Monday, 27 January 2014

ആ വഴിയുടെ കിഴക്കേ അറ്റത്തൊരു കൊട്ടാരവും സംഗീതവും

സത്യജിത് റേ ഇന്നുണ്ടായിരുന്നെങ്കില്‍? അദ്ദേഹം ബ്ലോഗ്‌ എഴുതുകയായിരുന്നെങ്കില്‍? അദ്ദേഹം എഴുതിയ ഒരു ബ്ലോഗ്‌ വായിക്കുന്ന രസം ലഭിച്ചു 'The Winding Route to a Music Room' എന്ന റേയുടെ പഴയ ലേഖനം വായിച്ചപ്പോള്‍. Jalsaghar എന്ന സിനിമക്കുവേണ്ടി ലൊക്കേഷന്‍ തേടി അലഞ്ഞ കഥ, ഒരു അപ്രതീക്ഷിത വഴിത്തിരിവിന്‍റെ കഥ. ആ സുഖം നിങ്ങളുമായി പങ്കു വെയ്ക്കാനായി വിവര്‍ത്തനം ചെയ്യുകയാണ്:

'നിങ്ങള്‍ നിമിതയില്‍ പോയിട്ടുണ്ടോ? അവിടുത്തെ കൊട്ടാരം കണ്ടിട്ടുണ്ടോ?' ഓല മേഞ്ഞ ആ ചായക്കടയിലിരുന്ന വൃദ്ധന്‍ ഞങ്ങളോട് ചോദിച്ചു. കല്‍ക്കട്ടയില്‍ നിന്ന് നൂറ്റന്‍പതു മൈല്‍ അകലെ ലാല്‍ഗോളയില്‍ ഒരു കൊട്ടാരം കണ്ടതിനു ശേഷം നിരാശരായി മടങ്ങുകയായിരുന്നു ഞങ്ങള്‍. ഒരു സിനിമക്കു വേണ്ടി ഇതേവരെ കണ്ടത് പതിമൂന്നു കൊട്ടാരങ്ങള്‍. അതിനാല്‍ ആകാംക്ഷ ഒട്ടുമില്ലാതെ ഞാന്‍ ചോദിച്ചു: 'നിമിത? അതെവിടെ?'
'ഇവിടെ നിന്ന് അറുപതു മൈല്‍ ദൂരെ. ഹൈവേയില്‍ ക്കൂടി ഇരുപത്തഞ്ചു മൈല്‍ പിന്നിടുമ്പോള്‍ വഴി തിരിയുന്നത് കാണാം. പദ്മാ നദിയുടെ കിഴക്കേ തീരത്ത് നിമിത. പടിഞ്ഞാറ് ഭാഗം പാക്കിസ്ഥാന്‍ (ഇപ്പോള്‍ ബംഗ്ലാദേശ്). അത് ചൌധുരിമാരുടെ കൊട്ടാരം. നിങ്ങള്‍ ഇത്രയും നേരം സംസാരിച്ചത് കേട്ടിരുന്നതിനാല്‍ ഇടപെട്ടെന്ന് മാത്രമേയുള്ളൂ. അത് കൂടി കണ്ടിട്ട് പദ്ധതി വേണ്ടെന്നു വച്ചാല്‍ മതി.'

വലതു കാല്‍ പ്ലാസ്റ്ററില്‍ ഇട്ടിരിക്കുംപോളായിരുന്നു താരാശങ്കര്‍ ബാനര്‍ജിയുടെ ചെറുകഥ സിനിമ ആക്കാന്‍ എനിക്ക് മോഹം ഉദിച്ചത്. സംഗീതത്തില്‍ ഭ്രമം കയറി സ്വത്തു മുഴുവന്‍ നശിപ്പിച്ച ജമീന്ദാരുടെ കഥ. അതിനായി ഒരു കൊട്ടാരം വേണം. സ്റ്റുഡിയോയില്‍ സെറ്റ് ഇടാനുള്ള പണം എനിക്കില്ലതാനും.

ഞങ്ങള്‍ നിമിതയില്‍ എത്തിയപ്പോള്‍ വൃദ്ധന്‍ പറഞ്ഞതിലും അപ്പുറം രസം. തകര്‍ന്നുകൊണ്ടിരിക്കുന്ന കൊട്ടാരം വാക്കുകളില്‍ വര്‍ണിക്കാന്‍ ആവില്ല. ചുറ്റുമുള്ള ഗ്രാമം മുഴുവനും പദ്മ കവര്‍ന്നെടുത്തിട്ട് അവിടെ വെറും മണല്‍കൂനകള്‍ മാത്രം അവശേഷിപ്പിച്ചിരിക്കുന്നു. ഗ്രീക്ക്‌ തൂണുകളും മറ്റുമായി ഈ നഷ്ട സൌഭാഗ്യങ്ങളുടെ കഥപറയാന്‍ വെമ്പി നില്‍ക്കുകയാണ്‌ നമ്മുടെ കൊട്ടാരം.

ഇപ്പോഴത്തെ ഉടമസ്ഥന്‍ ഗണേന്ദ്ര നാരായണ്‍ ചൌധുരിക്ക് എഴുപതു വയസ്സും ഒരു ബ്രിട്ടീഷ്‌ സ്ഥാനവും സ്വന്തമായുണ്ട്. പണ്ടൊരു നാള്‍ പ്രഭാത ഭക്ഷണം കഴിക്കവേ വീടിനു ചുറ്റുമുള്ള ഒരു ചതുരശ്ര മൈല്‍ കൃഷിയിടം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ കഥ അദ്ദേഹം പറഞ്ഞു. പദ്മയുടെ ആര്‍ത്തി കുപ്രസിദ്ധമാണല്ലോ.

