലെ മദീന വരെ. 'ലോറന്‍സ് ഓഫ് അറേബ്യ'യുടെ നാട്ടില്‍ നിന്ന് അദ്ദേഹം 91 വര്‍ഷം മുന്‍പ് തകര്‍ത്ത ഹിജാസ് റെയില്‍വേയുടെ വഴിയിലൂടെ ഒരു യാത്ര.
ലോറന്‍സ് ഓഫ് അറേബ്യ ആരെന്ന് ആദ്യമറിഞ്ഞത് 2004ല്‍ കോഴിക്കോട് നിന്ന് വാങ്ങിയ, ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത അതേ പേരുള്ള, സിനിമയില്‍ നിന്ന്. ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കികളുടെ പക്കല്‍ നിന്ന് അറേബ്യയെ മോചിപ്പിക്കാനുള്ള ബദുവിന്‍ ഗോത്രക്കാരുടെ ശ്രമത്തില്‍ പങ്കാളിയായിരുന്നു, അര വട്ടനായ ലോറന്‍സ്. അറേബ്യയിലെ അസാമാന്യ പ്രകടനത്തിന്‍റെ പേരില്‍ അദ്ദേഹം ചെറുപ്പത്തിലെ ലോക പ്രശസ്തനും. തിരിച്ചു വന്നു ഓക്സ്ഫഡില്‍ ഓള്‍ സൌള്‍സ് കോളേജില്‍ പഠനം തുടരുമ്പോഴേക്കും ലോറന്‍സിന്‍റെ വിശേഷണങ്ങള്‍ പലതായിരുന്നു - Patron of the Contemporary Art, Prince of the Hedjaz, Historian, Journeyman Painter, Aviator, The Man who Captured Damascus in a Limousine, The World's Authority on Crusader's Knees, and Dynamitter. അവസാനത്തേത് പഴയൊരു റെയില്‍വേ തകര്‍ത്തത് വഴി കിട്ടിയ ഇരട്ടപ്പേര്.
പഴയ തീവണ്ടിപ്പാതകള്‍ എന്‍റെ വീക്ക്നെസ്സ് ആണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അതിനാല്‍ dynamitter എന്ന വിശേഷണമെന്നെ ആകര്‍ഷിച്ചു, സിനിമയില്‍ ആ രംഗവും ഉണ്ടായിരുന്നു. മനോഹര ചിത്രീകരണം. ലോറന്‍സ് തകര്‍ത്ത ഹിജാസ് റെയില്‍വേ എന്‍റെ തലയിലേക്ക് പതുക്കെ കടന്നു കൂടുകയായിരുന്നു.
ഹിജാസ് റെയില്‍വേ: 1900ല്‍ നിര്‍മാണത്തുടക്കം, 1300 കിലോ മീറ്റര്‍ ദൂരം. തുര്‍ക്കികളുടെ ഓട്ടോമന്‍ സാമ്രാജ്യ തലസ്ഥാനമായ ഈസ്താന്‍ബൂളില്‍ നിന്ന് ഹാജിമാരുടെ മെക്ക വരെയുള്ള യാത്രയിലെ ദുരിതം കുറയ്ക്കുക നിര്‍മാണ ലക്‌ഷ്യം. എന്തിനാണ് ഇങ്ങിനെ ഒരു നല്ല പദ്ധതിയെ ലോറന്‍സ് തകര്‍ത്തത്?
എല്ലാ നല്ല കാര്യങ്ങള്‍ക്കും എന്നപോലെ ഈ റെയില്‍വേയ്ക്കും ഒരു മറുവശം ഉണ്ടായിരുന്നു. അന്ന് അറേബ്യ ഒട്ടോമാന്‍ സാമ്രാജ്യത്തിനു കീഴില്‍. അറബികള്‍ വിപ്ലവം ഉണ്ടാക്കിയാല്‍, അത് ഒതുക്കാനുള്ള തുര്‍ക്കിപ്പടയെ കുറഞ്ഞ സമയം കൊണ്ട് സ്ഥലത്തെത്തിക്കാന്‍ ഈ റെയില്‍വേക്ക് കഴിയും. ഇത് അറിയാമായിരുന്ന അറബികള്‍ തുടക്കം മുതലേ പദ്ധതിക്ക് പാര പണിതു. കൂടെ ബ്രിട്ടീഷുകാരും കൂടി.
തുര്‍ക്കികളുടെ കീഴില്‍ ഈസ്താന്‍ ബൂള്‍ മുതല്‍ ദമാസ്കസ് വരെ ഒരു റെയില്‍പ്പാത ഉണ്ടായിരുന്നതിനാല്‍ അവിടം തുടങ്ങി മെദീനവരെയാണ് ഹിജാസ് റെയില്‍വേ പണിതത്. മെദീനവരെ പാത എത്തിയപ്പോഴേക്കും നാല്പതു ദിവസത്തെ യാത്ര ഗണ്യമായി കുറഞ്ഞു. മണിക്കൂറില്‍ അറുപതു കിലോമീറ്റര്‍ ആയിരുന്നു കൂടിയ വേഗം. ദമാസ്കസില്‍ നിന്ന് മൂന്ന് പകലും നാല് രാത്രിയും കൊണ്ട് മെദീന വരെ എത്താം. മെക്ക വരെ പണിയാന്‍ ആയിരുന്നു ഉദ്ദേശിച്ചതെങ്കിലും അത് നടന്നില്ല.
ഹിജാസ് റെയില്‍വേയുടെ ദമാസ്കസ് സ്റ്റേഷന്‍. ഒന്നാം ലോക മഹാ യുദ്ധ കാലത്തെ ദൃശ്യം. ഈ കെട്ടിടം ഡിസൈന്‍ ചെയ്തത് സ്പാനിഷ് ആര്‍ക്കിടെക്റ്റ് Fernando de Aranda
ഈ പാത തകര്‍ക്കാന്‍ ലോറന്‍സ് പല തവണ ശ്രമിച്ചതായി A Touch of Genius: The Life of T.E.Lawrence എന്ന പുസ്തകം പറയുന്നു. 1917 നവംബര്‍ എട്ടിന് പതിനഞ്ച് ചാക്ക് സ്ഫോടക വസ്തുക്കളുമായി Yarmuk നദിക്കു കുറുകെയുള്ള പാലം തകര്‍ക്കാന്‍ എത്തി. ഭാഗ്യക്കേടിന് ബദുവിന്‍ ഗറില്ലകളില്‍ ഒരാള്‍ റൈഫിള്‍ താഴെയിടുകയും ശബ്ദം കേട്ട് തുര്‍ക്കികള്‍ തുരുതുരാ വെടിവയ്ക്കുകയും ചെയ്തു. അട്ടിമറി സംഘം ജീവനും കൊണ്ട് പറന്നു.
കുറച്ചു ദിവസം ലോറന്‍സ് അടങ്ങി ഇരുന്നു. അടുത്ത ലക്‌ഷ്യം ദേറാ നഗരമായിരുന്നു. പ്രധാനപ്പെട്ട റെയില്‍ ജങ്ക്ഷന്‍. വേഷം മാറി ചാരപ്പണി നടത്താന്‍ ശ്രമിച്ച അദ്ദേഹം തുര്‍ക്കി സൈനികരുടെ പിടിയിലായി. അന്ന് രാത്രി ഒരു സൈനിക ഉദ്യോഗസ്ഥന്‍ ലോറന്‍സിനെ കീഴ്പ്പെടുത്തിയ ശേഷം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തി, ദേഹത്തിനും മനസ്സിനും മുറിവേറ്റ അദ്ദേഹത്തെ അവര്‍ അന്ന് രക്ഷപ്പെടാന്‍ അനുവദിച്ചു.