'ഇനി അത് ആവര്‍ത്തിക്കില്ല എന്നുണ്ടോ?' എനിക്ക് ജിജ്ഞാസയായി

'മഴക്കൊപ്പം അത് പ്രതീക്ഷിക്കണമല്ലോ'

'എന്നിട്ടെന്തേ മാറിത്താമാസിക്കാത്തത്?' ഞാന്‍ ചോദിച്ചു

'വീടുമാറില്ല, ഈ കെട്ടിടത്തോടൊപ്പം ഞങ്ങളും തീരും': മറുപടി.

ഞങ്ങളുടെ ഭാവനയിലെ കൊട്ടാരം തന്നെയായിരുന്നു ഇത്, സംഗീത മുറി ഒഴിച്ച്. കഥയില്‍ പറഞ്ഞിരിക്കുന്ന അത്രയും വലുതല്ല ഇത്. നിമിതയിലെ കൊട്ടാരത്തില്‍ സംഗീത സദസ്സുകള്‍ നടത്താന്‍ മാത്രമായി ഈ മുറി പണി കഴിപ്പിച്ചത് തന്‍റെ അമ്മാവന്‍ ഉപേന്ദ്ര നാരായണ്‍ ചൌധുരി ആയിരുന്നെന്ന് ഉടമസ്ഥന്‍റെ വിവരണം. നിമിതയിലെ സംഗീത മുറിയില്‍ എന്‍റെ ഭാവനയിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയാത്തതിനാല്‍ ആ ഭാഗം മാത്രം വിശാലമായ സെറ്റ് ഇട്ട് സ്റ്റുഡിയോയില്‍ കാര്യം കഴിക്കാന്‍ തീരുമാനിച്ചു. കഥയിലെ കൊട്ടാരത്തിനെ അപേക്ഷിച്ച് രണ്ടു കുറവുകള്‍ കൂടി ഈ കൊട്ടാരത്തിന് ഉണ്ട്. വെള്ളക്കുതിരയും ആനയും ഇവിടില്ല. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആന ഉണ്ടായിരുന്നതായി ചൌധുരി പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ പിന്നീട് ഒരു രാജാവിന്‍റെ പക്കല്‍ നിന്ന് ഒരാനയെ കടം വാങ്ങി, 165 മൈല്‍ നടത്തിച്ച്, അഞ്ചു നദികളും നീന്തിക്കടത്തി നിമിതയില്‍ എത്തിച്ചു. വെള്ളക്കുതിരയെ കിട്ടിയത് കല്‍ക്കട്ടയിലെ ഒരു രാജ കുടുംബാംഗത്തിന്‍റെ കുതിരാലയത്തില്‍ നിന്നായിരുന്നു. അദ്ദേഹത്തിന് അതിനെ പോറ്റാന്‍ കഴിയാത്തത്ര ദാരിദ്രം ആയിരുന്നതിനാല്‍ ഇരുന്നൂറു രൂപയ്ക്ക് ഞങ്ങള്‍ക്ക് വില്‍ക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

നിമിതയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ ഞാന്‍ കഥാകൃത്തിനെ ഫോണില്‍ വിളിച്ചു. ലൊക്കേഷന്‍ തപ്പി നടന്ന കഥകള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു.
'അവസാനം ഞങ്ങള്‍ ഞങ്ങളുടെ സ്ഥലം കണ്ടെത്തി' ഞാന്‍ പറഞ്ഞു

'ഉവ്വോ, എവിടെ?'

'നിമിത എന്നൊരു ഓണം കേറാ മൂലയില്‍'

'നിമിത!' താരാശങ്കര്‍ ബാനര്‍ജിയുടെ ശബ്ദത്തില്‍ തിരിച്ചറിവിന്‍റെ ഒരു വെള്ളിടി മുഴങ്ങിയോ? 'നിങ്ങള്‍ കണ്ടത് ചൌധരിയുടെ കൊട്ടാരം ആവില്ലല്ലോ?' അദ്ദേഹം തിരക്കി.

'അതു തന്നെയാണിടം' - ഞാന്‍.

'ഇതെങ്ങിനെ സംഭവിച്ചു? ഞാന്‍ നിമിതയില്‍ പോയിട്ടില്ല. ബംഗാളിലെ ജമീന്ദാര്‍മാരുടെ ചരിത്രത്തില്‍ അവിടെ ഉണ്ടായിരുന്ന ഉപേന്ദ്ര നാരായണ്‍ ചൌധുരി യെപ്പറ്റി ഞാന്‍ പണ്ടൊരിക്കല്‍ വായിച്ചിരുന്നു. ആ മനുഷ്യനെ മാതൃകയാക്കിയാണ് ഞാന്‍ എന്‍റെ കഥയിലെ സംഗീത സ്നേഹിയായ രാജാവിനെ സൃഷ്ടിച്ചത്!'

- Sathyajit Ray,
'The Winding Route to a Music Room', 1963
Our Films, Their Films (pages 44-47)

No comments:

Post a Comment