ലോറന്‍സ് പിന്നീടും ആക്രമണങ്ങള്‍ നടത്തി, ചിലത് കാര്യമായ കേടുപാടും ഉണ്ടാക്കി. എന്നാല്‍ ബോംബ് ഉപയോഗിക്കുന്ന കാര്യത്തില്‍ അദ്ദേഹം അത്ര മിടുക്കന്‍ ആയിരുന്നില്ല. 1918ല്‍ അദ്ദേഹത്തോട് ഒപ്പം പ്രവര്‍ത്തിച്ച demolition officer പതിറ്റാണ്ടുകള്‍ക്ക് ശേഷം പറഞ്ഞത് ഇങ്ങിനെ: "I didn't approve of Lawrence's methods of blowing things up. He wasn't trained as a sapper, but he liked to make as big a bang as possible. He wasted a great deal of explosives that had been brought at great trouble on camel backs for hundreds of miles. And on this occasion, he put everything he could lay his hands on under the bridge."
യുദ്ധശേഷം ഹിജാസ് റെയില്‍വേ സിറിയ, ജോര്‍ദാന്‍, സൗദി എന്നിങ്ങനെ മൂന്നു രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്നു. സിറിയയും ജോര്‍ദാനും കഴിയുന്ന ഇടങ്ങള്‍ നന്നാക്കി ഉപയോഗിച്ചു. എന്നാല്‍ സൗദി ഈ സംരംഭത്തെ തീരെ അവഗണിച്ചു. അവിടെ ബാക്കിയുള്ളത് ലോറന്‍സ് പണ്ട് തകര്‍ത്ത ഒന്ന് രണ്ട് എന്‍ജിനുകളുടെ അവശിഷ്ടങ്ങള്‍ മാത്രം.
കുത്തിപ്പിടിച്ചിരുന്നു തപ്പിയപ്പോള്‍ നെറ്റില്‍ നിന്ന് ഹിജാസ് റെയില്‍വേയുടെ ഏതാനും പടങ്ങള്‍ കിട്ടി. ചിലത് നഷ്ടഭാഗങ്ങളുടെ, മറ്റു ചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയുടെ.
അറുപതുകളില്‍ ഇത് പുനരുദ്ധരിക്കാന്‍ വിഫല ശ്രമം നടന്നു, ഇപ്പോഴിതാ, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിജാസ് റെയില്‍വേ വീണ്ടും പണിയുമെന്ന് സൌദിയും തുര്‍ക്കിയും പ്രഖ്യാപിച്ചിരിക്കുന്നു. നല്ല കാര്യം.
ഞാനും എന്‍റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനു ശ്രമം തുടങ്ങി. കഴിഞ്ഞ മാസം അവധി കിട്ടിയപ്പോള്‍ ഓക്സ്ഫട് സന്ദര്‍ശിച്ചു. ലോറന്‍സ് ജനിച്ചു വളര്‍ന്ന നഗരം.
Polstead റോഡില്‍, അദ്ദേഹം ഏറെക്കാലം ചിലവിട്ട രണ്ടാം നമ്പര്‍ വീടിന്‍റെ എതിര്‍വശത്ത് നിന്ന് ഫോട്ടോ എടുത്തു. പിന്നെ ചിന്തയില്‍ മുഴുകി റോഡരുകില്‍ നിന്നുപോയി. താരതമ്യേന വിജനമായ വഴിയില്‍ അപ്പോള്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടു. വീട്ടിലേക്കും നോക്കി മിഴിച്ചു നോക്കി നില്‍ക്കുന്ന എന്നെ അയാള്‍ സംശയത്തോടെ തുറിച്ചു നോക്കി. അയാള്‍ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ എന്ത് പറയുമായിരുന്നു? 'ഒരു ചരിത്രാന്വേഷി' എന്നോ? അയാള്‍ ഒന്നും ചോദിച്ചില്ല. ഞാന്‍ എന്‍റെ കഥകളുമായി പതുക്കെ നഗരത്തിലേക്കു തിരികെ നടന്നു.
No comments:
Post a Comment